ഇന്ത്യയില്‍ ഒരു പുതിയ പ്രധാനമന്ത്രി വരുമെന്ന് അഖിലേഷ് യാദവ്

By Web TeamFirst Published Jan 19, 2019, 5:09 PM IST
Highlights

പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ട് മുഖങ്ങളാണ് മായാവതിയും മമതയും. മായാവതി ഉത്തര്‍പ്രദേശില്‍ കരുത്ത് കാണിക്കുമ്പോള്‍ മമത ബംഗാളില്‍ എതിരാളികളില്ലാതെ ഭരിക്കുന്ന നേതാവാണ്. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും സഖ്യമാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്

കൊല്‍ക്കത്ത: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ഒരു പുതിയ പ്രധാനമന്ത്രി വരുമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ ആരാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അഖിലേഷ്. ആരാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നത് പ്രാധാന്യമുള്ള കാര്യമല്ല.

എന്നാല്‍, രാജ്യത്തിന് ഒരു പുതിയ പ്രധാനമന്ത്രി എന്നത് വളരെ ആവശ്യമുള്ള കാര്യമാണ്. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിക്കിടെ ഇന്ത്യ ടുഡേയോടാണ് അഖിലേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് മായാവതി,  തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരില്‍ ആരാണ് പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ യോഗ്യതയുള്ളതെന്ന ചോദ്യത്തിന് പേരെടുത്ത് പറയാതെയാണ് അഖിലേഷ് പ്രതികരിച്ചത്.

പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ട് മുഖങ്ങളാണ് മായാവതിയും മമതയും. മായാവതി ഉത്തര്‍പ്രദേശില്‍ കരുത്ത് കാണിക്കുമ്പോള്‍ മമത ബംഗാളില്‍ എതിരാളികളില്ലാതെ ഭരിക്കുന്ന നേതാവാണ്. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും സഖ്യമാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്. 

വിശാലപ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ പ്രതിപക്ഷറാലി നടത്തിയത്. ഇരുപതിലേറെ ദേശീയ നേതാക്കൾ വേദിയിൽ അണിനിരന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൌഡ, ബിജെപിയിൽ നിന്ന് വിട്ടുപോന്ന മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘൻ സിൻഹ, അരുൺ ഷൌരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‍രിവാൾ, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ എന്നിവരാണ് വേദിയിലെത്തിയത്.

മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും റാലിയുടെ ഭാഗമായി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും റാലിക്കെത്തിയില്ലെങ്കിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുൻ ഖർഗെയും അഭിഷേക് സിംഗ്‍വിയും പങ്കെടുത്തു. ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേൽ, മുൻ ബിജെപി നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും റാലിയിൽ പങ്കെടുത്തു.

click me!