വിധിയെഴുത്ത് നാളെ: മിസോറാമിലെ അവസാനവട്ട അടിയൊഴുക്കുകളിൽ ആശങ്ക, സഖ്യനീക്കങ്ങളുമായി കോണ്‍ഗ്രസ്

By Web TeamFirst Published Nov 26, 2018, 10:59 PM IST
Highlights

മിസോറാമിൽ ഭരണതുടർച്ച തേടിയുള്ള പേരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ ആശങ്കയില്‍ കോൺഗ്രസ് ക്യാംപ് . ഭൂരിപക്ഷം നേടാനാവില്ലെന്ന കണക്കുകൂട്ടലിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനായി കോൺഗ്രസ് ശ്രമം തുടങ്ങി.

ഐസ്വാള്‍: മിസോറാമിൽ ഭരണതുടർച്ച തേടിയുള്ള പോരാട്ടത്തിന്‍റെ അവസാന ഘട്ടത്തിൽ ആശങ്കയില്‍ കോൺഗ്രസ് ക്യാംപ്. ഭൂരിപക്ഷം നേടാനാവില്ലെന്ന കണക്കുകൂട്ടലിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനായി കോൺഗ്രസ് ശ്രമം തുടങ്ങി. ബിജെപിയും എംഎൻഎഫും ഒഴികെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വടക്ക് കിഴക്കൻ ഇന്ത്യയിൽ രണ്ട് വർഷത്തിനുള്ളിൽ നാല് സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് അധികാരം നഷ്ടമായത്. അതിനാൽ കോൺഗ്രസിനെ സംബന്ധിച്ച് മിസോറാം നിർണ്ണായകമാണ്. 

രാഹുൽ ഗാന്ധിയുടെ രണ്ട് റാലികൾ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി ലാൽതൻവാലയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. 30 സീറ്റുകളിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ആദ്യ ദിവസങ്ങളിലെ അവകാശവാദം. പ്രചാരണം അവസാനിക്കുമ്പോൾ ആ ആത്മവിശ്വാസം കോൺഗ്രസിന് നഷ്ടപ്പെട്ടെന്നാണ് സൂചനകള്‍. മുമ്പൊന്നുമില്ലാത്ത വിധം തെരഞ്ഞെടുപ്പ് ചിത്രത്തിൽ ബിജെപി ഇടം പിടിക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും ഉറപ്പാണ്. മദ്യ നിരോധനം നിക്കിയതും ഭരണവിരുദ്ധ വികാരവും എംഎൽഎമാരുടെ ചോർച്ചയും തിരിച്ചടിയാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയും മിസോ നാഷണൽ ഫ്രണ്ടും ഒഴിച്ച് ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി ലാൽതൻവാലയുടെ പ്രഖ്യാപനം.

അതേസമയം, 'കോൺഗ്രസ് മുക്ത വടക്ക് കിഴക്കൻ ഇന്ത്യ'യെന്ന ലക്ഷ്യത്തിലേക്കുള്ള അവസാന ലാപ്പിലാണ് ബിജെപി. നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങി ദേശീയ നേതൃത്വത്തിലെ പ്രമുഖർ പ്രചാരണത്തിനെത്തി. വികസനമുരടിപ്പായിരുന്നു പ്രധാന പ്രചാരണ ആയുധം. 16 സീറ്റുകളിൽ മികച്ച പ്രകടനവും രണ്ട് സീറ്റിലെങ്കിലും വിജയവുമാണ് ഉന്നം. മിസോ വികാരം തുണയ്ക്കുമെന്ന് എംഎൻഎഫും പ്രതീക്ഷിക്കുന്നു. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ക്രിസ്ത്യൻ സഭകളുടെയും മിസോ സംഘടനകളുടെയും പിന്തുണ മിസോറാമിൽ നിർണ്ണായകമാകും.
 

click me!