പ്രിയങ്കയുടെ ലക്നൗ റാലിയിൽ വൻ പങ്കാളിത്തം; വഴിവക്കിൽ കാത്തുനിന്നത് പതിനായിരങ്ങൾ

By Web TeamFirst Published Feb 11, 2019, 6:42 PM IST
Highlights

വിമാനത്താവളം മുതൽ പിസിസി ആസ്ഥാനമായ നെഹ്റു ഭവൻ വരെ വഴിയിലുടനീളം പതിനായിരക്കണക്കിന് പ്രവർത്തകർ കാത്തുനിന്നു. നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി.


ലക്നൗ: പ്രിയങ്കാ ഗാന്ധി വാധ്രയുടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ആദ്യമായി നടത്തിയ റോഡ് ഷോയ്ക്ക് വൻ ജന പങ്കാളിത്തം. ഇന്ദിരയുടെ വരവെന്നാണ് പ്രിയങ്കയുടെ റാലിയെ ഉത്തർ പ്രദേശിലെ കോണ്‍ഗ്രസ് പ്രവർത്തകർ വിശേഷിപ്പിച്ചത്. നൃത്തം വച്ചും ജയ് വിളിച്ചും പ്രവർത്തകർ പ്രിയങ്ക ഗാന്ധിയെ വരവേറ്റു. ലക്നൗ നഗരം മുഴുവൻ പടുകൂറ്റൻ ഹോഡിംഗുകൾ ഉയർത്തിയും അലങ്കാരങ്ങൾ ചാർത്തിയുമാണ് പ്രവർത്തകർ പ്രിയങ്കക്ക് വരവേൽപ്പൊരുക്കിയത്.

പ്രിയങ്കയെ ദുര്‍ഗയായി അവതരിപ്പിക്കുന്ന ബോര്‍ഡുകള്‍ ലക്നൗ നഗരത്തിൽ പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. വിമാനത്താവളം മുതൽ പിസിസി ആസ്ഥാനമായ നെഹ്റു ഭവൻ വരെ വഴിയിലുടനീളം പതിനായിരക്കണക്കിന് പ്രവർത്തകർ കാത്തുനിന്നു. നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി. സംഘടനാപരമായി കോൺഗ്രസ് ഏറെ ദുർബലമായ ഉത്തർ പ്രദേശിൽ റാലിക്കായി വന്നെത്തിയ ജനക്കൂട്ടം പ്രിയങ്കയുടെ ജനപ്രിയതയ്ക്ക് തെളിവായി. കുറഞ്ഞ പക്ഷം ഉത്തർപ്രദേശിലെങ്കിലും ജനപ്രിയതയിൽ പ്രിയങ്ക രാഹുലിനെ പിന്തള്ളുമെന്നാണ് റാലി നൽകുന്ന സൂചന. പക്ഷേ അതിപ്പോൾ കോൺഗ്രസ് ആഗ്രഹിക്കുന്നുമുണ്ട്.

രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യക്കും ഒപ്പമാണ് പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തിയത്. റായ് ബെറേലിക്കും അമേത്തിക്കും പുറത്ത് ആദ്യമായാണ് പ്രിയങ്ക ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത്. മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും പ്രതിമകളിൽ  പ്രിയങ്കയും രാഹുലും ജ്യോതിരാദിത്യ സിന്ധ്യയും പുഷ്പാര്‍ച്ച നടത്തി. 2022ൽ ഉത്തര്‍ പ്രദേശിൽ കോണ്‍ഗ്രസ് ഭരണം തിരികെ കൊണ്ടു വരുമെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. കാവൽക്കാരൻ കള്ളനാണെന്ന പതിവ് മുദ്രാവാക്യം മോദിക്കെതിരെ രാഹുൽ ലക്നൗവിലും ഉയർത്തി.

42 ലോക്സഭാ സീറ്റുള്ള കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയാണ് കോൺഗ്രസ് പ്രിയങ്കക്ക് നൽകിയിരിക്കുന്നത്. പ്രിയങ്ക പ്രഭാവത്തിൽ കുറഞ്ഞത് 35 സീറ്റെങ്കിലും കോൺഗ്രസിന് കിട്ടുമെന്ന് നേതാക്കള്‍ ആശിക്കുന്നു. ഇപ്പോൾ രണ്ടു സീറ്റ് മാത്രമാണ് ഇവിടെനിന്ന് കോണ്‍ഗ്രസിനുള്ളത്. 38 സീറ്റുള്ള പടിഞ്ഞാറൻ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ്.

മുന്നോക്ക വോട്ടുകളെയും ന്യൂനപക്ഷ വോട്ടുകളെയും ഒരുപോലെ പാര്‍ട്ടിക്ക് അനുകൂലമാക്കാനാകും പ്രിയങ്കയുടെ ആദ്യശ്രമം. അടുത്ത മൂന്ന് ദിവസം പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷമാകും പ്രിയങ്കയും സിന്ധ്യയും പ്രചാരണ തന്ത്രം തീരുമാനിക്കുക. അതേസമയം പ്രിയങ്ക ഉത്തർ പ്രദേശിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം.

click me!