'നായിഡു ചതിയൻ, ദില്ലിക്ക് വരുന്നത് ഫോട്ടോ എടുക്കാൻ': ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് മോദി

By Web TeamFirst Published Feb 10, 2019, 1:53 PM IST
Highlights

തോൽവികളിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങുന്നതിൽ നായിഡു മുതിർന്ന ആളാണ്. ആളുകളെ പിന്നിൽ നിന്ന് കുത്തുന്നതിലും നായിഡു ഏറെ മുതിർന്ന ആളാണ്. ഞാൻ ഇതിലൊന്നും മുതിർന്ന ആളല്ല.. ഇങ്ങനെ പോയി മോദിയുടെ പരിഹാസം.

ഗുണ്ടൂർ: ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നരേന്ദ്രമോദിയുടെ റാലി. ചന്ദ്രബാബു നായിഡു ചതിയനാണ്. നായി‍ഡുവിന്‍റെ ദില്ലി ഉപവാസത്തെയും പ്രധാനമന്ത്രി പരിഹസിച്ചു. ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാൻ ദില്ലിയിലേക്ക് വരുന്നുണ്ട് എന്നായിരുന്നു പരിഹാസം.

'നായിഡു വളരെ മുതിർന്ന മനുഷ്യനാണ്. പുതിയ പുതിയ മുന്നണികളിലേക്ക് മാറുന്ന കാര്യത്തിലാണ് നായിഡു മുതിർന്നത്. അതേപോലെ തോൽവികളിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങുന്നതിലും നായിഡു മുതിർന്ന ആളാണ്. ആളുകളെ പിന്നിൽ നിന്ന് കുത്തുന്നതിലും നായിഡു ഏറെ മുതിർന്ന ആളാണ്. ഞാൻ ഇതിലൊന്നും മുതിർന്ന ആളല്ല..' ഇങ്ങനെ പോയി മോദിയുടെ പരിഹാസം.

എൻടിആറിനെ പിന്നിൽ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എൻടി രാമറാവു സ്വന്തം പാർട്ടിയുടെ നിലപാടിൽ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു. ടിഡിപി എൻഡിഎ വിട്ടതിന് ശേഷം ആദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദർശിക്കുന്നത്.

അതേസമയം 'മോദി തിരിച്ചുപോവുക' എന്ന മുദ്രാവാക്യവുമായി കറുത്ത കൊടികളുയർത്തി ആന്ധ്രയിൽ പല ഭാഗത്തും പ്രതിഷേധപ്രകടനങ്ങൾ നടന്നു.

click me!