ബിജെപിയും കോണ്‍ഗ്രസും വേണ്ട; മമതയുമായി ഇന്ന് ചന്ദ്രശേഖര റാവുവിന്‍റെ ചര്‍ച്ച

By Web TeamFirst Published Dec 24, 2018, 6:41 AM IST
Highlights

ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷവുമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾക്കായി നാല് ദിവസത്തെ യാത്രയാണ് റാവു നടത്തുന്നത്. ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും റാവുവും തമ്മിൽ ചർച്ച നടത്തിയിരുന്നു

കൊല്‍ക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇന്ന് കൊല്‍ക്കത്തയിലെത്തി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. ഫെഡറൽ മുന്നണി രൂപീകരണ ചർച്ചകൾക്കായാണ് കൂടിക്കാഴ്ച. ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷവുമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾക്കായി നാല് ദിവസത്തെ യാത്രയാണ് റാവു നടത്തുന്നത്.

ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും റാവുവും തമ്മിൽ ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ അഖിലേഷ് യാദവിനെയും മായാവതിയെയും കാണാനാണ് റാവുവിന്‍റെ തീരുമാനം. തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ശേഷമാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

സെപ്റ്റംബർ ആറിനു സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട കെസിആര്‍ 119 അംഗ സഭയില്‍ 88 സീറ്റിലും വിജയം നേടിയാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ തകര്‍ത്ത് നേടിയ ഈ വിജയം കെസിആറിനെ കൂടുതല്‍ ശക്തനാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും അതിലെ വിള്ളലുകള്‍ പ്രകടമാണ്. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ മമത ബാനര്‍ജിയും അഖിലേഷ് യാദവുവും അടക്കമുള്ളവര്‍ തുറന്ന എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. 

click me!