2019-ൽ തിരുവനന്തപുരത്ത് തരൂരിനെതിരെ ആര് ഇറങ്ങും?

Published : Dec 07, 2018, 11:25 AM ISTUpdated : Dec 08, 2018, 03:19 PM IST
2019-ൽ  തിരുവനന്തപുരത്ത് തരൂരിനെതിരെ ആര് ഇറങ്ങും?

Synopsis

കഴിഞ്ഞ തവണ ശശി തരൂർ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000-ത്തോളം വോട്ടും. തിരുവനന്തപുരത്ത് ത്രികോണ മൽസരത്തിൽ ആർക്കും വിജയം അപ്രാപ്യമല്ലെന്ന് ചുരുക്കം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമോ? വിവാദങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കുമിടയിൽ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. അങ്കത്തട്ടിൽ ആരൊക്കെ? നാടകീയ നീക്കങ്ങൾക്കൊടുവിൽ സമവാക്യങ്ങൾ മാറുമോ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു, 'കളം പിടിക്കാൻ ആരൊക്കെ?'

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്ന ആശങ്കയിലാണ് സിപിഐ യും ബിജെപിയും. എന്നാല്‍ കോണ്‍ഗ്രസിന് മുന്നില്‍ നിലവിലെ എം പിയായ ശശി തരൂരിന്‍റേതല്ലാതെ മറ്റൊരു പേരില്ല. ശശി തരൂരിനെതിരെ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെ രംഗത്ത് ഇറക്കുന്ന കാര്യം സിപിഐ സജീവമായി പരിഗണിക്കുന്നുണ്ട്.

ബിജെപിയിൽ മുൻ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. മിസോറാമിൽ നിന്ന് ഗവർണർ പദവി ഉപേക്ഷിച്ച് കുമ്മനം തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ തിരികെ വരുമെന്നാണ് സൂചന. 

രണ്ട് തവണ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച ശശി തരൂർ ഇപ്പോൾ ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്‍റെ മുഖമാണ്. അടുത്ത തെര‍ഞ്ഞെടുപ്പിലും തരൂരിനെത്തന്നെയേ യുഡിഎഫ് ഇറക്കൂ.

കഴിഞ്ഞ തവണ ശശി തരൂർ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000ത്തോളം വോട്ടും. തിരുവനന്തപുരത്ത് ത്രികോണ മൽസരത്തിൽ ആർക്കും വിജയം അപ്രാപ്യമല്ലെന്ന് ചുരുക്കം. കഴിഞ്ഞ രണ്ട് തവണയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ദയനീയ പ്രകടനമാണ് ഇടതുമുന്നണി കാഴ്ചവച്ചത്. 2014-ൽ ബിജെപിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തുമായി. ദുർബല സ്ഥാനാർത്ഥിയെ നിർത്തുന്നു എന്ന പഴി മാറ്റാനാണ് സിപിഐ ഇത്തവണ ശ്രമിക്കുന്നത്.  

പക്ഷെ ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമായിട്ടില്ല. 2005-ൽ തിരുവനന്തപുരത്ത് നിന്ന് ജയിച്ച പന്ന്യൻ രവീന്ദ്രന് പക്ഷേ മത്സരിയ്ക്കാൻ താൽപര്യമില്ലെന്ന നിലപാടാണെന്നാണ് സൂചന. പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നമ്പി നാരായണൻ എന്നീ പേരുകൾ നേരത്തെ പറഞ്ഞു കേട്ടെങ്കിലും അതൊന്നും ഇപ്പോൾ പരിഗണനയിലില്ല. സീറ്റ് വെച്ച് മാറാൻ സിപിഎം താത്പര്യം പ്രകടിപ്പിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. അവശേഷിക്കുന്നത് പൊതുസ്ഥാനാർത്ഥി എന്ന സാധ്യതയാണ്. 

ശബരിമല വിവാദം അനുകൂല സാഹചര്യമൊരുക്കുന്ന മണ്ഡലങ്ങളിൽ ഒന്നായാണ് ബിജെപി തിരുവനന്തപുരത്തെ കാണുന്നത്. പക്ഷെ അവർക്കും ഉയർത്തിക്കാട്ടാൻ വ്യക്തമായ ഒരു പേരില്ല. ഗവർണർ പദവിയിൽ നിന്ന് തിരികെ കൊണ്ടുവന്ന് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മൽസരിപ്പിക്കണമെന്നതാണ് ആര്‍എസ്എസ് നിലപാട്. ഈ അഭിപ്രായത്തിന് തൽക്കാലം ഭൂരിപക്ഷ പിന്തുണയില്ല. രാജ്യസഭാ അംഗം സുരേഷ് ഗോപിയുടെ പേരും ചില കേന്ദ്രങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.‍ ച‍ർച്ച തുടങ്ങാൻ സമയമായില്ലെന്നാണ് പാർട്ടികൾ ഔദ്യോഗികമായി പറയുന്നതെങ്കിലും ശശി തരൂരിന് പകരം വയ്ക്കാൻ പേരൊന്നും ബിജെപിക്കും സിപിഐക്കും തൽക്കാലം ഇല്ലെന്നതാണ് വസ്തുത. 
 

PREV
click me!