സഹോദരനെതിരെ മത്സരിക്കാൻ മകൻ; അഴഗിരിയുടെ തട്ടകത്തിൽ സ്റ്റാലിൻ ഉദയനിധിയെ ഇറക്കുമോ?

By Web TeamFirst Published Feb 3, 2019, 7:03 PM IST
Highlights

മകനേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള സ്റ്റാലിന്‍റെ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി ഉയരുന്നുണ്ട്. ഇത് നേട്ടമാക്കാമെന്നാണ് ഡിഎംകെ വിരുദ്ധരുടെ കണക്കുകൂട്ടൽ

ചെന്നൈ: എം കെ അഴഗിരിയുടെ തട്ടകമായ മധുരയില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു. ഡിഎംകെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഗ്രാമസഭാ യോഗങ്ങളില്‍ ഉദയനിധി സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്. മകനേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള സ്റ്റാലിന്‍റെ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി ഉയരുന്നുണ്ട്. ഇത് നേട്ടമാക്കാമെന്നാണ് ഡിഎംകെ വിരുദ്ധരുടെ കണക്ക്കൂട്ടല്‍. 

ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തമിഴ്നാട് കോണ്‍ഗ്രസില്‍ അഴിച്ചുപണി നടക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ അടുത്ത അനുയായായ കെ എസ് അഴഗിരിയെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. അണ്ണാ ഡിഎംകെയുമായി, പ്രത്യേകിച്ച് എടപ്പാടി പക്ഷവുമായി അടുപ്പം പുലര്‍ത്തിയിരുന്ന എസ് തിരുനാവക്കരശിനെ നീക്കിയാണ് എഐസിസി, ടിഎന്‍പിസിസിയുടെ ചുമതല കെ എസ് അഴഗിരിക്ക് നല്‍കിയത്. 

കഴിഞ്ഞ ലോക്സഭാ തിര‌ഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പമായിരുന്ന പിഎംകെയുമായി അണ്ണാഡിഎംകെയുടെ സഖ്യചര്‍ച്ച തുടരുന്നതിനിടയിലാണ് പുതിയ മാറ്റം. അണ്ണാഡിഎംകെ, പിഎംകെ , ദിനകര പക്ഷത്തിനെതിരെ ഡിഎംകെയ്ക്കൊപ്പം ചേര്‍ന്ന് വെല്ലുവിളി ഉയര്‍ത്തുകയാണ് അഴഗിരിക്ക് മുന്നിലെ ദൗത്യം.

തിരഞ്ഞെടുപ്പിന് ശേഷം സഖ്യരൂപീകരണത്തിനാണ് അണ്ണാ ഡിഎംകെ- ബിജെപി ക്യാമ്പിലെ നീക്കം.  ബിജെപി വിരുദ്ധ സഖ്യം എന്ന നിലയില്‍  ഡിഎംകെയ്ക്കും എംഡിഎംകെയ്ക്കുമൊപ്പം കൈകോര്‍ത്ത് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
 

click me!