വട്ടിയൂർക്കാവിലെ തോല്‍വി: ജാതി പറഞ്ഞ് കടകംപള്ളി വോട്ട് പിടിച്ചു; ആർഎസ്എസ് വോട്ട് എല്‍ഡിഎഫിന് മറിച്ചെന്നും മുരളീധരൻ

By Web TeamFirst Published Oct 25, 2019, 11:15 AM IST
Highlights

തെരഞ്ഞെടുപ്പ് നേരിടുന്നതിൽ യുഡിഎഫിന് വീഴ്ച പറ്റിയെന്ന് മുരളീധരൻ. സംഘടനാതലത്തിൽ കോൺഗ്രസിന് പ്രശ്നങ്ങളുണ്ടായി. പഴി ആരുടെയും തലയിൽ കെട്ടി വയ്ക്കാനില്ലെന്നും കെ മുരളീധരൻ

കോഴിക്കോട്: വട്ടിയൂ‍ർക്കാവിൽ ആ‍ർഎസ്എസ് എൽഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി കെ മുരളീധരൻ. ആർഎസ്എസുകാർ സംഘടിതമായി വോട്ട് മറിച്ചതാണ് വി കെ പ്രശാന്തിന്റെ ജയത്തിന് കാരണമെന്നും ജാതി പറഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ സിപിഎം വട്ടിയൂർക്കാവിൽ വോട്ട് പിടിച്ചുവെന്നും മുരളീധരൻ പറഞ്ഞു. ഇടതു പക്ഷം എൻഎസ്എസിനെ തള്ളി ആർഎസ്എസിനെ സ്വീകരിച്ചതിന്റെ ഫലം ആണ് തെര‌ഞ്ഞെടുപ്പിൽ ഉണ്ടായതെന്നും മുരളീധരൻ ആരോപിച്ചു.

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻ കുമാർ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് മണ്ഡലത്തിൽ വ്യാപകമായ വോട്ടുമറിക്കൽ നടന്നുവെന്ന ആരോപണവുമായി മുരളീധരൻ രംഗത്തെത്തിയത്. എംഎൽഎമാരെ എംപിമാരാക്കിയതിലുള്ള ജനങ്ങളുടെ എതിർപ്പ് തെരഞ്ഞെടുപ്പിൽ പ്രകടമായിട്ടുണ്ട്. എന്നാൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചില്ല.

Read More: സിപിഎമ്മിന് പ്രശാന്ത് സമ്മാനിച്ച അഭിമാനം ചില്ലറയല്ല; പാര്‍ട്ടി ആസ്ഥാനമടങ്ങുന്ന മണ്ഡലത്തിലെ ' ആ നാണക്കേട് ഇനിയില്ല

അതേ സമയം തെരഞ്ഞെടുപ്പ് നേരിടുന്നതിൽ യു‍ഡിഎഫിന് വീഴ്ചയുണ്ടായെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സംഘടനാതലത്തിൽ പ്രശ്നങ്ങളുണ്ടായി.എന്നാൽ അതിന്റെ കുറ്റം ആരുടെയും തലയിൽ കെട്ടിവയ്ക്കാനില്ല. സംഘടനാതലത്തിൽ ഇതിനാവശ്യമായ അഴിച്ചുപണി വേണം. വരും തെരഞ്ഞെടുപ്പുകളിൽ ആവശ്യമായ തിരുത്തൽ വരുത്തുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർത്ഥിയായി പീതാംബരകുറുപ്പിന് പിന്തുണ നൽകിയിരുന്നെങ്കിലും പിന്നീട് നേതൃത്വം ഇടപെട്ടായിരുന്നു മോഹൻ കുമാറിനെ വട്ടിയൂർക്കാവിൽ യു‍ഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. പാർട്ടിയ്ക്ക് വീഴ്ച ഉണ്ടായെന്ന് വിമർശിച്ചെങ്കിലും ഈ വിഷയം പരാമർശിക്കാതെ ആയിരുന്നു മുരളീധരന്റെ പ്രതികരണം.

സിപിഎമ്മിന്റെ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനമാണ് മുരളീധരൻ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വി കെ പ്രശാന്തിനെ മേയർ ബ്രോയാക്കി പ്രചാരണം നടത്തുകയായിരുന്നുവെന്നതാണ് പ്രധാന ആരോപണം.

Read More: നായർ വോട്ട് ബാങ്കിൽ നിന്ന് സുകുമാരൻ നായരിലേക്ക് 'ശരി'ക്കും എത്രയാണ് ദൂരം?

കഴിഞ്ഞ തവണ ഇതിലും മികച്ച രീതിയിൽ പ്രളയദുരിതാശ്വാസം നടന്നിരുന്നു. എന്നാൽ ഇത്തവണ മേയർ ബ്രോ എന്ന കഥയുണ്ടാക്കി ഇടത് ക്യാമ്പ് പ്രവർത്തനങ്ങളെ പൊലീപ്പിക്കുകയാണ് ഉണ്ടായത്. ആർഎസ്എസ് വോട്ടുകൾ മറിച്ചത് കൊണ്ട് മാത്രമാണ് യുഡിഎഫിന് തോൽവി പറ്റിയതെന്നും മുരളീധരൻ പറഞ്ഞു.

Read More: മുരളീധരന്‍റെ ബൂത്തിലും വിജയം നേടിയ 'മേയര്‍ തരംഗം'; എന്‍എസ്എസിന് കിട്ടിയതും കനത്ത പ്രഹരം

ജാതി രാഷ്ട്രീയം ചർച്ചയായ വട്ടിയൂർക്കാവിൽ എല്ലാ സമവാക്യങ്ങളും കാറ്റിൽപ്പറത്തിയാണ് എൽഡിഎഫ് ജയം നേടിയത്. എൻഎസ്എസ് മേഖലകളിലും മേയർ ബ്രോ തരംഗം ഉണ്ടായി. കെ.മുരളീധരന്‍റെ ബൂത്തിലും യുഡിഎഫ് സ്ഥാനാർത്ഥി പിന്നിൽ പോയ കാഴ്ചയാണ് ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. തോൽവിയിൽ അന്വേഷണം നടത്തണമെന്ന ആരോപണവുമായി യു‍ഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറും രംഗത്തെത്തിയിട്ടുണ്ട്.

click me!