മോദി നാളെ കേരളത്തില്‍; തര്‍ക്കങ്ങളൊഴിയാതെ ബിജെപി സംസ്ഥാന നേതൃത്വം

By Web TeamFirst Published Jan 26, 2019, 6:11 AM IST
Highlights

ശബരിമല സമരത്തെചൊല്ലി പാർട്ടിയിൽ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. പാർട്ടി പ്രധാന്യം നൽകുന്ന സീറ്റുകളിൽ മത്സരിക്കാൻ നേതാക്കൾക്കിടയിലുള്ളത് കടുത്ത മത്സരം. ബി ഡി ജെ എസിനുള്ള സീറ്റിന്‍റെ പേരിലും തർക്കം.

തിരുവനന്തപുരം: ശബരിമല സമരത്തെചൊല്ലി ബിജെപിക്കകത്ത് നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. പാർട്ടി പ്രധാന്യം നൽകുന്ന സീറ്റുകളിൽ മത്സരിക്കാൻ നേതാക്കൾക്കിടയിലുള്ളത് കടുത്ത മത്സരം. ബി ഡി ജെ എസിനുള്ള സീറ്റിന്‍റെ പേരിലും തർക്കം. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശം പകരാനായി പ്രധാനമന്ത്രി നാളെ കേരളത്തിൽ. ഒരു മാസത്തിനിടെ രണ്ടാം തവണ മോദിയെത്തുമ്പോൾ സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തില്‍ കാര്യങ്ങൾ അത്ര ശുഭകരമല്ല.

15 ന് കൊല്ലത്ത് മോദിയെത്തിയപ്പോൾ ഇനി മുതൽ ബിജെപി പ്രചാരണം ടോപ് ഗിയറിലാകുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. ശബരിമല പ്രശ്നം പ്രധാന അജണ്ടയായി കൊല്ലം പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വച്ചു. പക്ഷെ വീണ്ടും മോദി വരുമ്പോൾ പാർട്ടിയിലും മുന്നണിയിലും തമ്മിൽത്തല്ലും തർക്കങ്ങളുമാണ്. ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ ശബരിമല പ്രശ്നത്തിലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിർത്തി. സമരത്തെചൊല്ലി പാർട്ടിയിൽ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. 

പ്രധാന ഘടകകക്ഷി ബി ഡി ജെ എസിനുള്ള സീറ്റിന്‍റെ പേരിലും തർക്കമുണ്ടായി. നാല് സീറ്റ് കൊടുത്താൽ മതിയെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറഞ്ഞെങ്കിലും ആറ് സീറ്റ് വേണമെന്ന് തുഷാ‌ർ വെള്ളാപ്പള്ളിയും സംഘവും ആവശ്യപ്പെട്ടു. ഒടുവിൽ ദില്ലിയിൽ അനുനയചർച്ച നടത്താമെന്നാണ് ഒടുവിലെത്തിയ ധാരണ. 

പാർട്ടി പ്രധാന്യം നൽകുന്ന സീറ്റുകളിൽ മത്സരിക്കാൻ നേതാക്കൾക്കിടയിലുള്ളത് കടുത്ത മത്സരമാണ്. തൃശൂരിൽ ജില്ലാ കമ്മിറ്റി കെ സുരേന്ദ്രനായി ശ്രമിക്കുമ്പോൾ എ എൻ രാധാകൃഷ്ണൻ പിന്നോട്ടില്ല. പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് എം ടി രമേശിൻറെ നിലപാട്. കെപി ശശികലയെ പത്തനംതിട്ടയിൽ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ മനസ്സിലിരുപ്പ്.

അതിനിടെ കേരളത്തിൽ എൻ ഡി എ അക്കൗണ്ട് തുറക്കില്ലെന്ന ചില സർവ്വെഫലങ്ങൾ ഉണ്ടാക്കിയ നിരാശയും പാർട്ടി നേതക്കൾക്കും പ്രവർത്തകർക്കുമുണ്ട്. അതേ സമയം ഇപ്പോഴത്തെ തർക്കങ്ങൾ തെരഞ്ഞെടുപ്പിൻറെ തുടക്കത്തിലുണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങളാണെന്നും പ്രധാനമന്ത്രി വീണ്ടും എത്തുന്നതോടെ പാർട്ടി കൂടുതൽ ആവേശത്തിലാകുമെന്നും നേതാക്കൾ വിശദീകരിച്ചു.

click me!