ശിവസേനയെ ഒപ്പം കൂട്ടി ബിജെപി: മഹാരാഷ്ട്രയിൽ സഖ്യധാരണയായി, സീറ്റ് വീതം വച്ചു

By Web TeamFirst Published Feb 18, 2019, 4:49 PM IST
Highlights

പിണങ്ങി നിന്ന ശിവസേനയെ ഒപ്പം കൂട്ടുകയാണ് ബിജെപി. മഹാരാഷ്ട്രയിൽ ബിജെപി - ശിവസേന സീറ്റ് ധാരണയായി. മുഖ്യമന്ത്രി പദം എങ്ങനെ വീതിച്ചെടുക്കണമെന്നും അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി. 

മുംബൈ: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒന്നിച്ചു തന്നെ മത്സരിക്കും. മുംബൈയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സീറ്റ് വിഭജനം എങ്ങനെ വേണമെന്നതിലും തീരുമാനമായിട്ടുണ്ട്. വൈകിട്ട് അമിത് ഷായും ഉദ്ധവ് താക്കറെയും സംയുക്ത വാർത്താസമ്മേളനം നടത്തിയേക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ 50-50 എന്ന നിലയിൽ പപ്പാതി വീതിക്കാനാണ് തീരുമാനമായിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിന് ശേഷം വച്ചു മാറാനും അമിത് ഷായുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരെ ലോക്സഭയിലെത്തിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഉത്തർപ്രദേശിൽ ആകെ 80 ലോക്സഭാ സീറ്റുകളാണുള്ളത്. മഹാരാഷ്ട്രയിൽ 48ഉം. ഈ 48 സീറ്റുകൾ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട് മുംബൈയിലെത്തി തിരക്കിട്ട സഖ്യ ചർച്ച നടത്തിയതും. 

2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വീതം വയ്പിനെച്ചൊല്ലിയുള്ള തർക്കമാണ് ശിവസേനയെയും ബിജെപിയെയും തമ്മിലകറ്റിയത്. സഖ്യം വേർപിരിഞ്ഞതായി പ്രഖ്യാപിച്ച ഇരുപാർട്ടികളും ഒറ്റയ്ക്ക് മത്സരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു ശിവസേന. 

ഇതിന് ശേഷം വിശാല പ്രതിപക്ഷ സഖ്യങ്ങളിലും മറ്റ് പ്രതിപക്ഷ യോഗങ്ങളിലും അല്ലാതെയും എൻഡിഎ സർക്കാരിനെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ശിവസേന നടത്തിയത്. മഹാരാഷ്ട്രയിൽ കൂടുതൽ സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലായിരുന്നു ശിവസേന.

എന്നാൽ ശിവസേനയെ അനുനയിപ്പിക്കുന്ന നിലപാടാണ് പലപ്പോഴും ബിജെപി സ്വീകരിച്ചത്. സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയപ്പോഴും തിരികെ ശക്തമായ പരാമർശങ്ങൾ ബിജെപി നടത്തിയില്ല. പകരം സേനയുമായി പല തവണ ചർച്ചയ്ക്ക് ശ്രമം നടത്തി. കഴി‌ഞ്ഞയാഴ്ച ഉദ്ധവ് താക്കറെയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസിന്‍റെ മധ്യസ്ഥ ശ്രമത്തിലൂടെയാണ് ശിവസേന നിലപാടിൽ അയവ് വരുത്തിയതെന്നാണ് സൂചന. 

click me!