Latest Videos

UP Election 2022 : എസ്പി - 'രാവൺ' സഖ്യം വരുമോ? ചന്ദ്രശേഖർ ആസാദ് അഖിലേഷ് യാദവിനെ കാണും

By Web TeamFirst Published Jan 13, 2022, 6:10 PM IST
Highlights

ചെറുപാർട്ടികളുമായി ചേർന്ന് വലിയൊരു സഖ്യം രൂപീകരിക്കുകയാണ് അഖിലേഷ് യാദവിന്‍റെ പദ്ധതി. അപ്നാ ദൾ, ജയന്ത് ചൗധുരിയുടെ രാഷ്ട്രീയ ലോക് ദൾ, ജൻ അധികാർ പാർട്ടി എന്നിങ്ങനെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായി സഖ്യം രൂപീകരിച്ച ശേഷമാണ് ആസാദുമായി അഖിലേഷ് കാണുന്നത്. 

ലഖ്നൗ: ദേശീയശ്രദ്ധ നേടിയ ദളിത് സ്വത്വാവകാശനേതാവും ഭീം ആ‍ർമി തലവനുമായ ചന്ദ്രശേഖർ ആസാദ് രാവൺ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കാണും. ദളിത് സമരപോരാട്ടങ്ങളുടെ മുഖമായ ചന്ദ്രശേഖർ ആസാദുമായി കൈകോർക്കാൻ കഴിഞ്ഞാൽ പിന്നാക്കവിഭാഗങ്ങളിൽ ഒരു വലിയ വിഭാഗത്തിന്‍റെ വോട്ടുബാങ്ക് സ്വന്തമാക്കാൻ സമാജ്‍വാദി പാർട്ടിക്ക് കഴിയും. ആർഎൽഡിയും അപ്നാ ദളുമുൾപ്പടെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായി ഇപ്പോഴേ സമാജ്‍വാദി പാർട്ടി സഖ്യമുണ്ടാക്കിക്കഴിഞ്ഞു. 

പിന്നാക്കവിഭാഗങ്ങൾ യോഗിയുടെ ഭരണത്തിൽ അതൃപ്തരാണെന്നത് തെളിയിക്കുന്നതാണ് തുടർച്ചയായി യോഗി മന്ത്രിസഭയിലെ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ള എംഎൽഎമാരുടെ രാജി. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മൂന്ന് മുതിർന്ന മന്ത്രിമാരാണ് ബിജെപി പാളയം വിട്ടത്. ഇവരടക്കം പതിനാല് എംഎൽഎമാർ ബിജെപിയിൽ നിന്ന് രാജിവച്ചു. അതൃപ്തരായ ഈ എംഎൽഎമാരും സമാജ്‍വാദി പാർട്ടിയിലേക്ക് എത്തുമെന്ന് തന്നെയാണ് സൂചനകൾ. എല്ലാവർക്കും സ്വാഗതമെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

യോഗി ആദിത്യനാഥ് 403-ൽ 312 സീറ്റുകളോടെ വോട്ടുകൾ തൂത്തുവാരിയ മുമ്പത്തെ തെരഞ്ഞെടുപ്പിലേത് പോലല്ല, അരയും തലയും മുറുക്കി പോരിനൊരുങ്ങാൻ തന്നെയാണ് അഖിലേഷ് യാദവിന്‍റെ തീരുമാനം. ബിഎസ്‍പിയും കോൺഗ്രസും സഖ്യമില്ലാതെ വെവ്വേറെയാണ് മത്സരിക്കുന്നത്. ചെറുപാർട്ടികളുമായി ചേർന്ന് വലിയൊരു സഖ്യം രൂപീകരിക്കുകയാണ് അഖിലേഷ് യാദവിന്‍റെ പദ്ധതി. അപ്നാ ദൾ, ജയന്ത് ചൗധുരിയുടെ രാഷ്ട്രീയ ലോക് ദൾ, ജൻ അധികാർ പാർട്ടി എന്നിങ്ങനെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായി സഖ്യം രൂപീകരിച്ച ശേഷമാണ് ആസാദുമായി അഖിലേഷ് കാണുന്നത്. 

