കൊച്ചി പ്രസംഗത്തിൽ ശബരിമല വിഷയം പൊതിഞ്ഞ് പറഞ്ഞ് രാഹുൽ ഗാന്ധി

Published : Jan 29, 2019, 06:05 PM ISTUpdated : Jan 29, 2019, 06:09 PM IST
കൊച്ചി പ്രസംഗത്തിൽ ശബരിമല വിഷയം പൊതിഞ്ഞ് പറഞ്ഞ് രാഹുൽ ഗാന്ധി

Synopsis

സ്ത്രീസ്വാതന്ത്ര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും ഒരേപോലെ പിന്തുണയ്ക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി മറൈൻ ഡ്രൈവ് പ്രസംഗത്തിൽ എടുത്തത്. ബിജെപിയും സിപിഎമ്മും കേരളത്തെ ഭിന്നിപ്പിക്കുകയാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി സുപ്രീം കോടതി വിധിയെപ്പറ്റി പ്രസംഗത്തിൽ നേരിട്ട് പരാമർശിച്ചതുമില്ല. 

കൊച്ചി: മറൈൻ ഡ്രൈവ് പ്രസംഗത്തിൽ നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും വിമർശിക്കാനാണ് രാഹുൽ ഗാന്ധി കൂടുതൽ സമയവും വിനിയോഗിച്ചത്. സംസ്ഥാന സർക്കാരിനെതിരെ പ്രളയവും ശബരിമല വിഷയവുമാണ് രാഹുൽ ആയുധമാക്കിയത്. പക്ഷേ ശബരിമല വിഷയം പരോക്ഷമായാണ് രാഹുൽ ഗാന്ധി സൂചിപ്പിച്ചത്. കേരളത്തെ ഭിന്നിപ്പിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന് ശബരിമല വിഷയം നേരിട്ട് പരാമർശിക്കാതെ രാഹുൽ ഗാന്ധി ആരോപിച്ചു.

കോൺഗ്രസ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന പാർട്ടിയാണ്. അതേസമയം കേരളത്തിന്‍റെ പാരമ്പര്യത്തെയും സംസ്കാരത്തെയും കോൺഗ്രസ് ബഹുമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയും സിപിഎമ്മും നടത്തിയ അക്രമം അംഗീകരിക്കാനാകില്ല. കേരളത്തെ വിഭജിക്കാൻ പാടില്ല എന്നാണ് കോൺഗ്രസിന്‍റെ ആഗ്രഹമെന്ന് രാഹുൽ പറഞ്ഞു. 

കേരളം വളരെ പ്രയാസകരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. പ്രളയം നേരിടാൻ കേരളം ഒറ്റക്കെട്ടായി നിന്നു.  സർക്കാർ കേരളത്തെ പുനർനിർമ്മിക്കുമെന്ന് പ്രയാസകാലത്ത് ഒന്നിച്ചുനിന്ന നമ്മൾ പ്രതീക്ഷിച്ചു. പക്ഷേ വിഭജിക്കുന്ന നയമാണ് അതിന് ശേഷം സിപിഎമ്മും ബിജെപിയും സ്വീകരിച്ചതെന്ന് രാഹുൽ ആവർത്തിച്ചു.  കേരളവും രാജ്യവും വളരണമെങ്കിൽ സ്നേഹവും സാഹോദര്യവും വളരണ. അക്രമവും സ്പർദ്ധയും കൊണ്ട് ഒന്നും നേടാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ശബരിമലയിൽ വിഷയത്തിൽ  സ്​ത്രീപവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെ പിന്തുണച്ച രാഹുൽ ഗാന്ധി പിന്നീട് ജനങ്ങളുടെ വികാരവും അഭിപ്രായവും മനസിലാക്കി മുന്നോട്ട് പോകണം എന്ന് നിലപാട് മാറ്റിയത് വാർത്തയായിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും ഒരേപോലെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം മറൈൻ ഡ്രൈവ് പ്രസംഗത്തിൽ എടുത്തത്. അതേസമയം സുപ്രീം കോടതി വിധി രാഹുൽ നേരിട്ട് പരാമർശിച്ചതുമില്ല. ശബരിമല എന്നോ സ്ത്രീപ്രവേശനം എന്നോ എടുത്ത് പറയാതെയാണ് കൊച്ചിയിൽ രാഹുൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

PREV
click me!