​Goa Election 2022 ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും; അധികാരം ഉറപ്പിച്ചു, ഇന്ന് ​ഗവർണറെ കാണില്ല

Web Desk   | Asianet News
Published : Mar 10, 2022, 09:23 PM ISTUpdated : Mar 10, 2022, 09:24 PM IST
​Goa Election 2022 ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും; അധികാരം ഉറപ്പിച്ചു, ഇന്ന് ​ഗവർണറെ കാണില്ല

Synopsis

കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറവുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും രംഗത്തെത്തി. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനാൽ ഇന്ന് സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കില്ല.

പനാജി: ഗോവയിൽ (Goa)  തുടർച്ചയായ മൂന്നാം തവണയും ബിജെപി (BJP) അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറവുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും രംഗത്തെത്തി. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനാൽ ഇന്ന് സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കില്ല.

കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചും റിസോർട്ടിൽ പാർപ്പിച്ചും എംഎൽഎമാരെ സംരക്ഷിച്ച കോൺഗ്രസിന് ഇനിയൊന്നും ബാക്കിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടമെല്ലാം പ്രവചനങ്ങളിൽ മാത്രം ഒതുങ്ങി. കോൺഗ്രസിന്‍റെ പതിനൊന്നും സഖ്യത്തിലുള്ള ജിഎഫ്പിയുടെ ഒരു സീറ്റും ചേർത്താൽ 12 പേർ. മറുവശത്ത് ബിജെപി ഒറ്റയ്ക്ക് 20. ഫലമെല്ലാം വന്ന് തീരും മുൻപ് തന്നെ മൂന്ന് സ്വതന്ത്രർ പിന്തുണ അറിയിച്ചതോടെ 21 എന്ന മാന്ത്രിക സംഖ്യയും മറികടന്നു. പിന്തുണച്ച സ്വതന്ത്രരിൽ ഒരാൾ മൂന്ന് മാസം മുൻപ് വരെ സംസ്ഥാനത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്നു. 

അതേസമയം, ഗോവയിൽ പരീക്ഷണത്തിനിറങ്ങിയ മമത സംപൂജ്യയായി മടങ്ങി. ഒപ്പമുണ്ടായിരുന്ന എംജിപി ബിജെപിക്കൊപ്പം പോയി.  ആംആദ്മി  അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും രണ്ട് സീറ്റ് അവ‍ർക്കും കിട്ടി. പനാജിയിൽ മനോഹർ പരീക്കറിന്‍റെ മകൻ ഉത്പലും മാണ്ഡ്രം മണ്ഡലത്തിൽ വിമതനായിറങ്ങിയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും ബിജെപി സ്ഥാനാർഥികളോട് തോറ്റു. വാൽപോയ് മണ്ഡലത്തിൽ നിന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും പോരിമിൽ നിന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ദിവ്യയും ജയിച്ചതോടെ വടക്കൻ ഗോവയിൽ ബിജെപി കോട്ടയുടെ കരുത്ത് കൂട്ടി. 

പ്രതിപക്ഷത്തെ പാർട്ടികളെല്ലാം ചേർന്ന് വോട്ട് വിഭജിച്ച് കളഞ്ഞെന്നാണ് കോൺഗ്രസ് നേതാവ് പി. ചിദംബരം തോൽവിക്ക് കാരണം നിരത്തിയത്. അധികാരം കിട്ടുമെന്നായെങ്കിലും ബിജെപിയിൽ തർക്കങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. പ്രമോദ് സാവന്ദോ വിശ്വജിത്ത് റാണെയോ ആരാവും മുഖ്യമന്ത്രിയെന്നതാണ് തർക്കം.കത്തോലിക്കക്കാരനായ നിലേഷ് ഖബ്രാലിനെ പരിഗണിക്കാമെന്ന് ഒരു വിഭാഗം.  തീരുമാനം കേന്ദ്രത്തിന് വിട്ടതോടെ ഇന്ന് തന്നെ ഗവർണറെ കണ്ട് അധികാരത്തിന് അവകാശവാദമുന്നയിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. 

Read Also: 'ഇത് സന്തോഷത്തിന്റെ ദിനം, വോട്ടർമാർക്ക് അഭിനന്ദനം'; ബിജെപി വിജയാഘോഷത്തിൽ പ്രധാനമന്ത്രി

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു