Shashi Tharoor : പോസിറ്റീവ് അജണ്ട എവിടെ? ഇങ്ങനെ പോകാനാകില്ല, നേതൃത്വം നവീകരിക്കണം, മാറ്റം അനിവാര്യം: ശശി തരൂർ

Web Desk   | Asianet News
Published : Mar 10, 2022, 08:16 PM ISTUpdated : Mar 10, 2022, 09:05 PM IST
Shashi Tharoor : പോസിറ്റീവ് അജണ്ട എവിടെ? ഇങ്ങനെ പോകാനാകില്ല, നേതൃത്വം നവീകരിക്കണം, മാറ്റം അനിവാര്യം: ശശി തരൂർ

Synopsis

രാജ്യത്തെ പ്രചോദിപ്പിക്കാനാകുന്ന പോസിറ്റീവ് അജണ്ട ഉണ്ടാകേണ്ട സമയമാണെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ (Assembly Election Results 2022) സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിൽ കോൺഗ്രസ് (Congress) പാർട്ടിക്കുള്ളിൽ വിമ‍ർശനം ശക്തമാകുന്നു. പാർട്ടിയിലെ കലാപത്തിന് തിരികൊളുത്തി തിരുവനന്തപുരം എം പിയും മുതിർന്ന നേതാവുമായ ശശി തരൂർ (Shashi Tharoor) തന്നെ രംഗത്തെത്തി. പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്താണ് ശശി തരൂർ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസ് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് പാർട്ടിയിൽ വിശ്വസിക്കുന്നവർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പിലെ പരാജയമെന്ന് ശശി തരൂർ ചൂണ്ടികാട്ടി. രാജ്യത്തെ പ്രചോദിപ്പിക്കാനാകുന്ന പോസിറ്റീവ് അജണ്ട ഉണ്ടാകേണ്ട സമയമാണെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേതൃത്വം അടിമുടി മാറേണ്ട സമയമാണെന്ന് തന്നെയാണ് ശശി തരൂ‍ർ പരസ്യ വിമർശനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് തോൽവിയിലെ കോൺഗ്രസ് വിശദീകരണം

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്നായിരുന്നു കോൺ​ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചത്. പാർട്ടിയുടെ തോൽവി പാഠമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല (Randeep Singh Surjewala) പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോൽവി പരിശോധിക്കാൻ സോണിയ ഗാന്ധി (Sonia Ganshi) കോൺ​ഗ്രസ് പ്രവർത്തക സമിതി വിളിക്കും. അടിയന്തര പ്രവർത്തക സമിതി ഉടൻ ചേരും. പഞ്ചാബിൽ അമരീന്ദർ സിംഗ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. മാറ്റത്തിനായി ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തു എന്നും സുർജെവാല പറഞ്ഞു.

കോൺ​ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്?

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നീങ്ങുന്നത്. ഉത്തരാഖണ്ഡിലും ​ഗോവയിലും അധികാരത്തിൽ തിരിച്ചെത്താമെന്ന മോഹം പാളിയെന്ന് മാത്രമല്ല അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ പാർട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു. ഇന്ത്യയിൽ ഇനി കോൺ​ഗ്രസ് പാർട്ടി അധികാരത്തിൽ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്. രാജസ്ഥാനും ചത്തീസ്ഗഢും കഴിഞ്ഞാൽ മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി മുന്നണിസഖ്യത്തിൻ്റെ ഭാഗമായി അധികാരത്തിലുണ്ട്. ജാർഖണ്ഡ് മുക്തിമോർച്ചയുമായുള്ള സഖ്യത്തിൽ ജാർഖണ്ഡും ശിവസേന - എൻസിപി സഖ്യത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിലും, ഡിഎംകെ സഖ്യത്തിൽ തമിഴ്നാട്ടിലുമാണ് പാർട്ടിക്ക് അധികാരമുള്ളത്. 

പാർട്ടിക്ക്  ഇപ്പോൾ വന്നു നിൽക്കുന്ന  ഈ പരാജയത്തിൻ്റെ ഉത്തരവാദിത്തം പ്രധാനമായും ഗാന്ധികുടുംബത്തിന് തന്നെയാണ് എന്നതിൽ സംശയമില്ല. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികേന്ദ്രമായിട്ടും ഒന്നരപതിറ്റാണ്ടിലേറെയായി പാർട്ടി നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും കാണാൻ നേതൃത്വത്തിനായിട്ടില്ല. ഇപ്പോൾ അധികാരത്തിലുള്ള രാജസ്ഥാനിൽ  മുഖ്യമന്ത്രി അശോക് ഗെല്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കം രൂക്ഷമാണ്. മധ്യപ്രദേശിൽ കമൽനാഥുമായി ഇടഞ്ഞ ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായി. പാർട്ടി പ്രസിഡൻ്റ് സ്ഥാനം രാജിവച്ചെങ്കിലും രാഹുൽ തന്നെയാണ് ഇപ്പോഴും പാർട്ടിയുടെ അവസാനവാക്ക്. ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിക്കും യുപിയിൽ അഞ്ച് വർഷം പാർട്ടിയെ നയിച്ച പ്രിയങ്ക ഗാന്ധിക്കും നിലവിലെ പരാജയത്തിൽ  തുല്യ ഉത്തരവാദിത്തമുണ്ട്. യുപിയിലെ വലിയ പരാജയത്തോടെ പ്രിയങ്കയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്ന നിലയാണ്.

തോൽവിയിൽ നിന്ന് പഠിക്കുമെന്ന് രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തെക്കുറിച്ച്, തോൽവിയിൽ നിന്ന് പഠിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി (Rahul Gandhi) പ്രതികരിച്ചത്. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 'ജനവിധി വിനയപൂർവ്വം സ്വീകരിക്കുക. ജനവിധി നേടിയവർക്ക് ആശംസകൾ. കഠിനാധ്വാനത്തോടെയും  അർപ്പണബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി. ഞങ്ങൾ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു