ജാതിസമവാക്യം പാലിച്ച് മന്ത്രിമാരെയും ഉപമുഖ്യമന്ത്രിയെയും കണ്ടെത്തണം, യോഗി ദില്ലിയിൽ

Published : Mar 13, 2022, 01:28 PM ISTUpdated : Mar 13, 2022, 01:30 PM IST
ജാതിസമവാക്യം പാലിച്ച് മന്ത്രിമാരെയും ഉപമുഖ്യമന്ത്രിയെയും കണ്ടെത്തണം, യോഗി ദില്ലിയിൽ

Synopsis

ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം, ഏതൊക്കെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നതിലാണ് പ്രധാന ചർച്ച. ദളിത് - പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനാകൂ. 

ദില്ലി/ ലഖ്നൗ: തുടർച്ചയായി രണ്ടാം തവണയും ഉത്തർപ്രദേശിൽ ചരിത്രവിജയം നേടി അധികാരത്തിലെത്തിയ ശേഷം മന്ത്രിസഭാരൂപീകരണ ചർച്ചകള്‍ക്കായി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി യോഗി ഇന്ന് ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ മുഖ്യമന്ത്രിമാർ അടക്കമുള്ളവർ ഹോളിക്ക് മുമ്പ് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഉറപ്പാണ്. 

അതേസമയം ഉത്തരാഖണ്ഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ ഒരാഴ്ചക്കുള്ളില്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. മണിപ്പൂരിൽ ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭാ രൂപീകരണചർച്ചകൾ ഉടൻ തുടങ്ങും. 

ഉത്തർപ്രദേശിൽ ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം, ഏതൊക്കെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നതിലാണ് പ്രധാന ചർച്ച. ദളിത് - പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനാകൂ. 

നിലവില്‍ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകള്‍ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്. ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ്, ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക് എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നല്‍കുമോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം. 

കുര്‍മി വിഭാഗക്കാരനാണ് സ്വതന്ത്രദേവ്. ബിഎസ്പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ. ബ്രാഹ്മിണ്‍ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്. നോയിഡയില്‍ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്‍റെ മകന്‍ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്. 

ഇന്ന് നടക്കുന്ന ച‍ർച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, അമിത് ഷാ, സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരും പങ്കെടുക്കും. ഉത്തരാഖണ്ഡില്‍ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ച‍ർച്ചയാകുന്നത്. ഇതില്‍ ഒരാഴ്ചക്കുള്ളില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. 

ഈ മാസം പതിനെട്ടിന് ഹോളി ആഘോഷിക്കുന്നതിന് മുൻപ് രണ്ടാം യോഗി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും. ഈ മാസം പതിനാലിനും പതിനേഴിനും ഇടയില്‍ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. 

മുലായം സിങ് യാദവിന്‍റെ മരുമകള്‍ അപർണ യാദവ്, കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ അതിഥി സിങ് എന്നിവർക്കും മന്ത്രി സ്ഥാനം ലഭിക്കാനിടയുണ്ട്. 9 തവണ എംഎല്‍എ ആയ മുന്‍ മന്ത്രി സുരേഷ് കുമാര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. ഘടകക്ഷികളായ അപ്നാദളിന് മൂന്നും നിഷാദ് പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനവും നല്‍കാനുളള സാധ്യതയാണ് കാണുന്നത്. തുടര്‍ഭരണം ലഭിച്ച സുരക്ഷാ- വികസന മോഡലിന് തന്നെയാകും രണ്ടാം യോഗി സർക്കാരിന്‍റെയും ഊന്നല്‍.

ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാണ്:

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു