നിയമസഭ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി; ബിജെപിയുടെ രാജ്യസഭ സ്വപ്നത്തിന് മങ്ങല്‍

By Web TeamFirst Published Oct 25, 2019, 11:44 AM IST
Highlights

നിലവില്‍ രാജ്യസഭയില്‍ 85 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. കോണ്‍ഗ്രസിന് 45 അംഗങ്ങളും. മറ്റ് സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികള്‍ പങ്കിടുന്നു. രാജ്യസഭയില്‍ ബിജെപിക്ക് താല്‍പര്യമുള്ള പല ബില്ലുകളും പാസാക്കിയെടുക്കാന്‍ ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയായിരുന്നു. 

ദില്ലി: ലോക്സഭക്ക് പുറമെ, രാജ്യസഭയിലും ഭൂരിപക്ഷം നേടാമെന്ന ബിജെപി നീക്കങ്ങള്‍ക്ക് തിരിച്ചടി. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനമാണ് ബിജെപിക്ക് തിരിച്ചടിയായത്. 2020 നവംബറോടെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ, മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പ്രകടനം കോണ്‍ഗ്രസിന് നേട്ടമാകും. 

ഹരിയാനയില്‍ അഞ്ച് രാജ്യസഭ സീറ്റുകളാണ് ഉള്ളത്. 2020, 2022 വര്‍ഷങ്ങളില്‍ ഓരോ ഒഴിവ് വരും. മഹാരാഷ്ട്രയില്‍ 19 രാജ്യസഭ സീറ്റുകളില്‍ 2020ല്‍ ഏഴെണ്ണത്തിലാണ് ഒഴിവ് വരുന്നത്. 2022ല്‍ ആറെണ്ണത്തിലും ഒഴിവ് വരും. രണ്ട് വര്‍ഷത്തിനുള്ളില്‍ വരുന്ന 13 ഒഴിവുകളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ബിജെപി-ശിവസേന സഖ്യത്തിന് ലഭിക്കുക. ബാക്കി ആറെണ്ണം കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനും ലഭിക്കും. നിലവില്‍ 11 രാജ്യസഭ എംപിമാരാണ് മഹാരാഷ്ട്രയില്‍നിന്ന് ബിജെപിക്ക് ഉള്ളത്. ഹരിയാനയില്‍ നിലവില്‍ ഒരു അംഗമാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിനുള്ളത്. നിയമസഭയില്‍ സീറ്റ് കുറഞ്ഞതോടെ ഹരിയാനയില്‍ നിന്ന് കൂടുതല്‍ രാജ്യസഭ എംപിമാരെ അയക്കാമെന്ന ബിജെപി മോഹം നടക്കില്ല.

2020ല്‍ ഹരിയാനയില്‍നിന്ന് ഒരാളെയും മഹാരാഷ്ട്രയില്‍നിന്ന് നാല് അംഗങ്ങളെയുമാണ് ബിജെപി സഖ്യത്തിന് രാജ്യസഭയില്‍ എത്തിക്കാനാകുക. മഹാരാഷ്ട്രയില്‍നിന്ന് രണ്ട് പേരെയും ഹരിയാനയില്‍നിന്ന് ഒരാളെയും കോണ്‍ഗ്രസ് സഖ്യത്തിനും രാജ്യസഭയില്‍ എത്തിക്കാം. നിലവില്‍ രാജ്യസഭയില്‍ 85 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. കോണ്‍ഗ്രസിന് 45 അംഗങ്ങളും. മറ്റ് സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികള്‍ പങ്കിടുന്നു.

രാജ്യസഭയില്‍ ബിജെപിക്ക് താല്‍പര്യമുള്ള പല ബില്ലുകളും പാസാക്കിയെടുക്കാന്‍ ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരമാവധി എംഎല്‍എമാരെ ജയിപ്പിച്ച് 2020ല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാക്കാമെന്നായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍, നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവര്‍ക്ക് അനുകൂലമല്ല. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഇനി ബിജെപിയുടെ പ്രതീക്ഷകള്‍. 

click me!