രാജസ്ഥാൻ വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്. പ്രബല സമുദായങ്ങൾ ബിജെപിയെ കൈവിടുമോ?

By Shibu KumarFirst Published Dec 2, 2018, 8:17 PM IST
Highlights

ഗുജ്ജർ, രാജ്പുത്ത് ,ദളിത് സമരങ്ങൾ നടന്ന സമയത്ത് അവർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് സർക്കാരിന് എതിരായ ജാതിരോഷം തണുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് . സർക്കാരിനെതിരെയുള്ള വിവിധ സമുദായങ്ങളുടെ വികാരം മുതലാക്കാൻ കോൺഗ്രസും പരമാവധി ശ്രമിക്കുന്നു. ഏതായാലും സാമുദായിക ശക്തികളുടെ പക്ഷം മാറൽ ഇത്തവണ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിവിലുമേറെ നിർണ്ണായകമാകും.

ജയ്പൂർ: വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പു ചിത്രത്തെ നിർണ്ണയിക്കുന്നതിൽ ജാതിസമവാക്യങ്ങൾക്ക് വലിയ പങ്കുണ്ട്. ജാതി സമവാക്യങ്ങൾ മാറി മറിയുന്നതും രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ നിർണ്ണായകമാകും. എക്കാലവും ഒപ്പമുണ്ടായിരുന്ന രാജ്പുത് സമുദായം പിണങ്ങി നില്ക്കുന്നതാണ് ബിജെപിയുടെ തലവേദന . പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ജാട്ട്, മീണ സമുദായങ്ങളുടെ ചാഞ്ചാട്ടം കോൺഗ്രസിനും വെല്ലുവിളിയാണ്.

ജനസംഘ കാലം മുതൽ രാജസ്ഥാനിൽ ബിജെപിയുടെ ഉറച്ച  വോട്ടുബാങ്കാണ് എട്ടു ശതമാനത്തോളം വരുന്ന രാജ്പുത്ത് സമുദായം. ആറ് കൊലപാതക കേസുകളിൽ പ്രതിയായിരുന്ന ആനന്ദ് പാൽ സിംഗ് രാവണ രാജ്പുത്ത് സമുദായ അംഗത്തെ കഴിഞ്ഞ വർഷം പൊലീസ് വെടിവച്ചു കൊന്നതാണ് സർക്കാരിനോട് ഈ സമുദായത്തിനുള്ള  എതിർപ്പിനുള്ള ഒരു കാരണം. അഞ്ച് ജില്ലകളിലെ തെരഞ്ഞെടുപ്പിൽ രാജ്പുത് സമുദായത്തിന്‍റെ സ്വാധീനം പ്രതിഫലിക്കുമെന്ന് രാവണ രാജ്പുത് മഹാസഭ പ്രസിഡന്‍റ് വീരേന്ദ്ര സിംഗ് രാവണ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്‍റെ മകൻ മാനവേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ  ചേർന്നതും രാജ്പുത് വോട്ട് തങ്ങൾക്ക് അനുകൂലമാക്കുമെന്ന് കോൺഗ്രസ് കരുതുന്നു . പരമ്പരാഗതമായി രാജ്പുത്തിന്‍റെ എതിർ ചേരിയിലായ ജാട്ടുകൾ ഇതോടെ കോൺഗ്രസിനെ കൈവിടുമോ എന്നതും പ്രധാന ചോദ്യമാണ്. രാജസ്ഥാൻ ജനസംഖ്യയുടെ 15 ശതമാനത്തോളം ജാട്ടുകളാണ്.

ബിജെപി വിട്ട ഹനുമാൻ ബനിവാൽ എന്ന ജാട്ട് നേതാവ് പുതിയ പാർട്ടിയുണ്ടാക്കിയത് ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ തലവേദനയാകും. പ്രത്യേക സംവരണം എന്ന ആവശ്യവുമായി പ്രക്ഷോഭത്തിനിറങ്ങിയ ഗുജജറുകൾ അതു നടപ്പായി കിട്ടാത്തതിൽ നിരാശരാണ്. ഇതോടെ ഗുജ്ജറുകളുടെ എതിർ ചേരിയിലുള്ളവരും കോൺഗ്രസിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്നവരുമായ   മീണ സമുദായത്തെ ഒപ്പം കൂട്ടാനാണ് ബിജെപിയുടെ ശ്രമം.

ഗുജ്ജർ, രാജ്പുത്ത് ,ദളിത് സമരങ്ങൾ നടന്ന സമയത്ത് അവർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് സർക്കാരിന് എതിരായ ജാതിരോഷം തണുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സർക്കാരിന് എതിരായി വിവിധ സമുദായങ്ങൾക്കുള്ള വികാരം മുതലാക്കാൻ കോൺഗ്രസും പരമാവധി ശ്രമിക്കുന്നു. ഏതായാലും സാമുദായിക ശക്തികളുടെ പക്ഷം മാറൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിവിലുമേറെ നിർണ്ണായകമാകും.

click me!