Latest Videos

പിണറായിയുടെ ലക്ഷ്യം പലത്, തൃക്കാക്കര ചവിട്ടുപടി, കോൺഗ്രസ് കാണാതെ പോകുന്ന ചിലത്

By P R PraveenaFirst Published May 19, 2022, 12:31 PM IST
Highlights

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് രാഷ്ട്രീയ മൽസരം എന്ന് പറയാനാകുക ? ഇവിടെ ഉമ തോമസും ഡോ.ജോ ജോസഫും തമ്മിലല്ല മൽസരം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള മൽസരമാണിവിടെ

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് രാഷ്ട്രീയ മത്സരം എന്ന് പറയാനാവുക ? ഇവിടെ ഉമ തോമസും ഡോ.ജോ ജോസഫും തമ്മിലല്ല മത്സരം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലാണ് ഇവിടെ മൽസരം!. മുഖ്യമന്ത്രിക്ക് ഒന്നും തെളിയിക്കാനില്ല. കാരണം അടിയുറച്ച കോൺഗ്രസ് മണ്ഡലമായ തൃക്കാക്കരയിൽ വലിയ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ യുഡിഎഫ് സ്ഥാനാർഥിയായ ഉമ തോമസിനാണ്  ജയസാധ്യത. മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ട് പാറ്റേൺ പോലും അത് പറയും. അതുകൊണ്ട് തന്നെ ഉമ ജയിച്ചാൽ അത് അപ്രതീക്ഷിതമോ, ആശ്ചര്യപ്പെടുത്തുന്നതോ ആകില്ല.  

പക്ഷേ ഒന്നുണ്ട്. പിടി തോമസ് നേടിയ 14329 എന്ന ഭൂരിപക്ഷം ഉമ തോമസ് മറികടന്നാൽ, അത് കേവലവിജയം എന്നതിനപ്പുറം കോൺ​ഗ്രസിന്റെ, യുഡിഎഫിന്റെ രാഷ്ട്രീയ വിജയം കൂടിയാകും. എന്നാൽ കോൺഗ്രസ്സിന്റെ പ്രമുഖ നേതാക്കൾ പലരും 'സൈലന്റ്' ആയി പണിയെടുക്കുമ്പോൾ ഭൂരിപക്ഷം കൂട്ടി അത്, വി ഡി സതീശന് കൊടുക്കുന്ന രാഷ്ട്രീയ വിജയം ആകും എന്നൊക്കെ കരുതാൻ ഉള്ള കരുത്തില്ല. അതെന്തായാലും വോട്ട് പാറ്റേൺ ഒന്ന് നോക്കി വന്നാൽ അതിങ്ങനെയാണ്...

2009 പോൾ ചെയ്ത 70 ശതമാനം വോട്ടിൽ, 51398 വോട്ടാണ് യുഡിഎഫ് നേടിയത്. 2011ൽ , 74ശതമാനം വോട്ട് പോൾ ചെയ്തപ്പോൾ 65854, 2014ൽ പോൾ ചെയ്ത വോട്ട് കുറഞ്ഞു. 66ശതമാനം, അപ്പോഴും യുഡിഎഫ് വോട്ട് 52210. 2016ൽ വീണ്ടും 74ശതമാനം, 61451 വോട്ട് യുഡിഎഫിന്. 2019ൽ 76 ശതമാനം, യുഡിഎഫ് വോട്ട് 73216 . 2021-ൽ 75 ശതമാനം, യുഡിഎഫ് വോട്ട് 59839 . 75ശതമാനം വോട്ട് കിട്ടിയ നിയമസഭ തെരഞ്ഞെടുപ്പിൽ 14000 ന് മുകളിൽ ഭൂരിപക്ഷം പി ടി തോമസിന് നേടാനായെങ്കിൽ ഇത്തവണ 75 ശതമാനത്തിന് മുകളിൽ അതിൽ ഒരു ശതമാനമെങ്കിലും വോട്ട് കൂട്ടാനായാൽ ഭൂരിപക്ഷം 15000 കടക്കും. 

അതായത്. കോൺ​ഗ്രസിന് ജയം അകലെയല്ലെന്ന് കണക്കുകൾ പറയും. എന്നിട്ടും  വലിയ ഓളം സൃഷ്ടിച്ച് ഉപതെരഞ്ഞെടുപ്പിനെ സംസ്ഥാന ഭരണത്തിന്റെ തന്നെ അളവുകോലാക്കി മാറ്റാൻ സിപിഎം ശ്രമിക്കുന്നത് എന്തിനാകും. കെ റെയിൽ എന്ന ഫ്ലാഗ് ഷിപ് പദ്ധതി വരുമെന്ന് ആവർത്തിക്കുമ്പോഴും മുറിപ്പെടുത്താതെ അത് പറഞ്ഞുപോയ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുസമ്മേളനം എന്തായിരിക്കും ലാക്കാക്കിയത്? എണ്ണിച്ചുട്ടയപ്പം എന്നൊക്കെ പറയുന്ന പോലെ കൃത്യതയുള്ള മൂശയിലാണ് പിണറായി വിജയൻ കണക്കുകൾ ഉരുക്കിയെടുക്കുന്നത്.

 അപ്പോൾ പിന്നെ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി ഇടത് പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് എന്തിനാകും ? വലതിന് സംശയലേശമന്യേ ജയിച്ചു കയറാൻ പറ്റുന്നിടത്ത്, സ്വച്ചിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കേഡർ പാർട്ടിയായ സി പി എമ്മിന് കൃത്യമായി കാര്യങ്ങൾ, ഒരു പക്ഷേ വോട്ടെണ്ണം വരെ കണക്കുകൂട്ടാൻ പറ്റുന്നിടത്ത് പിണറായി വിജയനെ പോലെ ഒരു നേതാവ് തമ്പടിച്ച് പ്രചരണ ചുമതല വഹിക്കുന്നത് എന്തിനാകും??? അവിടെയാണ് കോൺ​ഗ്രസ് നേതാക്കളും യു ഡി എഫ് നേതാക്കളും കാണാതെ പോകുന്നതോ അതോ ഇതൊക്കെ ഇങ്ങനെ മതിയെന്ന് കരുതുന്നതോ ആയ സംഭവങ്ങൾ ഉള്ളത്. 

വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ് മുഖ്യം. ഏതാണ്ട് എല്ലാക്കാലവും യുഡിഎഫിനെ ഏറിയും കുറഞ്ഞും ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിരുന്ന സഭ വോട്ടുകളുണ്ട്. ആ വോട്ടുകളിലാണ് പിണറായി വിജയന്റെ കണ്ണ്. അതിപ്പോൾ ഒപ്പം നിന്ന് കൂട്ടാനായാൽ എറണാകുളം, ഇടുക്കി, ചാലക്കുടി, തൃശൂർ, കോട്ടയം അടക്കം പാർലമെന്റ് മണ്ഡലങ്ങൾ വലിയ പ്രയാസമില്ലാതെ ഇടത്തോട്ടങ്ങ് ചാരും. അത് നന്നായി അറിയാം പിണറായി വിജയന്. അതുകൊണ്ട് കേവലം ഒരു ഉപതെരഞ്ഞെടുപ്പ് അല്ല ലക്ഷ്യമെന്ന് വ്യക്തം. ഇവിടെ അത് നടപ്പാക്കാനായാൽ, പിന്നെ എല്ലാം എളുപ്പമാണെന്ന് പിണറായി എന്ന മുഖ്യമന്ത്രിക്ക് അല്ല അതിലുമുപരി സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ നേരിട്ട് നയിക്കുന്ന പിണറായി വിജയന് അറിയാം. നന്നായി അറിയാം. 

മാത്രവുമല്ല , പിണറായിക്ക് ശേഷം ആരെന്ന ചോദ്യത്തിന് പലരും പറയുന്ന, അതിനപ്പുറം പ്രചരിപ്പിക്കുന്ന ഒന്നുണ്ട്.  മുസ്ലിം സമുദായത്തിലെ ചിലർക്ക് നൽകുന്ന പ്രാധാന്യം ഉൾപ്പെടെ. അതായത് മുസ്ലിം വോട്ട് ബാങ്ക് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി. മുസ്സിം സമുദായത്തിനിപ്പോൾ ഇടത് ഭയമില്ല. മാത്രവുമല്ല ഇടതിനൊപ്പം പോകുന്നുമുണ്ട്. പക്ഷേ , അവിടെ അറിയപ്പെടാതെ പോകുന്ന ഒന്നുണ്ട്. അറിയാതെ ആണോ അതോ അറിഞ്ഞുകൊണ്ടാണോ ഒരു മുസ്ലിം വിരുദ്ധ വികാരം എവിടെയൊക്കെയോ ക്രൈസ്തവ സമുദായത്തിൽ ഏറിയും കുറഞ്ഞുമൊക്കെ കാണാനാകും.

