മോഹന്‍ലാല്‍, സുരേഷ് ഗോപി, ശശികുമാരവര്‍മ; ജയിക്കണമെങ്കില്‍ ഇവരെ മത്സരിപ്പിക്കണമെന്ന് ആര്‍എസ്എസ്

By Web TeamFirst Published Feb 8, 2019, 9:24 AM IST
Highlights

സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍, സുരേഷ്ഗോപി, ശശികുമാര വര്‍മ എന്നിവരെ തെക്കന്‍ ജില്ലകളില്‍ പൊതുസ്വതന്ത്രരായി മത്സരിപ്പിക്കണമെന്ന് ആര്‍എസ്എസ് ബിജെപി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടു. വിവിധ ലോക്സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം ആര്‍എസ്എസ് മുന്നോട്ട് വച്ചത്.

തിരുവനന്തപുരത്ത് മോഹൻലാലിനെയും കൊല്ലത്ത് സുരേഷ്ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് ആർഎസ്എസ് നിലപാട്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. 

സ്ഥിരം പാർട്ടി മുഖങ്ങളെക്കാൾ സ്വീകാര്യതയുള്ള പൊതുസ്വതന്ത്രർ സ്ഥാനാർത്ഥികളായാൽ താമര വിരിയിക്കാമെന്നാണ് ആർഎസ്എസിന്‍റെ വിശ്വാസം. പല മണ്ഡലങ്ങളിലും ആർഎസ്എസ് രഹസ്യമായി സർവ്വേ നടത്തിയിരുന്നു. ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത്  ആർഎസ്എസ് സർവ്വെയിൽ മുന്നിലെത്തിയത് മോഹൻലാലാണ്. തൊട്ടുപിന്നിൽ കുമ്മനംരാജശേഖരൻ.

ലാലിനെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് ഇറക്കണമെന്നാണ് ആർഎസ്എസ് നേതാക്കൾ രാംലാലുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്. ബിജെപി നേതാക്കൾ നേരത്തെ തന്നെ ലാലിനായി കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയിരുന്നു. പക്ഷെ ലാലിൻറെ രാഷ്ട്രീയപ്രവേശം സുഹൃത്തുക്കൾ തള്ളുന്നുണ്ടെങ്കിലും ആർഎസ്എസ്സിന് ഇനിയും പ്രതീക്ഷയുണ്ട്. 

കുമ്മനത്തെ തിരിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന് ഏറെനാളായി ആർഎസ്എസ് ആവശ്യപ്പെടുന്ന കാര്യമാണ്. കൊല്ലത്തെ ആർഎസ്എസ് നോമിനി സുരേഷ്ഗോപിയാണ്. ആർഎസ്എസ് മുന്നോട്ട് വെച്ച മറ്റൊരു പൊതുസ്വതന്ത്രൻ പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വർമ്മയാണ്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന ശശികുമാർ വർമ്മയായിരുന്നു പത്തനംതിട്ടയിലെ ആർഎസ്എസ് സർവ്വെയിൽ മുന്നിലെത്തിയത്. 

പാർട്ടിക്ക് അതീതമായ വോട്ടുകൾ സമാഹരിക്കാൻ പൊതുസ്വതന്ത്രർ വഴി കഴിയുമെന്നാണ് കണക്ക്കൂട്ടൽ. സാധാരണ നിലയിൽ ബിജെപി സംസ്ഥാന ഘടകം കൊടുക്കുന്ന പട്ടികയിൽ നിന്നും ദേശീയ നേതൃത്വമാണ് അന്തിമമായി സ്ഥാനാർത്ഥിയെ തീരുമാനിക്കാറുള്ളത്. എന്നാൽ ഇത്തവണ ആർഎസ്എസ് നേരത്തെ തന്നെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സജീവ ഇടപെടൽ നടത്തുകയാണ്
 

click me!