UP Election 2022 : യോഗിക്കെതിരെ 'രാവൺ', റായ്ബറേലി എംഎൽഎ ബിജെപിയിൽ, ട്വിസ്റ്റിന്‍റെ യുപി

By Web TeamFirst Published Jan 20, 2022, 1:48 PM IST
Highlights

നേരത്തേ തന്നെ യുപിയിലെ ദളിത് ഐക്കണായ ചന്ദ്രശേഖർ യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഗോരഖ്‍പൂർ അർബൻ അഥവാ ഗോരഖ്‍പൂർ സദർ എന്ന മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിന് പിറ്റേന്നാണ് ചന്ദ്രശേഖറിന്‍റെ പ്രഖ്യാപനം.

ദില്ലി/ ലഖ്നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ താൻ ഭീം ആർമി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് 'രാവൺ' എന്നറിയപ്പെടുന്ന പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. 

നേരത്തേ തന്നെ യുപിയിലെ ദളിത് ഐക്കണായ ചന്ദ്രശേഖർ യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഗോരഖ്‍പൂർ അർബൻ അഥവാ ഗോരഖ്‍പൂർ സദർ എന്ന മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിന് പിറ്റേന്നാണ് ചന്ദ്രശേഖറിന്‍റെ പ്രഖ്യാപനം. എംഎൽഎ സ്ഥാനത്തിനായി യോഗി ആദിത്യനാഥ് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യോഗിക്കെതിരെ സമാജ്‍വാദി പാർട്ടി ആരെ സ്ഥാനാർത്ഥിയാക്കുമെന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ചന്ദ്രശേഖർ ആസാദും ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 

ഇതിന് മുമ്പ് 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. അന്ന് സ്വന്തമായി രാഷ്ട്രീയപാർട്ടിയില്ലാത്തതിനാൽ മായാവതിക്കും കോൺഗ്രസിനും പിന്തുണ നൽകുകയാണെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ഇപ്പോൾ ഭീം ആർമിയെന്ന പാർട്ടി രൂപീകരിച്ച സാഹചര്യത്തിൽ യോഗിയെ നേരിട്ടെതിർക്കാൻ ഇറങ്ങുകയാണെന്നും ചന്ദ്രശേഖർ. ''യുപി നിയമസഭയിൽ ഒരിടം ഉണ്ടാകുക എന്നത് ഭീം ആർമിയെ സംബന്ധിച്ച് പ്രധാനമാണ്. യോഗി ആദിത്യനാഥ് യുപി നിയമസഭയിൽ ഇനി എത്താതിരിക്കുക എന്നതും നിർണായകമാണ്. അതിനാൽ യോഗി മത്സരിക്കുന്ന ഇടത്ത് ഞാനും മത്സരിക്കും'', ചന്ദ്രശേഖർ നേരത്തേ വ്യക്തമാക്കിയിരുന്നു. 

അതേസമയം, ഗോരഖ്‍പൂരിലോ കിഴക്കൻ ഉത്തർപ്രദേശിലോ കാര്യമായ എന്തെങ്കിലും സ്വാധീനവും ചെലുത്താൻ കഴിയുന്ന കൃത്യമായ വോട്ട് ബാങ്ക് ചന്ദ്രശേഖർ ആസാദിനോ ഭീം ആർമിക്കോ ഇല്ല എന്ന കാര്യം ശ്രദ്ധേയമാണ്. 1989 മുതൽ ഗോരഖ്‍പൂരിൽ ബിജെപിയല്ലാതെ മറ്റാരും ജയിച്ചിട്ടില്ല. അഖിലഭാരതീയ ഹിന്ദു മഹാസഭാ സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിച്ച മറ്റൊരാൾ. 2017-ലാണ് അഖിലഭാരതീയ ഹിന്ദു മഹാസഭയിൽ നിന്ന് ബിജെപിയുടെ രാധാമോഹൻദാസ് അഗർവാൾ ഗോരഖ്പൂർ സീറ്റ് ബിജെപിക്കായി തിരിച്ചുപിടിച്ചത്. അന്ന് അറുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാധാമോഹൻദാസ് അഗർവാൾ ജയിച്ചത്. 

യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തന്നെയാണ് ചന്ദ്രശേഖർ ആസാദിന്‍റെ തീരുമാനം. നേരത്തേ സമാജ്‍വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവുമായി ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയെങ്കിലും സഖ്യസാധ്യത തെളിഞ്ഞിരുന്നില്ല. എസ്പി സഖ്യത്തിൽ മത്സരിക്കുകയാണെങ്കിൽ 10 മുതൽ 25 സീറ്റുകൾ വരെയാണ് ഭീം ആർമി ചോദിച്ചത്. എന്നാൽ പരമാവധി മൂന്ന് സീറ്റുകളേ നൽകാനാകൂ എന്നായിരുന്നു സമാജ്‍വാദി പാർട്ടിയുടെ നിലപാട്. ഇതോടെയാണ് അഖിലേഷുമായി ഒരു സഖ്യത്തിനുമില്ലെന്നും ദളിതരെ ഉപയോഗിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മാത്രമേ അഖിലേഷിനുള്ളൂ എന്നും ആരോപിച്ച് ചന്ദ്രശേഖർ സഖ്യസാധ്യതകൾ അടച്ചത്. 

