UP Elections 2022 : ഉത്തർ പ്രദേശ് എന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ 'പരീക്ഷണ ശാല'

Published : Mar 10, 2022, 02:51 PM ISTUpdated : Mar 10, 2022, 02:54 PM IST
UP Elections 2022 : ഉത്തർ പ്രദേശ് എന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ 'പരീക്ഷണ ശാല'

Synopsis

'ഹിന്ദി ഹൃദയഭൂമി' എന്നറിയപ്പെടുന്ന ദേവനാഗരി ബെൽറ്റിലെഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. 

രണ്ടരലക്ഷത്തോളം ചതുരശ്ര കി മി വിസ്തൃതി. 80  ലോക്സഭാ മണ്ഡലങ്ങൾ. 403 നിയമസഭാ മണ്ഡലങ്ങൾ.  ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിലെ 'ഹിന്ദി ഹൃദയഭൂമി' എന്നറിയപ്പെടുന്ന ദേവനാഗരി ബെൽറ്റിലെഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുകെ എന്ന രാജ്യത്തോളം വലിപ്പം. യൂറോപ്പിലെ ഇംഗ്ലണ്ട്, ജർമനി,  സ്‌പെയിൻ എന്നീ നാലു രാജ്യങ്ങൾ ചേർത്താൽ ഉള്ളത്രയും വലിയ ജനസാന്നിധ്യം. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏഴു പതിറ്റാണ്ടു കാലം കൊണ്ട് ഏഴ് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്തിട്ടുള്ള ഈ സംസ്ഥാനം തന്നെയാണ് ഇന്ത്യാ മഹാരാജ്യത്തിലെ ഓരോ രാഷ്ട്രീയ ഭൂചലനത്തിന്റെയും പ്രഭവ കേന്ദ്രം. ദീർഘകാലം കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന ഉത്തർപ്രദേശിന്റെ രാഷ്ട്രീയ തലവര കഴിഞ്ഞ പതിറ്റാണ്ടുകളിൽ പല പല കാരണങ്ങളാൽ മാറിമറിഞ്ഞു വന്ന ഒന്നാണ്.അങ്ങനെ ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമാറി വന്ന ചരിത്രമുള്ള ഉത്തർപ്രദേശ് എന്ന സംസ്ഥാനം ഓരോ തവണ പോളിംഗ് ബൂത്തിലേക്ക് കയറുമ്പോഴും രാജ്യത്തെ ഏതൊരു കോണിലുമിരുന്നു വാർത്തകൾ പിന്തുടരുന്ന രാഷ്ട്രീയബോധമുള്ള പൗരന്മാരുടെ ഹൃദയമിടിപ്പുകൾക്ക് വേഗം കൂടാറുണ്ട്.  2022 -ൽ അഞ്ചു വർഷം പൂർത്തിയാക്കിയ  യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പിൽ പാർട്ടി വ്യക്തമായ ലീഡിലേക്ക് നീങ്ങുന്നതോടെ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഭരണത്തുടർച്ച നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായി മാറുകയാണ്. 

