അധിക സീറ്റ് സംബന്ധിച്ച് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് ബെന്നി ബെഹ്‍നാൻ

By Web TeamFirst Published Jan 29, 2019, 7:47 PM IST
Highlights

രാഹുൽ ഗാന്ധിയോട് മൂന്നാം സീറ്റ് ആവശ്യപ്പെട്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും കേരളാ കോൺഗ്രസിന് ഒരു സീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ടതായി കെ എം മാണിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രസിഡന്‍റ് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന യുഡിഎഫ് കൺവീനറുടെ പ്രതികരണം. 

കൊച്ചി: അധിക സീറ്റ് സംബന്ധിച്ച് രാഹുൽ ഗാന്ധി ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‍നാൻ. രാഹുൽ ഗാന്ധിയോട് മൂന്നാം സീറ്റ് ആവശ്യപ്പെട്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും കേരളാ കോൺഗ്രസിന് ഒരു സീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ടതായി കെ എം മാണിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രസിഡന്‍റ് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന യുഡിഎഫ് കൺവീനറുടെ പ്രതികരണം. സീറ്റ് വെട്ടിപ്പിടിക്കൽ യുഡിഎഫിന്‍റെ നയമല്ലെന്നും ബെന്നി ബെഹ്‍നാൻ കൂട്ടിച്ചേർത്തു.

അനൗപചാരിക കൂടിക്കാഴ്ച മാത്രമാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുകയെന്നും സീറ്റ് വിഭജനം ചർച്ചയാകില്ലെന്നും കോൺഗ്രസ് നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ചർച്ചക്ക് ശേഷം പുറത്തുവന്ന പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും പി ജെ ജോസഫും അധികസീറ്റ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. കേരളാ കോൺഗ്രസിന് രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന് ശക്തമായി ഉന്നയിച്ചെന്നും പി ജെ ജോസഫ് പറഞ്ഞു. ഏതൊക്കെ സീറ്റുകൾ വേണമെന്ന് ഉഭയകക്ഷി ചർച്ചയിൽ  അറിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. 

മുസ്ലീം ലീഗും കേരളാ കോൺഗ്രസും കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും സീറ്റ് വിഭജനം സംസ്ഥാന തലത്തിൽ ചർച്ച ചെയ്യാനായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. കേരളത്തിലെ നേതാക്കൾക്ക് അതിനുള്ള പക്വതയുണ്ടെന്നും രാഹുൽ ഗാന്ധി ചർച്ചക്കിടെ പറഞ്ഞു. 

click me!