
പഞ്ചാബിൽ വോട്ടെടുപ്പ് തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് മുൻ ആം ആദ്മി നേതാവും, കവിയുമായ കുമാർ വിശ്വാസ്, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാവുമായ അരവിന്ദ് കെജ്രിവാളിനുമേൽ ഖാലിസ്ഥാൻ ബന്ധം ആരോപിച്ചുകൊണ്ടുള്ള പ്രസ്താവനകളുമായി രംഗത്തു വന്നിരുന്നു. തന്നോട് വ്യക്തിപരമായി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു എന്നും പറഞ്ഞുകൊണ്ട് കുമാർ വിശ്വാസ് പറഞ്ഞ ആ കാര്യങ്ങൾ പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പോളിങ്ങിൽ വോട്ടർമാരുടെ തീരുമാനങ്ങളെ നിർണായകമായി സ്വാധീനിക്കാൻ പോന്നതായിരുന്നു. "ഞാൻ ഒന്നുകിൽ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകും, അല്ലെങ്കിൽ ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയാകും" എന്ന് കെജ്‌രിവാൾ പറഞ്ഞു എന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എന്ന പോലെ ഈ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടിക്ക് ഖാലിസ്ഥാന്റെ പിന്തുണ ഉണ്ടായിരുന്നു എന്നും വിശ്വാസ് പറഞ്ഞു. വിഘടനവാദത്തിന്റെ വിത്തുകളാണ് പഞ്ചാബിൽ കെജ്‌രിവാൾ വിതയ്ക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആക്ഷേപിച്ചിരുന്നു. ഈ ആക്ഷേപങ്ങൾ ബിജെപിയുടെ വക്താവായ കുമാർ മാളവ്യ അടക്കമുള്ളവർ പങ്കുവെച്ചതും വൈറലായിരുന്നു.
എന്നാൽ ഈ ആക്ഷേപങ്ങൾ പൂർണമായും തള്ളിയ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചത് തന്നെ ഒരു ഭീകരവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റുചെയ്യണം എന്നായിരുന്നു. താനൊരു ഭീകരവാദി ആണെങ്കിൽ ലോകത്തിലെ ഏറ്റവും സൗമ്യനായ ഭീകരവാദി താനാവും എന്നും അദ്ദേഹം പറഞ്ഞു. കാരണം, സ്‌കൂളുകൾ ഉണ്ടാക്കുന്ന, മൊഹല്ല ക്ലിനിക്കുകൾ നടത്തുന്ന, അഴിമതി തുടച്ചുനീക്കാൻ പ്രയത്നിക്കുന്ന, വികസനത്തിനുവേണ്ടി പ്രയത്നിക്കുന്ന ആദ്യത്തെ ഭീകരവാദി താനാവും എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
ചുരുക്കത്തിൽ, പഞ്ചാബിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന ഫല സൂചനകൾ വെച്ച് പഞ്ചാബിൽ സീറ്റുകളുടെ എന്നതിൽ കൃത്യമായ മുന്നേറ്റം നടത്താൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട്, കെജ്‌രിവാളിനെ ഖാലിസ്ഥാൻ വിഘടന വാദവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ബിജെപിയുടെ ഈ തന്ത്രം ദയനീയമായി പാളി എന്ന് വേണം അനുമാനിക്കാൻ.