ജോയ്‌സ് ജോർജിന്‍റെ കുടുംബം ആദിവാസികളെ വഞ്ചിച്ചു: ഇടുക്കി മുൻ ഡിസിസി അധ്യക്ഷൻ റോയ് കെ പൗലോസ്

By Web TeamFirst Published Feb 13, 2019, 5:32 PM IST
Highlights

ജോയ്‌സ് ജോർജിന്‍റെ കുടുംബം ആദിവാസികളെ വഞ്ചിച്ചത് കോടതിക്ക് വ്യക്തമായത് കൊണ്ടാണ് 24 ഏക്കറിന്‍റെ പട്ടയം റദ്ദാക്കിയതെന്നും റോയ് കെ പൗലോസ്

ഇടുക്കി: ഇടുക്കി  എം പി ജോയ്‌സ് ജോർജിന്‍റെ കുടുംബം ആദിവാസികളെ വഞ്ചിച്ചാണ്  കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി കൈക്കലാക്കിയതെന്ന് ഇടുക്കി മുൻ ഡി സി സി അധ്യക്ഷൻ റോയ് കെ പൗലോസ്. അത് കോടതിക്ക് വ്യക്തമായത് കൊണ്ടാണ് 24 ഏക്കറിന്‍റെ പട്ടയം റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കസ്തൂരിരംഗൻ റിപ്പോർട്ട് പ്രചാരണ വിഷയമായ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലാണ് കൊട്ടക്കമ്പൂര്‍  ഭൂമി വിവാദം ഉയർന്ന് വരുന്നത്. ആരോപണങ്ങളെ ചെറുത്തതോടെ ഇടുക്കിയിൽ വിജയം ജോയ്സ് ജോർജിനൊപ്പം നിന്നു. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറവും കൊട്ടക്കമ്പൂര്‍  അമ്പത്തെട്ടാം ബ്ലോക്കിലെ ഭൂമി നിയമപരമായി നേടിയതാണെന്ന് തെളിയിക്കാൻ ജോയ്സിനായിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. 

ഭൂരേഖകളുമായി ഹാജരാകാൻ ദേവികുളത്തെ മാറി വന്ന മൂന്ന് സബ് കളക്ടർമാരും നിർദ്ദേശം നല്‍കിയിട്ടും ജോയ്സ് തയ്യാറായില്ല. 1971ലെ ഭൂനികുതി ചട്ടപ്രകാരം പതിച്ച് കിട്ടിയ 32 ഏക്കർ ഭൂമിയാണ് കൊട്ടക്കമ്പൂരില്‍ ജോയ്സിനും കുടുംബാംഗങ്ങൾക്കുമായുള്ളത്. എന്നാൽ, 1974 ഭൂസർവേയിൽ  അമ്പത്തെട്ടാം ബ്ലോക്ക് സർക്കാർ തരിശ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ആരോപങ്ങളെ തള്ളിക്കളയുന്നുവെന്നും നിലപാടിലാണ് ജോയ്സ് ജോ‍ർജ്. കൊട്ടക്കമ്പൂരിലെ പട്ടയ ഭൂമി തന്‍റെ പിതാവ് വിലകൊടുത്ത് വാങ്ങിയതാണെന്നുമാണ് ജോയ്സ് ജോ‍‍‍‍ർ‍ജ് പറയുന്നത്. 

തൊടുപുഴയിൽ നടന്ന പോർക്കളം പരിപാടിയിലാണ് റോയ് കെ പൗലോസിന്‍റെ പ്രതികരണം. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, കർഷക സംഘടനയായ കാഡ്സിനെ പ്രതിനിധീകരിച്ചു ആൻറണി കൺട്രിക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

click me!