'എനിക്ക് മോദിയോട് വെറുപ്പില്ല, പക്ഷേ, മോദിക്കെതിരെ പോരാടും': രാഹുൽ

Published : Jan 25, 2019, 04:33 PM ISTUpdated : Jan 25, 2019, 05:12 PM IST
'എനിക്ക് മോദിയോട് വെറുപ്പില്ല, പക്ഷേ, മോദിക്കെതിരെ പോരാടും': രാഹുൽ

Synopsis

ബിജെപിയുടെ പരിഹാസവും ആർഎസ്എസ്സിന്‍റെ അധിക്ഷേപവുമായിരുന്നു തന്‍റെ ഏറ്റവും വലിയ സമ്മാനമെന്നും തിരിച്ചറിവെന്നും രാഹുൽ.

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ''അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാൻ ‌ഞാൻ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നു.'' രാഹുൽ പറഞ്ഞു. ഒഡിഷയിൽ നടന്ന 'ഭുവനേശ്വർ ഡയലോഗ്' എന്ന സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നാറ്'' രാഹുൽ പറഞ്ഞു. നേരത്തേ ലോക്സഭയിൽ വച്ച് മോദിയെ രാഹുൽ ആശ്ലേഷിച്ചത് ഏറെ ചർച്ചയായതാണ്. 

''എന്നെയും കോൺഗ്രസ് പാർട്ടിയെയും അദ്ദേഹം വെറുക്കുന്നുവെന്ന് എനിക്കറിയാം. അതാണ് ആർ പാർട്ടിയുടെ രീതിശാസ്ത്രം. പക്ഷേ ഞാൻ അങ്ങനെയല്ല. ഞങ്ങളുടെ പാർട്ടിയോ ഞാനോ ആരെയും വെറുക്കാറില്ല.'' രാഹുൽ വ്യക്തമാക്കി.

ബിജെപിയുടെ പരിഹാസവും ആർഎസ്എസ്സിന്‍റെ അധിക്ഷേപവുമായിരുന്നു തന്‍റെ ഏറ്റവും വലിയ സമ്മാനമെന്നും തിരിച്ചറിവെന്നും രാഹുൽ വ്യക്തമാക്കി. ആർഎസ്എസ്സാണിപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് ആരോപിച്ച രാഹുൽ രാജ്യത്തെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ആർഎസ്എസ് നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.

ലോക്സഭയിൽ മോദിയെ ആശ്ലേഷിച്ച ശേഷം തിരികെ നടന്ന് സീറ്റിലെത്തിയ ശേഷം രാഹുൽ തൊട്ടപ്പുറത്തുള്ള സീറ്റിലിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതും വിവാദമായിരുന്നു. 

PREV
click me!