വസുന്ധര രാജെയോടുള്ള പിണക്കം തൽക്കാലം മറക്കും, ആർഎസ്എസ് രാജസ്ഥാനിൽ ബിജെപിക്കായി വോട്ട് ചോദിക്കും

By Shibu KumarFirst Published Nov 30, 2018, 7:27 PM IST
Highlights

ബിജെപി നേതാക്കള്‍ നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ആര്‍എസ്എസ് വഴങ്ങിയത്. ആർഎസ്എസിന്‍റെ പിണക്കം മാറ്റാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുളള നേതാക്കൾ പലവട്ടം ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തി. ഒടുവിൽ വസുന്ധര രാജെയോടുളള പിണക്കം മാറ്റി വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപിക്കായി വോട്ടു പിടിക്കാൻ ഇറങ്ങാമെന്ന് ആർഎസ്എസ് തീരുമാനിക്കുകയായിരുന്നു.

ജയ്പൂർ: 2013 ൽ മുഖ്യമന്ത്രിയായതിന് തൊട്ടു പിന്നാലെ വസുന്ധര രാജെയും ആര്‍എസ്എസും തമ്മിൽ തെറ്റി. സംഘടനയുടെ യോഗങ്ങളിൽ പ്രവര്‍ത്തകര്‍ വസുന്ധര രാജയെ രൂക്ഷമായി വിമര്‍ശിച്ചു. പക്ഷേ ഇത്തവണ രാജസ്ഥാൻ ബിജെപിക്ക് കൈവിടുകയാണെന്ന് വിലയിരുത്തൽ  ശക്തമായതോടെ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കണമെന്ന ബിജെപിയുടെ ആവശ്യം ആര്‍എസ്എസ് അംഗീകരിച്ചിരിക്കുകയാണ്.

ബിജെപി നേതാക്കള്‍ നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ആര്‍എസ്എസ് വഴങ്ങിയത്. ആർഎസ്എസിന്‍റെ പിണക്കം മാറ്റാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുളള നേതാക്കൾ പലവട്ടം ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തി. ഒടുവിൽ വസുന്ധര രാജെയോടുളള പിണക്കം മാറ്റി വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപിക്കായി വോട്ടു പിടിക്കാൻ ഇറങ്ങാമെന്ന് ആർഎസ്എസ് തീരുമാനിക്കുകയായിരുന്നു.

ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങൾ അനുസരിച്ച് പ്രചാരണം നടത്താമെന്ന് ബിജെപിയും സമ്മതിച്ചു. രാമക്ഷേത്രം, ഗോസംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കൂടി തെരഞ്ഞെടുപ്പിൽ ഉയര്‍ത്തണമെന്നാണ് ആര്‍എസ്എസിന്‍റെ നിര്‍ദേശം. നിര്‍ണായക തീരുമാനങ്ങള്‍ ആര്‍എസ്എസ് പ്രചാരകരുമായി കൂടിയാലോചിച്ച ശേഷമേ ഏടുക്കാവൂ എന്ന നിര്‍ദേശവും ബിജെപി അംഗീകരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് മേധാവിത്വമുള്ള മേഖലകളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചാരണത്തിനിറക്കണമെന്ന് നിര്‍ദേശവും  ബിജെപി നടപ്പാക്കുന്നു. രാജ്പുത്, ജാട്ട് വിഭാഗങ്ങള്‍‍ക്ക്  സര്‍ക്കാരിനെതിരെയുള്ള രോഷം തണുപ്പിക്കാൻ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രചാരണത്തിന് കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

click me!