
ദില്ലി: ഉത്തര്‍പ്രദേശില്‍(UP) രണ്ടാം യോഗി ആദിത്യനാഥ് (Yogi Adityanath) സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഹോളിക്ക് മുന്‍പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ മുഖ്യമന്ത്രിമാർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. മന്ത്രി സഭാ രൂപീകരണം അടക്കമുളള വിഷയങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്രദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ചരിത്ര വിജയത്തിലൂടെ ഉത്തര്‍പ്രദേശില്‍ തുടർഭരണം സ്വന്തമാക്കിയ ബിജെപി രണ്ടാം മന്ത്രിസഭ രൂപികരണത്തിലേക്ക് കടക്കുകയാണ്. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ , ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയാകും യോഗിയുടെ മന്ത്രി സഭാ രൂപികരണം. ഈ മാസം പതിനെട്ടിന് ഹോളി ആഘോഷിക്കുന്നതിന് മുൻപ് രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും. ഈ മാസം പതിനാലിനും പതിനേഴിനും ഇടയില്‍ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര നേതൃത്വവുമായി നാളെയാകും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുക. ആര്‍ക്കൊക്കെ മന്ത്രി സ്ഥാനം ലഭിക്കുമെന്നത് അടക്കം ഈ കൂടിയാലോചനക്ക് ശേഷമേ വ്യക്തമാകൂ. നിലവിലെ മന്ത്രിമാരിലെ ചിലരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചനകള്‍
"എല്ലാം തീരുമാനവും എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. ഞങ്ങള്‍ പ്രവർത്തകരാണ് നിര്‍ദേശം തരുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കും". ബിജെപി യുപി അധ്യക്ഷന്‍ സ്വതന്ത്രദേവ് പറഞ്ഞു.
ചരിത്ര വിജയത്തിനിടയിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കം യുപി മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ തോറ്റത് യുപിയിലെ ബിജെപിയുടെ വിജയത്തിന്‍റെ മാറ്റ് കുറക്കുന്നതാണ്. സിരാതുവില്‍ തോറ്റ കേശവ് പ്രസാദ് മൗര്യയെ ദേശീയ തലത്തിലേക്ക് നിയോഗിച്ചേക്കും. പകരം പിന്നോക്ക വിഭാഗക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവിനെ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാധ്യത.
മുലായം സിങ് യാദവിന്‍റെ മരുമകള്‍ അപർണ യാദവ്, കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ അതിഥി സിങ് എന്നിവർക്കും മന്ത്രി സ്ഥാനം ലഭിക്കാനിടയുണ്ട്. 9 തവണ എംഎല്‍എ ആയ മുന്‍ മന്ത്രി സുരേഷ് കുമാര്‍ സ്പീക്കര്‍ സ്ഥാനത്ത് പരിഗണിക്കപ്പെടും.
ഘടകക്ഷികളായ അപ്നാദളിന് മൂന്നും നിഷാദ് പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനവും നല്‍കാനുളള സാധ്യതയാണ് ഉള്ലത്. വിജയാഘോഷങ്ങള്‍ക്ക് പിന്നാലെ ഒന്നാം യോഗി സർക്കാരിന്‍റെ അവസാനമന്ത്രിസഭാ യോഗം ഇന്ന് ലക്നൗവില്‍ ചേർന്നു. തുടര്‍ഭരണം ലഭിച്ച സുരക്ഷ വികസന മോഡലിന് തന്നെയാകും രണ്ടാം യോഗി സർക്കാരിന്‍റെയും ഊന്നല്‍.