ഹിന്ദി ഹൃദയഭൂമി

ഇന്ത്യയുടെ ഇങ്ങു തെക്കേയറ്റത്തു കിടക്കുന്ന കേരളത്തിൽ കഴിയുന്ന നമ്മൾ മലയാളികൾക്ക് അങ്ങ് ഉത്തരപ്രദേശത്തിൽ ഇന്നോളം മാറിമാറി വീശിയിട്ടുള്ള കാറ്റുകൾ എന്തൊക്കെയായിരുന്നു എന്നറിയാൻ ചെറുതല്ലാത്ത കുതൂഹലം കാണും. ഹിന്ദി ഹൃദയ ഭൂമി എന്നറിയപ്പെടുന്ന ദേവനാഗരി ബെൽറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്ന് ഉത്തർ പ്രദേശ് ആണ്. ഭൂവിസ്തൃതി കൊണ്ട് ഇന്ത്യയുടെ 7.3 % മാത്രമാണ് യുപി എന്ന സംസ്ഥാനം ഉള്ളതെങ്കിലും, രാജ്യത്തിന്റെ ജനസംഖ്യയുടെ പതിനാറു ശതമാനത്തിൽ അധികം പേരും താമസിക്കുന്നത് ഇവിടെയാണ്. എൺപതു ശതമാനത്തിൽ അധികം ഉത്തർപ്രദേശുകാരും താമസിക്കുന്നത് തൊണ്ണൂറ്റി ഏഴായിരത്തിൽ പരം വരുന്ന അവിടത്തെ ഗ്രാമങ്ങളിലാണ്. എഴുപത്തൊന്നു ജില്ലകളിലെ, 311 തെഹ്‌സിലുകളിലും, 820 ബ്ലോക്കുകളിലുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഈ സംസ്ഥാനം, ഭരിക്കാനുള്ള സൗകര്യത്തിനു വെസ്റ്റ്, ഈസ്റ്റ്, സെൻട്രൽ യുപികൾ, ബുന്ദേൽ ഖണ്ഡ് എന്നിങ്ങനെ നാല് സാമ്പത്തിക മേഖലകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 23 കോടിയിൽ പരം ജനങ്ങളാണ് ഇവിടെ കഴിയുന്നത്. ഉത്തർ പ്രദേശ് ഒരു രാജ്യമായിരുന്നു എങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജനസഞ്ചയമായി ഇതിനെ കണക്കാക്കാൻ സാധിച്ചിരുന്നേനെ. വലിപ്പം കൊണ്ട് മുപ്പത്തഞ്ചിരട്ടി ഉള്ള ബ്രസീലിനേക്കാൾ അധികം പേർ യുപിയിൽ താമസമുണ്ട്. 

ഉത്തരദേശത്തിന്റെ പാരമ്പര്യം 

ചരിത്രാതീത കാലത്ത്, മഹാജനപദ കാലത്ത്, കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അയോദ്ധ്യ ഉത്തർപ്രദേശിനുളിൽ ആണ്. അവിടം ശ്രീരാമ ജന്മഭൂമി ആണെന്ന പേരിൽ നടന്നിട്ടുള്ള പുകിലുകൾക്ക് ഈയടുത്താണ് തത്കാലത്തേക്കെങ്കിലും ഒന്നടങ്ങിയിട്ടുള്ളത്. ശ്രീരാമ ജന്മഭൂമി മാത്രമല്ല, കൃഷ്ണന്റെ ജന്മ സ്ഥലം എന്ന് കരുതപ്പെടുന്ന മഥുരയും ഉത്തർപ്രദേശിനുള്ളിൽ തന്നെയാണുള്ളത്.  ഹിമാലയത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ താഴേക്കിറങ്ങിവന്നു പാർത്ത കാശി അഥവാ വാരാണസിയും ഉത്തർ പ്രദേശ് അതിർത്തിയിൽ തന്നെയാണുള്ളത്. മൗര്യ സാമ്രാജ്യം തൊട്ട് ഗുപ്ത സാമ്രാജ്യം വരെ പല രാജവംശങ്ങളും നിലനിന്നിരുന്നത് ഇതേ ഉത്തര വേഷത്തിലാണ്. പിന്നീട് മുഗളരുടെ അധിനിവേശമുണ്ടായപ്പോൾ, ഹിന്ദുസ്ഥാൻ എന്ന് വിളിക്കപ്പെട്ട അവരുടെ വിശാല സാമ്രാജ്യത്തിന്റെ കേന്ദ്രങ്ങൾ പലപ്പോഴും യുപിക്കുള്ളിൽ തന്നെ ആയിരുന്നു. ഉദാ. അക്ബർ ചക്രവർത്തിയുടെ ഫത്തേപ്പൂർ സിക്രി, ആഗ്ര എന്നീ തലസ്ഥാനങ്ങൾ ഇവിടെയായിരുന്നു. പിന്നീട് ബ്രിട്ടീഷ് കോളനി ഭരണം സ്ഥാപിതമായ ശേഷം, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങൾ തുടങ്ങുന്നത് യുപിയിലെ മീററ്റ് കന്റോണ്മെന്റിലെ മംഗൾ പാണ്ഡെ എന്ന സിപ്പോയിൽ നിന്നാണ്. യുപിയിലെ കർഷകർ എല്ലാക്കാലത്തും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളവരാണ്. അതിന്റെ ആദ്യത്തെ സ്പാർക്ക് ഉണ്ടാവുന്നത്, 1919 - 20 കാലത്ത് യുപിയിലെ പ്രതാപ്ഗഡ്, അവധ്  മേഖലകളിൽ നിന്നാണ്. ദ ഓൾ ഇന്ത്യ കിസാൻ സഭ, രൂപീകരിക്കപ്പെടുന്നത് 1936 -ലെ കോൺഗ്രസിന്റെ ലക്‌നൗ സെഷനിൽ വെച്ചാണ്. 1937 -ൽ ബ്രിട്ടീഷ് രാജിന്റെ കാലത്തു തന്നെയാണ് യുണൈറ്റഡ് പ്രൊവിൻസസ് എന്ന പേരിൽ ഇന്നത്തെ ഉത്തർ പ്രദേശ് അടങ്ങുന്ന പ്രദേശം ഒരു പ്രവിശ്യ എന്ന നിലയ്ക്ക് രൂപീകൃതമാവുന്നത്.

യുപി ഇലക്ഷൻ ചരിത്രം

അങ്ങനെ  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയപരമായി വളരെ ആക്റ്റീവ് ആയിരുന്നു യുപി. സ്വാതന്ത്ര്യാനന്തരം ഒരു സംസ്ഥാനമായി മാറുമ്പോൾ അതിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് ആയിരുന്നു. 1954 -ൽ പന്തിനെ കേന്ദ്ര മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയി അങ്ങോട്ട് പോയപ്പോൾ, ഡോ. സമ്പൂർണാനന്ദ് എന്ന സംസ്കൃത പണ്ഡിതൻ, സ്വാതന്ത്ര്യ സമര സേനാനി മുഖ്യമന്ത്രി പദത്തിലേറുന്നു. നാലു കൊല്ലം കഴിഞ്ഞപ്പോൾ, 1960 -ൽ, യുപി കോൺഗ്രസ് പാളയത്തിൽ പട നടക്കുന്നു, സമ്പൂർണ്ണാനന്ദിനെ ഗവര്ണറാക്കി രാജസ്ഥാനിലേക്ക് കെട്ടുകെട്ടിച്ച് ചന്ദ്രബാനു ഗുപ്ത മുഖ്യമന്ത്രിയാവുന്നു. ഗുപ്ത ഏതാണ്ട് മൂന്നു വർഷം തികച്ച ശേഷം, സുചേതാ കൃപലാനി ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആവുന്നു. 1967 -ൽ രണ്ടു മാസം നീണ്ടുനിന്ന പൊതുപണിമുടക്കിനെത്തുടർന്ന് കൃപലാനി മന്ത്രിസഭാ രാജിവെക്കുന്നു.  നാലാമതും തെരഞ്ഞെടുപ്പ് നടക്കുന്നു. ഭാരതീയ ക്രാന്തി ദളുണ്ടാക്കി ഒരു കൂട്ടം എംഎൽഎമാരുമായി കോൺഗ്രസ് വിട്ടുപോയ ചൗധരി ചരൺ സിംഗ് ഉത്തർപ്രദേശിന്റെ മുഖ്യന്ത്രി പദത്തിലേറുന്നു. സംസ്ഥാനത്തിന് ആദ്യമായി ഒരു കോൺഗ്രസിതര മുഖ്യനെ കിട്ടുന്നു. അറുപത്തേഴ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശനിദശ ആവേശിച്ച വർഷമാണ്. അക്കൊല്ലം തിരഞ്ഞെടുപ്പിനെ നേരിട്ട പതിനാറു സംസ്ഥാനങ്ങളിൽ ആറെണ്ണത്തിൽ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. എഴുപതുകളിൽ എച്ച് എൻ ബഹുഗുണ രണ്ടുവർഷത്തോളം മുഖ്യമന്ത്രി ആയി ഇരിക്കുന്നുണ്ട് എങ്കിലും, 1975 -ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അദ്ദേഹത്തിന് രാജിവെക്കേണ്ടി വരുന്നു. അടിയന്തരാവസ്ഥ എന്ന ഇരുണ്ടയുഗത്തിനു ശേഷം മുഖ്യമന്ത്രിയാവുന്നത് എൻ ഡി തിവാരി ആണ്. കോൺഗ്രസിന് കനത്ത തോൽവി അറിയേണ്ടി വന്ന ഒരു വർഷം കൂടിയായിരുന്നു 1977. 