Mayawati BSP : എങ്ങനെ സംഭവിച്ചു ഇത്രയും വലിയ തകര്‍ച്ച; തുറന്ന് പറഞ്ഞ് മായവതി

Web Desk   | Asianet News
Published : Mar 11, 2022, 02:19 PM ISTUpdated : Mar 11, 2022, 03:30 PM IST
Mayawati BSP : എങ്ങനെ സംഭവിച്ചു ഇത്രയും വലിയ തകര്‍ച്ച; തുറന്ന് പറഞ്ഞ് മായവതി

Synopsis

ഈ ഭയം ബിഎസ്പിയുടെ അനുയായികള്‍ക്ക് പോലും ഉണ്ടായി. ഒബിസി സമുദായങ്ങളിൽ നിന്നുള്ളവരും മേല്‍ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്ക്കുന്നത്. 

ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിച്ച പാര്‍ട്ടിയാണ് ബഹുജന്‍ സമാജ്‍വാദി പാർട്ടി (BSP). എന്നാല്‍ 2022 ല്‍ എത്തുമ്പോള്‍ തീര്‍ത്തും തകര്‍ന്നുപോയ അവസ്ഥയിലാണ് മായവതിയുടെ ഈ പാര്‍ട്ടി. 'ആന ചെരിഞ്ഞു' എന്നാണ് ദേശീയ മാധ്യമങ്ങള്‍ പോലും ഒരു സീറ്റ് മാത്രം നേടിയ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ (UP Election 2022) ബിഎസ്പി പ്രകടനത്തെ വിലയിരുത്തിയത്. തന്‍റെ പാര്‍ട്ടിയുടെ വന്‍ തോല്‍വിയുടെ കാരണങ്ങള്‍ മായവതി (Mayawati) വെള്ളിയാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചു. യുപിയില്‍ ത്രികോണ മത്സരം നടക്കാത്തതാണ് തന്‍റെ പാര്‍ട്ടിയുടെ വന്‍ തകര്‍‍ച്ചയ്ക്ക് കാരണം എന്നാണ് മായവതി പ്രതികരിക്കുന്നത്

സമാജ്‍വാദി പാർട്ടിയുടെ 'ഗുണ്ടാരാജ്' വീണ്ടും വരുമോ എന്ന ഭയംമൂലം ദളിതരില്‍ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തു, ഈ ഭയം ബിഎസ്പിയുടെ അനുയായികള്‍ക്ക് പോലും ഉണ്ടായി. ഒബിസി സമുദായങ്ങളിൽ നിന്നുള്ളവരും മേല്‍ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്ക്കുന്നത്. അവര്‍ എസ്പി അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു. 

'ബിജെപിയെ പരാജയപ്പെടുത്താൻ മുസ്‍ലിംകള്‍ സമാജ്‍വാദി പാര്‍ട്ടിക്കൊപ്പം നിലകൊണ്ടു. ഇത് ബിഎസ്പിയെ മോശമായി ബാധിച്ചു. അവരെ വിശ്വസിച്ചതിൽ നിന്ന് ഞങ്ങൾ പാഠം പഠിച്ചു. ഈ അനുഭവം ഞങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും ചെയ്യും'- മായവതി പറയുന്നു. 

മുസ്‌ലിംകളുടെയും ദലിതുകളുടെയും വോട്ടുകൾ ഒന്നിച്ചിരുന്നെങ്കിൽ, പശ്ചിമ ബംഗാളിൽ തൃണമൂല്‍ ചെയ്തത് പോലെ ബിജെപിക്ക് തിരിച്ചടി ലഭിക്കുമായിരുന്നു. ത്രികോണ മത്സരം നടക്കാത്തത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചു. വളരെ പ്രകോപനകരമായ മുസ്‍ലിം വിരുദ്ധ പ്രചാരണമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നടത്തിയത്. ബിഎസ്പി ബിജെപിയുടെ ബി ടീം എന്ന തെറ്റായ പ്രചാരണം നടന്നു. ഒപ്പം മാധ്യമങ്ങള്‍ തീര്‍ത്തും വാസ്തവിരുദ്ധമായ സര്‍വേകള്‍ പുറത്തുവിട്ടു മായാവതി കുറ്റപ്പെടുത്തി. 

യുപിയില്‍ തുടര്‍ഭരണം 37 വര്‍ഷത്തിന് ശേഷം,മോദിയുടെ പിൻഗാമിയാകുമോ യോഗി? 

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്‍റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.

അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.

രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചർച്ച ദേശീയ രാഷ്ടീയത്തിൽ തുടങ്ങി വയ്ക്കാൻ കഴിഞ്ഞതും ആ മെയ് വഴക്കത്തിൻ്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയിൽ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനിൽക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാർട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു