എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ...?കണക്കുകള്‍ പറയുന്നത് ഇങ്ങനെ

By Web TeamFirst Published Oct 25, 2019, 10:42 AM IST
Highlights

മഹാരാഷ്ട്രയിലും ബിജെപി-ശിവസേന സഖ്യത്തിന്‍റെ വലിയ മുന്നേറ്റമാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. ടൈസ് നൗ നടത്തിയ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 230 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 48 സീറ്റിലൊതുങ്ങുമെന്നുമാണ് പ്രവചനം. 

ദില്ലി: എക്സിറ്റ് പോളുകളുടെ വിശ്വാസ്യതക്ക് വീണ്ടും മങ്ങല്‍. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് എക്സിറ്റ് പോളുകള്‍ എത്രത്തോളം വിശ്വസനീയമാണെന്ന ചോദ്യം വീണ്ടുമുയര്‍ന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, ഫലം വന്നപ്പോള്‍ ഹരിയാനയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടിയുമേറ്റു. 

ഹരിയാനയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേ മാത്രമാണ് പ്രവചിച്ചത്. മറ്റ് എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് 70 സീറ്റുകളാണ് പ്രവചിച്ചത്. മഹാരാഷ്ട്രയിലും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളാണ് ഏറെക്കുറെ ശരിയായത്. 

ഹരിയാനയില്‍ ഇന്ത്യ ന്യൂസ്-പോള്‍സ്റ്റാര്‍ നടത്തിയ സര്‍വേയില്‍ 75-80 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് വെറും 9-12 സീറ്റുമാണ് സര്‍വേ പ്രവചിച്ചത്. ന്യൂസ് എക്സ് നടത്തിയ എക്സിറ്റ് പോളിലും സമാന ഫലമാണ് പ്രവചിക്കുന്നത്. ഹരിയാനയില്‍ മിക്ക എക്സിറ്റ് പോളുകളും ബിജെപിക്ക് 70ന് മുകളില്‍ സീറ്റുകള്‍ പ്രവചിച്ചു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും നേടാനായില്ല. 40 സീറ്റ് മാത്രമാണ് ബിജെപി നേടിയത്. ഏഴ് മന്ത്രിമാര്‍ തോല്‍ക്കുകയും ചെയ്തു. അതേസമയം, എക്സിറ്റ് പോളുകള്‍ 10 സീറ്റ് പോലും പ്രവചിക്കാത്ത കോണ്‍ഗ്രസ് 31 സീറ്റ് നേടി. എക്സിറ്റ് പോളുകള്‍ കൈയൊഴിഞ്ഞ ജെജെപി 10 സീറ്റുകളും സ്വന്തമാക്കി.

മഹാരാഷ്ട്രയിലും ബിജെപി-ശിവസേന സഖ്യത്തിന്‍റെ വലിയ മുന്നേറ്റമാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. ടൈസ് നൗ നടത്തിയ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 230 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 48 സീറ്റിലൊതുങ്ങുമെന്നുമാണ് പ്രവചനം. മറ്റ് പാര്‍ട്ടികള്‍ 10 സീറ്റിലൊതുങ്ങും. സിഎന്‍എന്‍ ന്യൂസ് 18-ഇപ്സോസ് എക്സിറ്റ് പോളിലും ബിജെപി-സേന സഖ്യത്തിന് തന്നെയാണ് മുന്‍ തൂക്കം.

ബിജെപി-സേന സഖ്യം 243 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം 41ല്‍ ഒതുങ്ങുമെന്നായിരുന്നു പ്രവചനം. ന്യൂസ് എക്സ്-പോള്‍ സ്റ്റാര്‍ നടത്തിയ എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യം 188-200 സീറ്റുകളും ടിവി9 മറാത്തി-സിസെറോ എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യം 197 സീറ്റുകളും നേടുമെന്നായിരുന്നു പ്രവചനം. 

മഹാരാഷ്ട്രയിലും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയും നടത്തിയ എക്സിറ്റ് പോള്‍ മാത്രമാണ് ഏകദേശം ശരിയായത്. 166-194 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റ് നേടുമെന്നും പ്രവചിച്ചു. അതേസമയം, എക്സിറ്റ് പോള്‍ പ്രവചനത്തെ എല്ലാം പിന്തള്ളിയാണ് യഥാര്‍ത്ഥ ഫലം പുറത്തുവന്നത്. ബിജെപി-ശിവസേന 162 സീറ്റുകള്‍ മാത്രമാണ് നേടിയത്. 220 പ്രതീക്ഷ നല്‍കാതിരുന്ന എന്‍സിപി-കോണ്‍ഗ്രസ് സഖ്യം 98 സീറ്റുകള്‍ നേടി എല്ലാവരെയും ഞെട്ടിച്ചു. 

click me!