77 -ൽ തോറ്റു തുന്നം പാടിയ കോൺഗ്രസ് 1980 രാജ്യ വ്യാപകമായി തിരിച്ചു വരവ് നടത്തിയപ്പോൾ, അതിന്റെ അനുരണനങ്ങൾ യുപിയിലും ഉണ്ടായി. വമ്പിച്ച ഭൂരിപക്ഷത്തോടെ മിസ്റ്റർ ക്ളീൻ വിപി സിംഗ് മുഖ്യമന്ത്രിയാവുന്നു. രണ്ടുവർഷം ഭരിച്ച ശേഷം, ബെഹ്‌മായി കൂട്ടക്കൊലയുടെ പേരിൽ ഉണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ അദ്ദേഹവും രാജിവെച്ചൊഴിയുന്നു. പിന്നീട് വേണ്ടി തിവാരി ഒന്നിലധികം തവണ സിഎം ആകുന്നു. 1989 -ൽ അന്ന് ജനതാ ദള്ളിൽ ആയിരുന്ന മുലായം സിംഗ് മുഖ്യമന്ത്രിയാവുന്നു. ആ മന്ത്രിസഭയുടെ ആയുസ്സും ഒരേയൊരു വർഷമായിരുന്നു. 1991 -ൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുണ്ടായ റാം ജന്മ ഭൂമി മുന്നേറ്റം കൊണ്ടുണ്ടായ ജനപ്രീതി മുതലെടുത്ത് ചരിത്രത്തിൽ ആദ്യമായി യുപിയിൽ ബിജെപിക്ക് ഭരണം കിട്ടുന്നു. കല്യാൺ സിംഗ് മുഖ്യമന്ത്രിയാവുന്നു, ഒരുവർഷത്തോളംഭരിക്കുന്. പക്ഷെ 1992 ഡിസംബർ ആറാം തീയതി, നാട്ടിലെ ഹിന്ദു തീവ്രവാദികൾ ബാബരി മസ്ജിദ് തച്ചു തകർത്തപ്പോൾ അത് കയ്യും കെട്ടി നോക്കി നിന്നതിലൂടെ സ്വന്തം കുഴിമാടം തന്നെയാണ് ബിജെപി കുഴികുന്നത്.  പള്ളി പൊളിച്ചതിനെ തുടർന്ന് കേന്ദ്രം പുറത്താക്കും എന്ന അവസ്ഥ വന്നത്തോടെ കല്യാൺ സിംഗ് രാജിവെച്ചിറങ്ങുന്നു.  1993 -ൽ ഇടക്കാല തിരഞ്ഞെടുപ്പുണ്ടാവുന്നു. ബിഎസ്പി എസ്പി സഖ്യം കോൺഗ്രസിന്റെ പിന്തുണയോടെ ഗവണ്മെന്റ് ഉണ്ടാക്കുന്നു. സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് മുഖ്യമന്ത്രിയാവുന്നു.  1995 -ൽ മായാവതി ആദ്യമായി മുഖ്യമന്ത്രി ആവുന്നു. പിന്നെയും കല്യാൺ സിങ്ങിനും രാജ്‌നാഥ് സിംഗിനുമെല്ലാം മുഖ്യമന്ത്രിയായായിരിക്കാൻ അവസരം കിട്ടുന്നു.2002 -ൽ വീണ്ടും മായാവതി, മുലായം, മായാവതി എന്നിങ്ങനെ മാറിമാറി വരുന്നു. 2007 -ൽ നാലാമൂഴത്തിൽ വന്ന മായാവതി, 2012 -ൽ മുഖ്യമന്ത്രിയായ മുലയത്തിന്റ മകൻ അഖിലേഷ് യാദവ്, 2017 -ൽ യോഗി എന്നിങ്ങനെ മൂന്നു മുഖ്യമന്ത്രിമാർ അഞ്ചുവർഷം തികച്ചും മുഖ്യമന്ത്രി പദത്തിൽ ഏറുന്നുണ്ട് ഉത്തർപ്രദേശിൽ. ഉത്തർ പ്രദേശിന്റെ കൂടുതൽ വിശദമായ രാഷ്ട്രീയ ചരിത്രം, "സ്റ്റേറ്റ് പൊളിറ്റിക്സ് ഇൻ ഇന്ത്യ"(State Politics in India - Authors Himanshu Roy, ‎Mahendra Prasad Singh, ‎A. P. S. Chouhan ) എന്ന പുസ്തകത്തിൽ നമുക്ക് കാണാവുന്നതാണ്. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു