Latest Videos

ഫെഡറൽ മുന്നണി രൂപീകരണ നീക്കങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

By Web TeamFirst Published Jan 30, 2019, 6:06 AM IST
Highlights

കാലാവധി തീരും മുമ്പേ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് ടിആർഎസ് നേടിയത് 89 സീറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കനുസരിച്ച് സംസ്ഥാനത്തെ പതിനഞ്ച് ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണ് ടിആർഎസ്

ഹൈദരാബാദ്: തൂക്കുസഭയെന്ന അഭിപ്രായസർവേകൾക്ക് പിന്നാലെ ഫെഡറൽ മുന്നണി രൂപീകരണ നീക്കങ്ങൾ സജീവമാക്കാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വൈ എസ് ആർ കോൺഗ്രസിനെ അടുപ്പിച്ച റാവു മായാവതി, അഖിലേഷ് യാദവ് എന്നിവരുമായി ചർച്ചക്ക് ഒരുങ്ങുകയാണ്. തെലങ്കാനയിൽ പതിനഞ്ച് സീറ്റ് വരെ ഉറപ്പിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് ടിആർഎസിന്‍റെ വിലയിരുത്തൽ.

അഞ്ച് നാൾ നീണ്ട ചണ്ഡിയാഗത്തിലായിരുന്നു കഴിഞ്ഞ വെളളിയാഴ്ച വരെ ചന്ദ്രശേഖര റാവു. തെരഞ്ഞെടുപ്പിനെ നേരിട്ട് വൻ ഭൂരിപക്ഷത്തിൽ ഡിസംബറിൽ അധികാരമേറ്റിട്ടും തെലങ്കാനയിൽ റാവുവിന് കീഴിൽ ഒരു മന്ത്രിസഭ ഇപ്പോഴുമില്ല. മന്ത്രിമാരെ അദ്ദേഹം തീരുമാനിച്ചിട്ടില്ല. യാഗത്തിന് ശേഷം ,ഫെബ്രുവരി പത്തിന് വാസന്ത പഞ്ചമി നാളിൽ പ്രഖ്യാപനമുണ്ടാകുമെന്ന് ഹൈദരാബാദിലെ വർത്തമാനം. നാളും നക്ഷത്രവും നോക്കി കെസിആർ കണക്കുകൂട്ടുന്ന ചിലത് കൂടിയുണ്ട്. ഫെഡറൽ മുന്നണി നീക്കങ്ങൾ അതിന്‍റെ തുടർച്ചയാണ്.

കാലാവധി തീരും മുമ്പേ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് ടിആർഎസ് നേടിയത് 89 സീറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കനുസരിച്ച് സംസ്ഥാനത്തെ പതിനഞ്ച് ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണ് ടിആർഎസ്. ഖമ്മം,മഹബൂബാബാദ് മണ്ഡലങ്ങളിൽ മാത്രം കോൺഗ്രസിന് ലീഡ്. അഭിപ്രായ സർവേകൾ ടിആർഎസും അസദ്ദുദ്ദീൻ ഒവൈസിയും ചേർന്ന് മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്ന് പ്രവചിക്കുന്നു.അങ്ങനെയെങ്കിൽ പതിനേഴ് സീറ്റുമായി നിർണായക ശക്തിയാകും ടിആർഎസ്. ആർക്കൊപ്പമായിരിക്കുമെന്ന് അവർ പറയുന്നില്ല.

മമതാ ബാനർജി,ദേവഗൗഡ,നവീൻ പട്നായിക്,നിതീഷ് കുമാർ, ജഗൻമോഹൻ റെഡ്ഡി എന്നിവരുമായി ചന്ദ്രശേഖര റാവു ചർച്ച നടത്തിക്കഴിഞ്ഞു. കോൺഗ്രസ്-ബിജെപി ഇതര കക്ഷികളിൽ ചന്ദ്രബാബു നായിഡു ഒഴികെയുളളവരുമായി കൂട്ടുകൂടാൻ കെസിആറിന് താത്പര്യമുണ്ട്. മായാവതി, അഖിലേഷ് എന്നിവരുമായി ഉടൻ ചർച്ചയുണ്ടാകും. 

എന്നാൽ പ്രധാനമന്ത്രിക്കസേര ഉന്നമിടുന്ന ഇവരെല്ലാം റാവുവിന് കൈ കൊടുക്കുമോ എന്ന് കണ്ടറിയണം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രം യഥാർത്ഥ രൂപത്തിലേക്ക് ഫെഡറൽ മുന്നണിയെ എത്തിക്കാനാണ് ടിആർഎസ് അധ്യക്ഷന്‍റെ ശ്രമങ്ങൾ.വിലപേശാൻ തക്ക സീറ്റ് തെലങ്കാനയിൽ കിട്ടിയാൽ കെസിആർ പുതുവഴി വെട്ടാനും ഇടയുണ്ട്. സർവേകൾ അതും പറയുന്നു.

click me!