ജാട്ട് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരൺ സിംഗിന്‍റെ ജന്മവാർഷികദിനത്തിൽ ചന്ദ്രശേഖർ ആസാദ് അദ്ദേഹത്തിന് ആദരമർപ്പിച്ച് ട്വീറ്റ് ചെയ്തത് കൗതുകത്തോടെയാണ് രാഷ്ട്രീയനിരീക്ഷകർ കണ്ടത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വൻകിട ഭൂവുടമകളിൽ പലരും ജാട്ട് സമുദായത്തിൽപ്പെട്ടവരാണ്. ദളിതരും ഭൂരഹിതരുമായ കർഷകരെ അടിച്ചമർത്തിയവരിൽ പ്രമുഖരും ജാട്ട് സമുദായക്കാരാണ്. ജഗ്‍ജീവൻ റാമെന്ന ചമാർ ദളിത് നേതാവിനെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നതിൽ നിന്ന് 1977-ൽ ജനതാ സർക്കാരിന്‍റെ കാലത്ത് തടഞ്ഞത് ചൗധരി ചരൺ സിംഗാണെന്നതിനും ചരിത്രം സാക്ഷ്യം. ഇതിനെല്ലാമിടയിലാണ് ജാട്ട് സമുദായക്കാരുമായി ഒരു സഖ്യസാധ്യത തുറന്നിട്ട് ചന്ദ്രശേഖർ ആസാദ് ചൗധരി ചരൺ സിംഗിന് ആദരമർപ്പിക്കുന്നത്. 

ഇതേ ചൗധരി ചരൺ സിംഗിന്‍റെ പേരക്കുട്ടി ജയന്ത് ചൗധുരിയും രാഷ്ട്രീയലോക് ദൾ എന്ന പാർട്ടിയും ഇത്തവണ അഖിലേഷ് യാദവുമായി കൈകോർത്തുവെന്നത് കൂടി ചേർത്ത് വായിക്കുമ്പോഴാണ് ചന്ദ്രശേഖർ ആസാദിന്‍റെ രാഷ്ട്രീയനീക്കം വ്യക്തമാകുക. അഖിലേഷിന്‍റെ അച്ഛനും എസ്പിയുടെ തലമുതിർന്ന ആചാര്യനുമായ മുലായം സിംഗ് യാദവിന്‍റെ രാഷ്ട്രീയഗുരു കൂടിയാണ് ചൗധരി ചരൺ സിംഗ്. ബിജെപിയെ എതിരിടാൻ പോന്ന വലിയൊരു സഖ്യം ചെറുപാർട്ടികൾ പലതിനെയും ചേർത്തുനിർത്തി ഇതിനകം അഖിലേഷ് യാദവ് നിർമിച്ചെടുത്തിട്ടുമുണ്ട്. 

എന്നാൽ ഔദ്യോഗികമായി ഒരു സഖ്യം ചന്ദ്രശേഖർ ആസാദുമായി രൂപീകരിക്കാൻ അഖിലേഷ് യാദവ് തയ്യാറാകുമോ എന്ന കാര്യം സംശയമാണെന്നും ഒരു വിഭാഗം രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‍പിയുമായി ഉണ്ടാക്കിയ സഖ്യം എസ്‍പിക്ക് ക്ഷീണമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് വിലയിരുത്തുന്ന മുലായം സിംഗ് യാദവ്, ചില മണ്ഡലങ്ങളിൽ ഭീം ആർമിയുമായി വോട്ടുകളുടെ കാര്യത്തിൽ സഹകരണമോ ധാരണയോ രൂപീകരിച്ചാൽ മതിയെന്നാണ് മകന് നൽകിയിരിക്കുന്ന ഉപദേശം. 

ജാട്ട്, ദളിത്, മുസ്ലിം സമുദായങ്ങൾ ഒന്നിച്ച് ചേർന്നാൽ അത് ഉത്തർപ്രദേശിൽ അനിഷേധ്യമായ ഒരു രാഷ്ട്രീയസഖ്യമായി വളരുമെന്ന കാര്യമുറപ്പാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ചുരുങ്ങിയത് നൂറ് സീറ്റുകളിലെങ്കിലും ജാട്ടുകൾക്ക് കാര്യമായ രാഷ്ട്രീയസ്വാധീനമുണ്ട്. 17 ശതമാനമാണ് ഉത്തർപ്രദേശിൽ ജാട്ട് ജനസംഖ്യ. മുസ്ലിങ്ങൾ 25 ശതമാനം, ദളിത് വിഭാഗക്കാർ 20 ശതമാനം. ഇത് ചെറിയ ചലനമാകില്ല ഉത്തർപ്രദേശിന്‍റെ രാഷ്ട്രീയഭൂപടത്തിൽ സൃഷ്ടിക്കുക.

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10-നാണ്. 

യുപിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ സീറ്റ് നില പരിശോധിക്കാം:

click me!