കാസർകോട് സിപിഎമ്മിനുവേണ്ടി എം.വി.ഗോവിന്ദനും കോൺഗ്രസിന് ടി.സിദ്ദിഖും മത്സരിക്കാൻ സാധ്യത

By Shajahan KaliyathFirst Published Dec 8, 2018, 3:19 PM IST
Highlights

കാസർകോട് ലോക്‍സഭാ മണ്ഡലത്തിൽ പി കരുണാകന് ഇനിയൊരു ഊഴം സിപിഎം നൽകില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. എം വി ഗോവിന്ദനെ മല്‍സരിപ്പിക്കാനാണ് സിപിഎമ്മിന്‍റെ കണ്ണൂര്‍ ലോബി നോട്ടമിടുന്നത്. ജയമുറപ്പിക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങള്‍ കണ്ണൂര്‍ ജില്ലയിൽ ആണെന്ന വാദമുയര്‍ത്തിയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ ചലനമുണ്ടാക്കിയ ടി സിദ്ധിഖിന്‍റെ പേര് യു‍‍ഡിഎഫില്‍ ശക്തമാണ്. ഇല്ലെങ്കില്‍ കെ സുധാകരന്‍ മല്‍സരിക്കണമെന്നാണ് ഐ ഗ്രൂപ്പിന്‍റെ ആവശ്യം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമോ? വിവാദങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കുമിടയിൽ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. അങ്കത്തട്ടിൽ ആരൊക്കെ? നാടകീയ നീക്കങ്ങൾക്കൊടുവിൽ സമവാക്യങ്ങൾ മാറുമോ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു, 'കളം പിടിക്കാൻ ആരൊക്കെ?'

കണ്ണൂർ: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ പി.കരുണാകന് ഇനിയൊരു ഊഴം സിപിഎം നൽകില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. സതീഷ് ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു, എം.വി.ബാലകൃഷ്ണന്‍ എന്നീ നേതാക്കളുടെ പേരുകളാണ് ജില്ലാ ഘടകം ഉയര്‍ത്തിക്കാട്ടുന്നത്. പി.ഐ.മധുസൂദനന്‍റെ പേരും ഉയരുന്നുണ്ട്. എങ്കിലും കാസർകോട്ട് എം.വി.ഗോവിന്ദനെ മല്‍സരിപ്പിക്കാനാണ് സിപിഎമ്മിന്‍റെ കണ്ണൂര്‍ ലോബി നോട്ടമിടുന്നത്. ജയമുറപ്പിക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങള്‍ കണ്ണൂര്‍ ജില്ലയിൽ ആണെന്ന വാദമുയര്‍ത്തിയാണിത്. കണ്ണൂരില്‍ നിന്നുള്ള നേതാക്കളിൽ ഒരാളെ കാസർകോട്ട് മല്‍സരിപ്പിക്കാനാണ് സിപിഎമ്മിലെ പൊതുധാരണയും. അതേസമയം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു വരുകയാണെങ്കിൽ സിപിഎം അടവുകൾ മാറ്റിയേക്കും, അത് സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഫലിക്കും.

1984ൽ ഐ.രാമറേ ഇ.ബാലാനന്ദനെ പരാജയപ്പെടുത്തിയതിന് ശേഷം യുഡിഫ് കാസർകോട് പച്ച തൊട്ടിട്ടില്ല. പിന്നീട് എട്ടു തവണയാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ കാസർകോട് നിന്ന് പാട്ടുംപാടി ജയിച്ചത്. രാമണ്ണ റായിയും ടി.ഗോവിന്ദനും തുടർച്ചയായി ചെങ്കൊടി പാറിച്ച മണ്ഡലത്തിൽ നിന്ന് പി.കരുണാകരൻ മൂന്ന് തവണ ലോക്സഭയിലെത്തി. കാസര്‍ഗോട്ടെ എല്‍ഡിഎഫ് ആധിപത്യത്തിന് കാരണം അരലക്ഷത്തിലേറെ ഭൂരിപക്ഷം നല്‍കുന്ന പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ലോബിയുടെ നീക്കം. എന്നാല്‍ സിപിഎം കാസര്‍ഗോഡ് ഘടകം ഇക്കാര്യത്തിൽ മനസ് തുറക്കാന്‍ തയ്യാറല്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ ചലനമുണ്ടാക്കിയ ടി.സിദ്ധിഖിന്‍റെ പേര് യു‍‍ഡിഎഫില്‍ ശക്തമാണ്. 2014ൽ ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ (1,08,256) ഭൂരിപക്ഷത്തിലാണ് പി.കരുണാകരൻ ജയിച്ചതെങ്കിൽ 2009ൽ ഭൂരിപക്ഷം 64,427 ആയി കുറഞ്ഞു. 2014ൽ ടി.സിദ്ദിഖുമായി ഏറ്റുമുട്ടിയപ്പോൾ പി.കരുണാകരന്‍റെ ഭൂരിപക്ഷം 6,921 ആയി കുറഞ്ഞു. കരുത്തനെ വിറപ്പിച്ച ടി.സിദ്ദിഖിന് ഒരവസരം കൂടി നൽകണമെന്ന് കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇല്ലെങ്കില്‍ കെ.സുധാകരന്‍ മല്‍സരിക്കണമെന്നാണ് ഐ.ഗ്രൂപ്പിന്‍റെ ആവശ്യം. മുന്‍ എംപി ഐ.രാമറൈയുടെ മകന്‍ സുബ്ബയ്യ റായുടെ പേരും കോൺഗ്രസിൽ സജീവമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മൂന്ന് ശതമാനത്തോളം വോട്ട് വര്‍ധിപ്പിച്ച ബിജെപി ശബരിമല വിഷയത്തിൽ പാർട്ടി വീണ്ടും നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ പതിനേഴര ശതമാനം വോട്ടാണ് ബിജെപിക്ക് കാസർകോട് മണ്ഡലത്തിലുള്ളത്. മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് ബിജെപി വോട്ട് വര്‍ധന പ്രതീക്ഷിക്കുന്നത്. കാസർകോട് ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളുള്ള ബിജെപി ശബരിമല വിഷയം കാല്‍ ലക്ഷം വോട്ടുകളെങ്കിലും അധികം നല്‍കുമമെന്ന് കണക്കുകൂട്ടുന്നു. യുപി മുഖ്യമന്ത്രി ആദിത്യനാഥിനെയടക്കം പങ്കെടുപ്പിച്ച് ശബരിമല വിഷയത്തില്‍ കാസര്‍ഗോട്ട് പ്രതിഷേധറാലി സംഘടിപ്പിക്കുന്നത് ലോകസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ്. കെ.ശ്രീകാന്ത്, രവീശതന്ത്രി എന്നിവരുടെ പേരുകളും ബിജെപിയിൽ നിന്ന് ഉയർന്നുകേൾക്കുന്നുണ്ട്. ഒരുപക്ഷേ കേന്ദ്രനേതൃത്വം കര്‍ണ്ണാടക ലോബിയുടെ പിന്തുണയോടെ സ്വതന്ത്രരെ കൊണ്ടുവരാനും സാധ്യതയുണ്ട്.

click me!