തെലങ്കാന; ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതായി സംശയം

By Web TeamFirst Published Nov 27, 2018, 11:30 PM IST
Highlights

തിങ്കളാഴ്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് ചന്ദ്രമുഖി വീട്ടിലേക്ക് പോയത്. രാവിലെ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിയെന്നാണ് കരുതുന്നത്.  ചന്ദ്രമുഖിയെ കണ്ടെത്താന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. 

ഹൈദരാബാദ്: തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ ചന്ദ്രമുഖി മുവ്വാലയെ കാണാനില്ല. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായി ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നാണ് ചന്ദ്രമുഖി മത്സരിക്കുന്നത്. ചന്ദ്രമുഖിയെ കാണാനില്ലെന്ന് കാണിച്ച് ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കി. 

വീട്ടില്‍നിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ചന്ദ്രമുഖിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇവരാണ്. എന്നാല്‍ ചന്ദ്രമുഖിയുമായി ബന്ധപ്പെടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാനില്ലെന്ന് വ്യക്തമായതെന്ന് സമിതി പറഞ്ഞു. ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. 

തിങ്കളാഴ്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് ചന്ദ്രമുഖി വീട്ടിലേക്ക് പോയത്. രാവിലെ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിയെന്നാണ് കരുതുന്നത്.  ചന്ദ്രമുഖിയെ കണ്ടെത്താന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. 

തെലങ്കാനയിലെ ആദ്യ ട്രാന്‍സ്‍വുമണ്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. നിലവിലെ ബിജെപി എംഎല്‍എ രാജ സിംഗിന് പുറമെ കോണ്‍ഗ്രസിന് വേണ്ടി മുകേഷ് ഗൗഡ്, ടിആര്‍എസിന് വേണ്ടി പ്രേം സിംഗ് റാത്തോര്‍ എന്നിവരും ഗോഷാമഹലില്‍ മത്സരിക്കുന്നുണ്ട്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11 ന് ഫലം പ്രഖ്യാപിക്കും. 

click me!