മുന്നില്‍ നിന്ന് നയിച്ചത് ഭൂപീന്ദർ സിങ് ഹൂഡ; ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റേത് മിന്നും വിജയം

By Web TeamFirst Published Oct 24, 2019, 10:40 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോൽവി ഏറ്റുവാങ്ങിയതോടെ ഭൂപീന്ദർ സിങ് ഹൂഡയുടെ കാലം അവസാനിച്ചെന്ന് പാർടിയിൽ പലരും വിധിയെഴുതിയിരുന്നു. 

ദില്ലി: ഹരിയാന നിയമസഭാ തെര‍ഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ കേവല ഭുരിപക്ഷം നേടാനായില്ലെങ്കിലും കോൺഗ്രസിൻറേത് മിന്നും വിജയം തന്നെയാണ്. നിലവിലെ വിവരം അനുസരിച്ച് കോണ്‍ഗ്രസിന് 31 സീറ്റുകളും ബിജെപിക്ക് 40 സീറ്റുകളുമാണുള്ളത്. എക്സിറ്റ് പോള്‍ ഫലങ്ങളെയല്ലാം തള്ളി കഴിഞ്ഞ തവണ നേടിയതിന്‍റെ ഇരട്ടി സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 

ഒറ്റയ്ക്ക് പട നയിച്ച മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് അർഹതപ്പെട്ടതാണ് കോണ്‍ഗ്രസിന്‍റെ ഈ പ്രകടനത്തിൻറെ ക്രെഡിറ്റ്‌. ലോക്സഭ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോൽവി ഏറ്റുവാങ്ങിയതോടെ ഭൂപീന്ദർ സിങ് ഹൂഡയുടെ കാലം അവസാനിച്ചെന്ന് പാർടിയിൽ പലരും വിധിയെഴുതി. ഹൂഡയ്ക്കെതിരെ കലാപമുയർത്തി  മുൻ പിസിസി അധ്യക്ഷൻ അശോക് തൻവർ പാർട്ടി വിട്ടു. 

റോത്തക്കിൽ ഒറ്റയ്ക്ക് റാലി നടത്തി ശക്തി തെളിയിച്ച ഭുപേന്ദറിനു മുന്നിൽ മുട്ടു മടക്കി എന്ന വിമർശനം ഹൈക്കമാന്‍റിന് കേൾക്കേണ്ടി വന്നു. എന്നാല്‍  കഴിഞ്ഞ തവണ നേടിയതിന്‍റെ ഇരട്ടി സീറ്റ്‌ നേടിയാണ് ഭൂപീന്ദർ സിങ് ഹൂഡ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. റോത്തക്കിലെ കോൺഗ്രസ്‌ ക്യാമ്പ് ഓഫീസില്‍ പ്രവർത്തകരുടെ ആരവങ്ങള്‍ക്കിടയില്‍ ഇരുന്നാണ് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റ വാർത്തകൾ ഹൂഡ കണ്ടത്. 

നരേന്ദ്രമോഡിയും അമിത് ഷായും ഉൾപ്പെടുന്ന താര പ്രചാരകർ ഹരിയാന ഇളക്കി മറിച്ചിട്ടും മാന്ത്രിക സംഖ്യ നേടാതെ ബിജെപി കിതച്ചപ്പോഴാണ് കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് നയിച്ച ഹൂഡയുടെ വിജയം. രണ്ട് യോഗങ്ങളിൽ രാഹുൽ ഗാന്ധി എത്തിയത് ഒഴിച്ചാൽ തെരഞ്ഞെടുപ്പ് ഭൂപീന്ദർ സിംഗ്  ഹൂഡ ഒറ്റയ്ക്ക് തന്നെ ചുമലിലേറ്റി. നിയമസഭ തെരഞ്ഞെടുപ്പിലെ ഈ തിരിച്ചു വരവോടെ ഹരിയാന കോൺഗ്രസിലെ ഹൂഡയുടെ അപ്രമാദിത്വം കുറേക്കാലത്തേക്കു കൂടി ഹൈക്കമാന്‍റിന് അംഗീകരിച്ച് നല്‍കേണ്ടി വരും. 

click me!