തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി; എട്ട് സീറ്റ് ചോദിച്ച് ബിഡിജെഎസ്

By Web TeamFirst Published Jan 30, 2019, 6:36 PM IST
Highlights

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കില്ല. നേതാക്കള്‍ കൂട്ടത്തോടെ മത്സരിച്ചത് തിരിച്ചടിയായിയായെന്നും നേതാക്കള്‍ മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് തുഷാര്‍. എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യപ്പെട്ടതെല്ലാം കിട്ടണമെന്നില്ലെന്നും തുഷാര്‍ പറഞ്ഞു.

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് തുഷാർ ആലപ്പുഴയില്‍ പറഞ്ഞു. ബി ജെ പിയോട് എട്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും ബി ഡി ജെ എസ് കടുത്ത നിലപാടിലേക്ക് പോയേക്കില്ലെന്നാണ് സൂചന.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ കൂടുതല്‍ വോട്ട് നേടി വിജയിക്കാന്‍ സാധ്യതയുള്ള സീറ്റ് നല്‍കാമെന്നായിരുന്നു ബി ജെ പിയുടെ വാഗ്ദാനം. എന്നാല്‍ മത്സരിക്കാനില്ലെന്ന സൂചന തുഷാര്‍ നല്‍കിയതോടെ ബി ഡി ജെ എസ് ആവശ്യപ്പെടുന്ന സീറ്റുകള്‍ കൊടുക്കില്ലെന്ന കാര്യം ഏതാണ്ടുറപ്പായിക്കഴിഞ്ഞു. എട്ട് സീറ്റുകളുടെ പട്ടിക എന്‍ ഡി എ നേതൃത്വത്തിന് കൊടുത്തിട്ടുണ്ട്. എന്നാല്‍ ബി ജെ പിയുമായി സീറ്റുകളുടെ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് ബി ഡി ജെ എസ് ഇക്കുറി തയ്യാറായേക്കില്ല.

ചോദിച്ച സീറ്റുകള്‍ മുഴുവന്‍ കിട്ടണമെന്നില്ല. നാല് സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണ് എന്ന് ബിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുമില്ല. കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഏഴു സീറ്റുകള്‍ വരെ വിജയിക്കാം. തനിക്ക് എംപി സ്ഥാനം കിട്ടിയെന്ന രീതിയില്‍ വാര്‍ത്ത വരുത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ച ബി ജെ പി നേതാക്കളെ അമിത് ഷാ താക്കീത് ചെയ്തിട്ടുണ്ട്. അപമാനിച്ചവരുടെ പേരുകള്‍ പറയേണ്ട ആവശ്യമില്ലെന്നും തുഷാര്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം പറഞ്ഞു.

click me!