പടപ്പുറപ്പാട് ബിജെപിക്കെതിരെ; പ്രതിപക്ഷ സംഗമവേദിയായി ചെന്നെെ

By Web TeamFirst Published Dec 16, 2018, 8:38 PM IST
Highlights

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിടത്ത് പോലും ഭരണം പിടിക്കാനാവാതെ പോയതിന് ശേഷം ആദ്യമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുച്ചേര്‍ന്നതാണ് ചെന്നെെയെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചത്

ചെന്നെെ: രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി ചെന്നെെ. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ് രാഷ്ട്രീയപരമായ എല്ലാ വെെരങ്ങളും മറന്ന് വിവിധ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്തത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിടത്ത് പോലും ഭരണം പിടിക്കാനാവാതെ പോയതിന് ശേഷം ആദ്യമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുച്ചേര്‍ന്നതാണ് ചെന്നെെയെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചത്. ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി,  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, രജനികാന്ത് എന്നിങ്ങനെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

ബിജെപിക്കെതിരെ വിശാലപ്രതിപക്ഷമെന്ന നീക്കത്തിന് വലിയ ശക്തി പകരുന്നതാണ് ഈ ഒത്തുച്ചേരല്‍. എന്നാല്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി എന്നിവര്‍ പങ്കെടുക്കാത്തതും ഏറെ ശ്രദ്ധേയമായി.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിന് മുമ്പ് കഴിഞ്ഞ പത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ദില്ലിയില്‍ സംഗമിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കും പ്രതിപക്ഷ നേതാക്കള്‍ക്ക് മിക്കവര്‍ക്കും ക്ഷണമുണ്ട്.

ഇതോടെ ലോക്സഭ തെര‌ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെയുള്ള നീക്കങ്ങള്‍ ഊര്‍ജിതമാകുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുന്നുവെന്നെന്നാണ് ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രസംഗിച്ചത്.

രാഹുലിന്‍റെ കരങ്ങൾക്ക് ശക്തി പകരണമെന്നും അതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായി പിണറായി വിജയനെ വേദയിലിരുത്തിയാണ് സ്റ്റാലിന്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയമാറ്റങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. 

click me!