തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദിത്യനാഥും അസദ്ദുദ്ദീൻ ഒവൈസിയും തമ്മിൽ വാക്പോര്

By Sravan KrishnaFirst Published Dec 3, 2018, 8:05 PM IST
Highlights

അസദ്ദുദ്ദീൻ ഒവൈസിക്ക് പിന്നാലെ പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനെന്ന് വിളിച്ച് തെലങ്കാനയിലെ സ്ഥാനാർത്ഥിയും ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസി രംഗത്തെത്തിയതും വിവാദമായി. എന്ത് ചോദിച്ചാലും ചായ, ചായ എന്ന് മാത്രമാണ് മോദിയുടെ ഉത്തരം എന്നാണ് അക്ബറുദ്ദീൻ ഒവൈസിയുടെ പരിഹാസം. നോട്ട് നിരോധനത്തെക്കുറിച്ച് ചോദിച്ചാൽ പോലും ചായ എന്നാണ് മോദി ഉത്തരം  പറയുകയെന്നും പരിഹാസം.

ജയ്പൂർ: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഹൈദരാബാദിൽ നിന്ന് നിസാം ഓടിപ്പോയതുപോലെ ഒവൈസിക്കും ഓടിപ്പോകേണ്ടി വരും എന്നാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞത്. ആദിത്യനാഥിന്‍റെ മുന്നറിയിപ്പ് പുറത്തുവന്ന് തൊട്ടടുത്ത പൊതുയോഗത്തിൽ മജ്‍ലിസ് പാർട്ടി നേതാവ് അസദ്ദുദ്ദീൻ ഒവൈസി തിരിച്ചടിച്ചു. "ഒന്നാമതായി താങ്കൾക്ക് ചരിത്രം അറിയില്ല. ചരിത്രബോധത്തിൽ നിങ്ങൾ വട്ടപ്പൂജ്യമാണ്. നിസാം ഹൈദരാബാദിൽ നിന്ന് ഓടിപ്പോയതല്ല. രാജപ്രമുഖനായാണ് അദ്ദേഹം പോയത്.' താൻ ആദിത്യനാഥിന് നിസാമിന്‍റെ ഖബറിടം കാട്ടിത്തരാമെന്നും പക്ഷേ കണ്ടാലും അതിന്‍റെ പേര് മാറ്റണമെന്നേ അദ്ദേഹം പറയൂ എന്നും അസാദുദ്ദീൻ ഒവൈസി പരിഹസിച്ചു.

തെലങ്കാനയിൽ കോൺഗ്രസിനെക്കാളും ടിആ‍ർഎസിനെക്കാളും ബിജെപി ഉന്നമിടുന്നത് ഒവൈസിയേയും മജ്‍ലിസ് പാർട്ടിയെയുമാണ്. പഴയ ഹൈദരാബാദിൽ ഒവൈസിക്കുള്ള വലിയ ജനപിന്തുണ തന്നെയാണ് ഇതിന് കാരണം. ടിആർഎസുമായി സൗഹൃദ മത്സരം കണക്കുകൂട്ടിയ ബിജെപിയെ, ഒവൈസിയും ചന്ദ്രശേഖര റാവുവും തമ്മിലുള്ള സഹകരണവും അസ്വസ്ഥമാക്കുന്നുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിലപ്പോകില്ലെന്ന് പറഞ്ഞ്, ബിജെപിക്കെതിരെയുള്ള ആക്രമണം ശക്തമാക്കുകയാണ് അസദുദ്ദീൻ ഒവൈസി. പ്രധാനമന്ത്രിക്ക് എതിരെയായിരുന്നു അക്ബറുദ്ദീൻ ഒവൈസിയുടെ പ്രസംഗം.

അതിനിടെ, പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനെന്ന് വിളിച്ച് തെലങ്കാനയിലെ സ്ഥാനാർത്ഥിയും ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസിയും രംഗത്തെത്തിയതും വിവാദമായി. എന്ത് ചോദിച്ചാലും ചായ, ചായ എന്ന് മാത്രമാണ് മോദിയുടെ ഉത്തരം എന്നാണ് അക്ബറുദ്ദീൻ ഒവൈസിയുടെ പരിഹാസം. നോട്ട് നിരോധനത്തെക്കുറിച്ച് ചോദിച്ചാൽ പോലും ചായ എന്നാണ് മോദി ഉത്തരം  പറയുകയെന്നും പരിഹാസം.

അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്നും രാമരാജ്യത്തിനായി തെലങ്കാനയും പങ്കുവഹിക്കണം എന്നതുമടക്കം തീവ്രഹിന്ദുത്വത്തിൽ ഊന്നിയാണ് ബിജെപിയുടെ പ്രചാരണം. ഉത്തർപ്രദേശിലെ ആൾക്കൂട്ട ആക്രമണങ്ങളടക്കം എടുത്തുപറഞ്ഞ് ഇതിനെ പ്രതിരോധിക്കുകയാണ് ഒവൈസിയും കൂട്ടരും.

click me!