പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥിയാകാൻ കരുനീക്കി തോമസ് ചാണ്ടി; മനസ്സു തുറക്കാതെ സിപിഎം

By Web TeamFirst Published Feb 10, 2019, 6:29 PM IST
Highlights

പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി പി പീതാബരൻ മാസ്റ്ററെയും മന്ത്രി എ കെ ശശീന്ദ്രനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണി കൺവീനർ എ വിജയരാഘവനെയും തോമസ് ചാണ്ടി കണ്ട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് മാറിയതോടെ കേന്ദ്രത്തിൽ ഒരു കൈ നോക്കാമെന്ന കണക്കുകൂട്ടലിലാണ് കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി. ലോക് സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് തോമസ് ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എൻസിപി ആവശ്യപ്പെടുന്നത്. തോമസ് ചാണ്ടിക്ക് മത്സരിക്കാൻ സീറ്റ് വിട്ട് നൽകണമെന്നാവശ്യപ്പെട്ട് എൻസിപി നേതൃത്വം സിപിഎം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. 

തൂക്ക് പാർലമെന്‍റ് അടക്കമുള്ള സാഹചര്യം വന്നാൽ വലിയ സാധ്യതകളുണ്ടെന്നാണ് എൻസിപി സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി പി പീതാബരൻ മാസ്റ്ററെയും മന്ത്രി എ കെ ശശീന്ദ്രനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണി കൺവീനർ എ വിജയരാഘവനെയും  കണ്ട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഇടതുമുന്നണിക്ക് കത്തും നൽകിയിട്ടുണ്ട്.

പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകൾ ഇടത്തേക്ക് അടുപ്പിക്കാൻ തോമസ് ചാണ്ടിക്ക് ആകുമെന്നാണ് എൻസിപിയുടെ അവകാശവാദം. മാർത്തോമാ സഭയുടെ പിന്തുണയും ഇവർ ഉറപ്പ് പറയുന്നു. പകരം മഹാരാഷ്ട്രയിൽ സിപിഎമ്മിന് വിജയസാധ്യതയുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. സിപിഎം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മാർച്ച് 2-ന്  സംസ്ഥാന തല ജാഥകൾ സമാപിച്ചതിന് ശേഷമാണ് ഇടുതുമുന്നണി സീറ്റ് ചർച്ചകളിലേക്ക് കടക്കുക.

click me!