പി.സി.ജോർജ് ജയിൽമോചിതനായി; കുടുക്കിയത് മുഖ്യമന്ത്രിയെന്ന് ജോർജ്, മറുപടി തൃക്കാക്കരയിൽ

Published : May 27, 2022, 07:42 PM IST
പി.സി.ജോർജ് ജയിൽമോചിതനായി; കുടുക്കിയത് മുഖ്യമന്ത്രിയെന്ന് ജോർജ്, മറുപടി തൃക്കാക്കരയിൽ

Synopsis

ജയിലിലായതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കളികളാണെന്ന് പി.സി.ജോർജ്, പ്രതിപക്ഷ നേതാവിന് രൂക്ഷ വിമർശനം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി.ജോർജ് ജയിലിൽ നിന്ന് പുറത്തിറങ്ങി. തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉത്തരവ് ഹാജരാക്കിയതോടെ വൈകീട്ട് 7 മണിയോടെ ജോ‍ർജിന്റെ ജയിൽമോചനത്തിന് വഴിയൊരുങ്ങി. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു. പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ച ശേഷം അദ്ദേഹം ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു.

'കുടുക്കിയത് മുഖ്യമന്ത്രി', പ്രതിപക്ഷ നേതാവിനും വിമർശനം

താൻ ജയിലിലായതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കളികളാണെന്ന് പി.സി.ജോർജ് ആരോപിച്ചു. തൃക്കാക്കര വച്ചാണ് മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്ക് അവിടെ വച്ച് മറുപടി നൽകുമെന്നും ജോർജ് പറഞ്ഞു. നല്ല മറുപടി കയ്യിലുണ്ടെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. സർക്കാരും പി.സി.ജോർജും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറ‌ഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, സമാന്യ ബോധവും വെളിവും ഉളളവർക്കേ മറുപടിയുള്ളൂ എന്നായിരുന്നു ജോർജിന്റെ മറുപടി.

'കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്'. കോടതിയുടെ നിർദേശങ്ങൾ അനുസരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. ഇതിനിടെ ജോർജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചു. 

പി.സി.ജോർജിന് ജാമ്യം

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജിന് ജാമ്യം ലഭിച്ചു. (PC Geogre). കർശന ഉപാധികളോടെയാണ് ഹൈക്കോടതിയിൽ നിന്നും പി.സി.ജോർജിന് ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് ജോർജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ  നിലപാടെടുത്തു. പി.സി.ജോർജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചു. വെണ്ണല ക്ഷേത്രത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് മുൻ‌കൂർ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

വിദ്വേഷപ്രസംഗ കേസിൽ പി.സി.ജോർജിന് കർശന ഉപാധികളോടെ ജാമ്യം
 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു