കോഴിക്കോട്‌ :"പത്മവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിരുന്നു ഞാന്‍. സര്‍ക്കാരും പൊലീസും ചേര്‍ന്ന്‌ എന്നെ വളഞ്ഞിട്ട്‌ ഉപദ്രവിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ എനിക്കൊപ്പം നിന്നു." എം കെ രാഘവന്റെ ഈ വാക്കുകളില്‍ ഉണ്ട്‌ എല്ലാം. ഒളിക്യാമറാ വിവാദവും കോഴയാരോപണവും സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന്‌ ഫീനിക്‌സ്‌ പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റൊരു വിജയക്കുതിപ്പാണ്‌ കോഴിക്കോട്ടെ ഈ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടേത്‌.

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കേരളത്തെ പിടിച്ചുകുലുക്കിയ ഒളിക്യാമറ വിവാദം യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എം കെ രാഘവനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ക്കായി അഞ്ച്‌ കോടി രൂപ വാഗ്‌ദാനം ചെയ്‌ത സംഘത്തോട്‌ പണം കൈമാറാന്‍ തന്റെ ഓഫീസുമായി ബന്‌ധപ്പെടാന്‍ രാഘവന്‍ നിര്‍ദേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ഹിന്ദിചാനലിലൂടെ പുറത്തുവന്നതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കോഴയാരോപണത്തില്‍ കുടുങ്ങി വാര്‍ത്തകളിലെ താരമായപ്പോള്‍ അദ്ദേഹം കരഞ്ഞുകൊണ്ട്‌ തുറന്നുപറഞ്ഞു- ഞാന്‍ തെറ്റ്‌ ചെയ്‌തിട്ടില്ല. ആ വാക്കുകളെ കോഴിക്കോട്ടുകാര്‍ നൂറുശതമാനം വിശ്വസിച്ചിരിക്കുന്നു. ആരോപണങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ തകര്‍ക്കാന്‍ കഴിയുന്നതല്ല കോഴിക്കോടിന്‌ രാഘവനോടുള്ള വിശ്വാസമെന്ന്‌ ജനവിധിയിലൂടെ തെളിഞ്ഞിരിക്കുന്നു. 2014ലെ 16,883 എന്ന സ്വന്തം ലീഡിനെ മറികടന്ന്‌ ബഹുദൂരം മുന്നിലാണ്‌ ഇക്കുറി അദ്ദേഹം ഫിനിഷ്‌ ചെയ്യുന്നത്‌.

എതിര്‍സ്ഥാനാര്‍ത്ഥിയായ എ പ്രദീപ്‌കുമാറിന്റെ സ്വന്തം മണ്ഡലമായ കോഴിക്കോട്‌ നോര്‍ത്തില്‍ പോലും  ഭൂരിപക്ഷം നേടിയാണ്‌ എം കെ രാഘവന്റെ മുന്നേറ്റം. മൂന്നാംവട്ടവും രാഘവനെ കളത്തിലിറക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഉറച്ച വിശ്വാസമാണ്‌ യുഡിഎഫിനുണ്ടായിരുന്നത്‌. ആ വിശ്വാസം തെറ്റായില്ലെന്ന്‌ തെളിയിക്കുന്നതായി അദ്ദേഹത്തിന്‌ ലഭിച്ച വലിയ ഭൂരിപക്ഷം. ജാതിമത ചിന്തകളും കക്ഷിരാഷ്ട്രീയവും മറികടന്ന്‌ വ്യക്തിബന്ധങ്ങളെ വോട്ടാക്കിമാറ്റാന്‍ രാഘവനായി. എല്‍ഡിഎഫ്‌ ഉയര്‍ത്തിയ ഒളിക്യാമറ വിവാദവും കോ-ലീ-ബി സഖ്യ ആരോപണവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക്‌ മുമ്പില്‍ ഏശിയില്ല എന്നു വേണം പറയാന്‍.

കന്നിവോട്ടര്‍മാരില്‍ നിന്ന്‌ വരെ മികച്ച പിന്തുണയാണ്‌ രാഘവന്‌ ലഭിച്ചത്‌. യുഡിഎഫ്‌ പ്രവര്‍ത്തകരുടെ അക്ഷീണപ്രയത്‌നവും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവികാരവും രാഘവന്‌ തുണയായി.