പിസി ജോർജ് ഉൾപ്പെടെയുള്ളവരുടെ വാക്കുകളൊക്കെ ഒന്നോർത്തു നോക്കിയാൽ അതൊന്നും അറിയാതെ കൈവിട്ടു പോയതല്ലെന്നും വ്യക്തമാകും (ക്രിസ്ത്യാനികളുടെ അട്ടിപ്പേറവകാശം , അല്ലെങ്കിൽ പി സി ജോർജ് പറയുന്നതാണ് ക്രൈസ്തവ സമുദായത്തിന്റെ അവസാന വാക്ക് എന്നല്ല). അപ്പോൾ ക്രൈസ്തവ വോട്ടുകൾ എങ്ങോട്ടുപോകുമെന്ന് ഒരു വ്യക്തതയുമില്ല. അതായത് മുസ്ലീം വോട്ടുകൾ എൽ ഡി എഫിൽ കേന്ദ്രീകരിക്കുകയും ക്രൈസ്തവ വോട്ടുകൾ ചിതറിപ്പോകുകയും ചെയ്താൽ അവിടെ നേട്ടം കൊയ്യുക ഇടതാണ്. അതായത് , പിണറായി വിജയന്റെ ലക്ഷ്യം തൃക്കാക്കര ഉപതെരഞ്ഞെടുപ്പോ ഡോ.ജോ ജോസഫോ അല്ലെന്ന് വ്യക്തം. 

ഇത് തിരിച്ചറിയാതെ പോയാൽ കയ്യിലിരിക്കുന്ന സീറ്റുകൾ മാത്രമല്ല കേരളത്തിൽ പ്രതിപക്ഷമാകാൻ പോലും കോൺഗ്രസുകാർക്ക് ആകില്ല. നാലാം ബദൽ എന്നൊക്ക പറഞ്ഞ് ജനക്ഷേമ പാർട്ടിയെ അങ്ങ് തള്ളി കളയണ്ട. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വലിയ പരാജയമുണ്ടായാൽ കോൺ​ഗ്രസിലെ പല നേതാക്കളും അടുത്തതെന്ത് എന്നന്വേഷിക്കും. അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് വിരോധികളായ കോൺ​ഗ്രസുകാർ എന്തായാലും ഉടനടി ചെന്ന് സിപിഎം അണിയാകുമെന്ന് കരുതാൻ വയ്യ. അവർക്ക് പിന്നീടുള്ള മാർഗം ബിജെപിയോ അല്ലെങ്കിൽ ആപോ ആണ്. ആപ്പിൽ മുറുക്കാം എന്നു കരുതിയാൽ നാലാം മുന്നണിയിൽ എത്തുന്ന പ്രമുഖ കോൺ​ഗ്രസുകാരെ മലയാളികൾ കാണേണ്ടിവരും. 

യൂത്തന്മാർ മുതൽ തലതൊട്ടപ്പന്മാർ വരെ എത്തുമെന്ന അവരുടെ കണക്കുകൂട്ടലും വെറുതേയാകില്ല. അതുകൊണ്ട് തന്നെ ഈ നീക്കം തിരിച്ചറിയാതെ പോയാൽ വൻ നഷ്ടം കോൺ​ഗ്രസിന് മാത്രമാകും. കക്ഷത്തിലുള്ളത് പോകും ഉത്തരത്തിലുള്ളത് കിട്ടുകയുമില്ല. ഇടത്പക്ഷം ആളും സീറ്റും കൂട്ടാൻ നോക്കുമ്പോൾ കോൺ​ഗ്രസിൽ ചിലർ കുതികാൽ വെട്ടാനും പട്ടിക വെട്ടാനും ഓടി നടക്കുകയാണിപ്പോഴും. കാലിനടിയിലെ മണ്ണ് ചോരുന്നതുപോലും ഇവർക്ക് കാര്യമല്ലെന്ന് തോന്നും.

 ദേശീയതലത്തിൽ പോലും പകരമാകാൻ സാധിക്കാതെ വീ ഷാൾ ഓവർ കം എന്നു പറഞ്ഞതുകൊണ്ട് മാത്രം പാർട്ടി വളരില്ല. പാർട്ടിയുടെ കുറവ് എന്തെന്നറിഞ്ഞ്, അത് തിരുത്തി , അണികളെ ഒപ്പം നിർത്തി പൊരുതാനിറങ്ങിയാൽ കുറേശ്ശേ കളം പിടിക്കാം. അതിനുമെടുക്കും സമയമെന്നതിൽ തർക്കമില്ല. നയിക്കാൻ ആളില്ലാത്ത പാർട്ടി എന്ന പേരുദോഷം കേൾക്കുമ്പോൾ തന്നെ നേതാവാകാൻ ഓടി നടക്കുന്നവരെ കൊണ്ട് പൊറുതി മുട്ടിയ പാർട്ടി കൂടിയാണ് ദേശീയ തലത്തിൽ കോൺ​ഗ്രസ്. ബദലാകാൻ സമയമെടുക്കും. അതിനുമുമ്പ് സ്വയം ശക്തിപ്പെട്ടില്ലെങ്കിൽ ചരിത്രമാകാൻ അധികസമയം വേണ്ടി വരില്ല...

click me!