2017-ൽ യുപിയിലെ സഹാരൺപൂരിൽ ദളിതുകളും സവർണരായ ഠാക്കൂർമാരും തമ്മിലുണ്ടായ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിലാണ് ദളിത് യുവാക്കളൊന്നിച്ച് ചേർന്ന് രൂപീകരിച്ച ഭീം ആർമി ദേശീയശ്രദ്ധയിലെത്തുന്നത്. അന്ന് വ്യത്യസ്തമായ ഗെറ്റപ്പിൽ നീല ഷോൾ പുതച്ച് യോഗങ്ങൾക്കെത്തുന്ന ചന്ദ്രശേഖർ ആസാദ് തന്‍റെ ഒഴുക്കുള്ള ഉശിരൻ പ്രസംഗങ്ങളിലൂടെയും രൂപത്തിലൂടെയും രാഷ്ട്രീയകേന്ദ്രങ്ങളുടെ ശ്രദ്ധ നേടി. പിന്നീട് സംഘർഷങ്ങളുടെ പേരിൽ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അലഹാബാദ് ഹൈക്കോടതി ചന്ദ്രശേഖറിന് ജാമ്യം നൽകിയെങ്കിലും കൂടുതൽ കടുത്ത ജാമ്യവ്യവസ്ഥകളുള്ള ദേശീയസുരക്ഷാ നിയമം ചുമത്തി വീണ്ടും യുപി പൊലീസ് ഭീം ആർമി അധ്യക്ഷനെ അറസ്റ്റ് ചെയ്തു. 16 മാസം ജയിലിൽ കഴിഞ്ഞ ശേഷം പിന്നീട് സെപ്റ്റംബർ 2018-ലാണ് ചന്ദ്രശേഖർ ആസാദ് ജയിൽമോചിതനായത്. 

കോൺഗ്രസിന് 'തട്ടകത്തിൽ അടി'

ഇതിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‍ബറേലിയിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയേൽക്കുകയാണ്. ഒരു കാലത്ത് സോണിയ കുടുംബത്തിന്‍റെ വിശ്വസ്തയായിരുന്നു റായ്ബറേലിയിൽ കഴിഞ്ഞ തവണ വിജയിച്ച അദിതി സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രിയങ്കയ്ക്കും രാഹുലിനും ഒപ്പം അദിതി സിംഗ് പ്രചാരണത്തിൽ സജീവമായിരുന്നു. കുറെ നാളായി പാർട്ടിയുമായി തെറ്റി നിന്ന അദിതി സിംഗ് ഇന്ന് രാജിക്കത്ത് നല്കിയെന്നറിയിച്ചു. അവർ ബിജെപിയിൽ ചേരാനാണ് സാധ്യത. നേരത്തേ തന്നെ അദിതി യോഗിയെ പുകഴ്ത്തിയും കോൺഗ്രസിനെതിരെ പ്രസ്താവനകൾ നടത്തിയും പാർട്ടിയിൽ നിന്ന് അകന്നാണ് നിന്നിരുന്നത്. ഇതിനിടെ, കോൺഗ്രസിന്‍റെ വനിതാ ശാക്തീകരണ പ്രചാരണത്തിന്‍റെ മുഖമായ പ്രിയങ്ക മൗര്യയും ബിജെപിയിൽ ചേർന്നു. 'ലഡ്കി ഹൂം, ലഡ് സക്തി ഹൂം' എന്ന പ്രചാരണത്തിന്‍റെ മുഖമായിരുന്നു അവർ. പിന്നാക്ക വിഭാഗ നേതാക്കൾ പാർട്ടി വിട്ടത് തിരിച്ചടിയായ സാഹചര്യത്തിൽ രണ്ടു ദിവസമായി പല പാർട്ടികളിൽ നിന്നായി പ്രധാനനേതാക്കൾ വരുന്നത് ബിജെപിക്ക് ആശ്വാസമാകുകയാണ്. 

അഖിലേഷ് എവിടെ മത്സരിക്കും?

അതേസമയം, അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എവിടെ മത്സരിക്കും എന്ന് തീരുമാനിച്ചിട്ടില്ല. എസ്പി ശക്തികേന്ദ്രമായ മെയിൻപുരിയിൽ അഖിലേഷ് യാദവ് മത്സരിക്കണം എന്നാണ് ഇപ്പോൾ ഉയരുന്ന നിർദ്ദേശം. ന്യൂനപക്ഷങ്ങൾ സ്വാധീനമുള്ള അസംഗഢിൽ മത്സരിക്കുന്നത് ബിജെപിയുടെ ധ്രുവീകരണ നീക്കങ്ങളെ സഹായിക്കുമെന്നാണ് വാദം. 

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുപിയിലെ സീറ്റ് നില നോക്കാം:

 

 

click me!