പാർലമെന്‍റിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി കൈ പൊക്കാൻ കേരളത്തിൽ നിന്ന് 20 പേരുണ്ടാകും: എ കെ ആന്‍റണി

Published : Jan 29, 2019, 05:12 PM ISTUpdated : Jan 29, 2019, 05:29 PM IST
പാർലമെന്‍റിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി കൈ പൊക്കാൻ കേരളത്തിൽ നിന്ന് 20 പേരുണ്ടാകും: എ കെ ആന്‍റണി

Synopsis

നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള പരിശ്രമം കേരളത്തിൽ നിന്ന് തുടങ്ങുകയാണ്. നാലര വര്‍ഷം മോദി കേരളത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല. ആ മോദിയാണ് ഇപ്പോൾ ആഴ്ചതോറും  അടിക്കടി കേരളത്തിൽ എത്തുന്നത്.  കേരളത്തിൽ ഒരു സീറ്റിലും ബിജെപി ജയിക്കാൻ പോകുന്നില്ലെന്ന് എ കെ ആന്‍റണി പറഞ്ഞു.

കൊച്ചി: നരേന്ദ്രമോദിയെ അടിയറവ് പറയിക്കാൻ കെൽപ്പുള്ള നേതാവായി രാഹുൽ ഗാന്ധി ഉയർന്നിരിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്‍റണി. കേരളം രാഹുലിനൊപ്പമുണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്യുന്ന സന്ദർഭമാണ് ഇത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം പാർലമെന്‍റിൽ രാഹുൽ ഗാന്ധിക്കുവേണ്ടി കൈ പൊക്കാൻ കേരളത്തിൽ നിന്ന്പേ ഇരുപത് പേരുണ്ടാകുമെന്നും എ കെ ആന്‍റണി രാഹുൽ ഗാന്ധിക്ക് ഉറപ്പുനൽകി. കൊച്ചിയിൽ നടന്ന രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോൺഗ്രസ് നേതൃസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ പ്രതിരോധമന്ത്രി.

നരേന്ദ്രമോദിക്കും പിണറായി വിജയനും എതിരായ ജനവികാരം കേരളത്തിൽ ശക്തമാണ്. പക്ഷേ ജനവികാരം മാത്രം ഉണ്ടായാൽ പോരാ, അടിത്തട്ടിൽ സംഘടന ശക്തമാകണം. അല്ലെങ്കിൽ തോറ്റുപോകും. താനുൾപ്പെടെ മുഴുവൻ നേതാക്കളും പ്രവർത്തകരും ചെങ്ങന്നൂരിലെ തോൽവിയിൽ നിന്ന് പാഠം പഠിക്കണം. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് ബൂത്ത് ഭാരവാഹികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു കോൺഗ്രസ് സമ്മേളനം നടക്കുന്നത് കാണുന്നത്. രാഹുൽ ഗാന്ധി ബൂത്ത് തലത്തിലുള്ള നേതാക്കളെ കാണാനെത്തിയത് പ്രവർത്തകർക്ക് ലഭിച്ച അംഗീകാരമാണ്.  ഇനിയുള്ള ദിവസങ്ങളിൽ ബൂത്ത് തലം മുതൽ സംഘടന ശക്തമാക്കിയാൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ പരമാവധി എംപിമാരെ ജയിപ്പിക്കാൻ കോൺഗ്രസിനാകുമെന്നും എ കെ ആന്‍റണി പറഞ്ഞു.

നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള പരിശ്രമം കേരളത്തിൽ നിന്ന് തുടങ്ങുകയാണ്. നാലര വര്‍ഷം മോദി കേരളത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല. ആ മോദിയാണ് ഇപ്പോൾ ആഴ്ചതോറും അടിക്കടി കേരളത്തിൽ എത്തുന്നത്.  കേരളത്തിൽ ഒരു സീറ്റിലും ബിജെപി ജയിക്കാൻ പോകുന്നില്ല. ഇടത് മുന്നണിയെ തറപറ്റിക്കാനുള്ള കരുത്തും കോൺഗ്രസ് പ്രവ‍ത്തകർക്കുണ്ട്. പ്രളയം നേരിട്ട കേരള ജനതയെ പിണറായി വഞ്ചിച്ചു. കേരളത്തിലെ കോൺഗ്രസ് ഉണര്‍ന്നിരിക്കുന്നുവെന്ന് പിണറായി വിജയനെ താൻ ഓ‍ർമ്മിപ്പിക്കുകയാണെന്നും ആന്‍റണി പറഞ്ഞു. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്തത് യുക്തമായ നിലപാടായിരുന്നു. കേരള സ‍ർക്കാരിനും കേരളത്തെ കുരുതിക്കളമാക്കിയ ബിജെപിക്കും തെരഞ്ഞെടുപ്പിൽ മറുപടി നൽകണമെന്നും എ കെ ആന്‍റണി കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. 

PREV
click me!