രാഹുൽ മോദിയെ പിടിച്ചുകെട്ടാൻ കയ്യൂക്കും തന്‍റേടവുമുള്ള നേതാവ്: കെ സി വേണുഗോപാൽ

By Web TeamFirst Published Jan 29, 2019, 4:42 PM IST
Highlights

പത്തുമാസം മുമ്പ് 'ചൗക്കിദാർ ചോർ ഹെ' എന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ അധികമാരും അത് വിശ്വസിച്ചില്ല. എന്നാൽ ഇന്ന് ഇന്ത്യയുടെ കാവൽക്കാരൻ കള്ളനാണെന്ന് രാജ്യം തിരിച്ചറി‌ഞ്ഞെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. റഫാൽ ഇടപാടിലൂടെ രാജ്യത്തെ മുടിച്ച മോദി അഴിമതിക്കാരനാണെന്ന് രാജ്യം ശരിവയ്ക്കുന്നു. 

കൊച്ചി: വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തി രാജ്യത്തെ  ഭിന്നിപ്പിക്കുന്ന, ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ കയ്യൂക്കും തന്‍റേടവുമുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്ന്  കെ സി വേണുഗോപാൽ എംപി. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോൺഗ്രസിന്‍റെ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ. പത്തുമാസം മുമ്പ് 'ചൗക്കിദാർ ചോർ ഹെ' എന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ അധികമാരും അത് വിശ്വസിച്ചില്ല. എന്നാൽ ഇന്ന് ഇന്ത്യയുടെ കാവൽക്കാരൻ കള്ളനാണെന്ന് രാജ്യം തിരിച്ചറി‌ഞ്ഞെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

റഫാൽ ഇടപാടിലൂടെ രാജ്യത്തെ മുടിച്ച, തകർത്ത, നരേന്ദ്രമോദിക്ക് നേരെ അഴിമതിയുടെ ചോദ്യശരങ്ങൾ ഉയരുകയാണ്. മോദി അഴിമതിക്കാരനാണെന്ന് രാജ്യം ശരിവയ്ക്കുന്നു. അത് ആദ്യം വിളിച്ചുപറ‌ഞ്ഞത് രാഹുൽ ഗാന്ധി ആയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. രണകാഹളം മുഴങ്ങിക്കഴിഞ്ഞു. ദേശീയ രാഷ്ട്രീയം രാഹുലിനെ ഉറ്റുനോക്കുകയാണ്. വാഗ്ദാനങ്ങളെല്ലാം ലംഘിച്ച നരേന്ദ്രമോദിയെപ്പോലെ അല്ല രാഹുൽ. അഞ്ചുകൊല്ലം മുമ്പ് കള്ളപ്പണം മുഴുവൻ പിടിച്ചെടുത്ത് എല്ലാവരുടേയും പോക്കറ്റിൽ പതിനഞ്ച് ലക്ഷം രൂപ ഇട്ടുതരും എന്ന് പറഞ്ഞയാളാണ് നരേന്ദ്രമോദി. പക്ഷേ ഒരാളുടേയും പോക്കറ്റിൽ പതിനഞ്ച് ലക്ഷം രൂപ വന്നില്ല.

എന്നാൽ അധികാരത്തിൽ എത്തിയാൽ മുഴുവൻ ഇന്ത്യാക്കാർക്കും മിനിമം വരുമാനം ഉറപ്പാക്കും എന്ന്  ഛത്തീസ്ഘഡിലെ  റായിപൂറിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കൃഷിക്കാരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് അധികാരത്തിൽ എത്തിയ ഉടൻ വാക്കുപാലിച്ചെന്ന് കെ സി വേണുഗോപാൽ ഓർമ്മിപ്പിച്ചു.

മിനിമം വേതനം ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കോൺഗ്രസ് നടപ്പാക്കുക തന്നെ ചെയ്യും. ഇതൊരു വൈകാരിക നിമിഷമാണെന്നും ജനങ്ങളുടെ ഹൃദയത്തോട് അടുത്ത് ചേ‍ർന്നു നിൽക്കുന്ന രാഹുലിനെ രാജ്യം ഏറ്റെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

click me!