പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി ഷാഫി

By Web TeamFirst Published Jan 30, 2019, 9:42 AM IST
Highlights

പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് സിറ്റിംഗ് എംഎല്‍എമാരെ നിര്‍ത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ പാലക്കാട് മത്സരിക്കാനില്ലെന്ന് ഷാഫി വ്യക്തമാക്കി

പാലക്കാട്: സിറ്റിംഗ് എം എല്‍ എമാരെ നിര്‍ത്തി ചില മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം മെനയുന്നതിനിടെ പാളയത്തില്‍ നിന്ന് എതിര്‍ ശബ്ദവുമായി ഷാഫി പറമ്പില്‍. പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഷാഫി പറമ്പില്‍.

പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് സിറ്റിംഗ് എംഎല്‍എമാരെ നിര്‍ത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ പാലക്കാട് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്ന ഷാഫി സിറ്റിംഗ് എംഎല്‍എമാരെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് മുന്നോട്ട് വക്കുന്നത്.

ഇടത് മുന്നണിയുടെ കുത്തകമണ്ഡലത്തിലെ പോരോട്ടത്തില്‍ തിരിച്ചടി നേരിട്ടാല്‍ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കുമെന്ന ആശങ്ക ഷാഫിക്കുണ്ട്. ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠന്‍, ഷൊര്‍ണ്ണൂരില്‍ പി കെ ശശിക്കെതിരെ മത്സരിച്ച സി സംഗീത എന്നിവരുടെ പേരുകളും മണ്ഡലത്തിലുയരുന്നുണ്ട്.

നയതന്ത്രജ്ഞന്‍ വേണുരാജമണിയുടെ പേരും സജീവമാണ്. മഹാരാജാസ് കോളേജില്‍ കെ എസ് യു നേതാവായിരുന്ന രാഷ്ട്രീയ പാരമ്പര്യം വേണുരാജാമണിക്കുണ്ട്.വിദേശകാര്യ മന്ത്രാലയത്തിലും, മുന്‍രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ച വേണുരാജാമണിയെ പരിഗണിക്കുന്നതിലൂടെ തരൂര്‍ മോഡല്‍ പരീക്ഷണത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ മത്സരിപ്പിച്ച് ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റ യുഡിഎഫ് ചരിത്രത്തിലെ കനത്ത തോല്‍വിയാണ് പാലക്കാട് ഏറ്റുവാങ്ങിയത്. സീറ്റ് വീണ്ടും കൈയിലെത്തുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഏത് ആയുധം പ്രയോഗിക്കണമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്.
 

click me!