ബിജെപി സീറ്റ് നല്‍കി; ഞാന്‍ അത് നിരസിച്ചു: ടോം വടക്കന്‍

By Web TeamFirst Published Mar 29, 2019, 1:04 PM IST
Highlights

താന്‍ ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ് താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ. അതിനിടയില്‍ സ്ഥാനാര്‍ത്ഥിയായി അവര്‍ക്കിടയില്‍ എത്തിയാല്‍ അത് അവരോടുള്ള വഞ്ചനയാകും. 

ദില്ലി: ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താന്‍ നിരസിച്ചതായി ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. എന്നാല്‍ ഏത് സീറ്റാണ് വാഗ്ദാനം ചെയ്തത് എന്ന് ടോം വടക്കന്‍ സൂചിപ്പിച്ചില്ല. മൈ നാഷന്‍ വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ടോം വടക്കന്‍റെ വെളിപ്പെടുത്തല്‍. താന്‍ സീറ്റ് സ്വീകരിക്കാത്തതിന്‍റെ കാരണവും ടോം വെളിപ്പെടുത്തി.

താന്‍ ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ് താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ. അതിനിടയില്‍ സ്ഥാനാര്‍ത്ഥിയായി അവര്‍ക്കിടയില്‍ എത്തിയാല്‍ അത് അവരോടുള്ള വഞ്ചനയാകും. എന്നാല്‍ ഭാവിയില്‍ പാര്‍ട്ടി സംഘടനപരമായതോ, തെരഞ്ഞെടുപ്പ് സംബന്ധിയായതോ ആയ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കുമെന്നും ടോം വടക്കന്‍ സൂചിപ്പിക്കുന്നു.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും. കോടതിക്കോ ഭരണകൂടത്തിനോ ആചാരത്തെ മാറ്റാന്‍ സാധിക്കില്ലെന്നും ടോം വടക്കന്‍ പറയുന്നു. ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യണം എന്ന് പറയുന്ന ടോം വടക്കന്‍. ശബരിമലയില്‍ ആചാര സംരക്ഷണം സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവരും അയ്യപ്പ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ഇരട്ടതാപ്പ് ആണെന്നും ടോം വടക്കന്‍ പറയുന്നു.

ഒരു കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഏറ്റവും അടുപ്പക്കാരാനായിരുന്ന ടോം വടക്കന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഒരു വര്‍ഷമായി തന്നെ കാണുവാന്‍ പോലും കൂട്ടാക്കിയില്ലെന്ന് ആരോപിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്‍റെ സ്വഭാവമാറ്റം എന്നും ടോം വടക്കന്‍ ആരോപിക്കുന്നു. രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച ടോം വടക്കന്‍ തനിക്ക് മുകളില്‍ വളരുന്നയെല്ലാം വെട്ടി രാഹുല്‍ സ്വയം വലുതാണെന്ന് നടിക്കുകയാണ് എന്ന് ആരോപിക്കുന്നു. എന്നാല്‍ ഇത് ഒരു ശരിയായ രാഷ്ട്രീയമല്ലെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ക്കുന്നു.

രാഹുലിനെ അപേക്ഷിച്ച് സോണിയ ഗാന്ധി ജനധിപത്യപരമായി ഏറെ മെച്ചമാണെന്ന് ടോം വടക്കന്‍ പറയുന്നു. സോണിയ മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുമായിരുന്നു. സോണിയ പ്രവര്‍ത്തകരമായി സംവദിച്ച് അവരുടെ ആശയങ്ങള്‍ കേട്ട് അനുസരിക്കുമായിരുന്നു. എന്നാല്‍ രാഹുല്‍ താന്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണെന്ന് വെറുതെ അദരവ്യായമം നടത്തുക മാത്രമാണ് ചെയ്യുന്നത്.
 

click me!