
ആരാകും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി? ഒരു വർഷം മുമ്പ് വരെ അപ്രസക്തമായിരുന്ന ചോദ്യം. മങ്ങാത്ത മോദി പ്രഭാവത്തിൽ ബിജെപി തനിച്ച് 272 കടക്കും എന്ന പ്രതീക്ഷയിൽ നിന്ന്, എൻഡിഎ കേവലഭൂരിപക്ഷം നേടുമോ എന്ന ആശങ്കയിലേക്ക് ദേശീയ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. സാധ്യതകളുടെ പുതിയ ചിത്രങ്ങൾ ദേശീയ രാഷ്ട്രീയ ചുവരുകളിൽ നിറയുകയാണ്.
വേണ്ടത് 'മജ്ബൂർ' സർക്കാരോ, 'മജ്ബൂത്ത്' സർക്കാരോ? വാരാണസിയിൽ പ്രവാസി സമ്മേളനത്തിൽ മോദി ചോദിച്ചത് ഇതാണ്. ദുർബല സഖ്യങ്ങളുടെ നിസ്സഹായ ഭരണമാണോ, ശക്തമായ നേതൃത്വത്തിന്‍റെ കരുത്തുറ്റ ഭരണമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? വീണ്ടും മോദി വരുമോ? 2019ലെ ജനവിധി, തുടർഭരണത്തിനുള്ള രാജ്യത്തിന്‍റെ കയ്യൊപ്പാകുമോ?
'കോൻ ബനേഗാ പിഎം?' എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയ്ക്ക് മുന്നോടിയായിട്ടായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ഈ ചോദ്യവുമായി ഒരു പോൾ നടത്തിയത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു പോൾ.
വൈകിട്ട് ആറ് മണി വരെ ആകെ പോൾ രേഖപ്പെടുത്തിയത് 51,300 പേർ. 44% പേർ മോദി പ്രധാനമന്ത്രിയാകും എന്ന് വോട്ട് ചെയ്തു. 56% പേർ മറിച്ചും.