മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - എന്‍സിപി സഖ്യം, ഗുജറാത്തും ബിഹാറും എന്‍ഡിഎ തൂത്തുവാരും; സര്‍വ്വേ ഫലം

By Web TeamFirst Published Jan 24, 2019, 7:09 PM IST
Highlights

മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻ സി പി സഖ്യം, ഗുജറാത്തും ബിഹാറും എന്‍ഡിഎ തൂത്തുവാരും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍വ്വേ ഫലം പുറത്തുവിട്ട് സീ വോട്ടേഴ്സ്. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍വ്വേ ഫലം പുറത്തുവിട്ട് എ ബി പി സീ വോട്ടേര്‍സ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഗോവ, ബീഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 

മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻ സി പി സഖ്യം 28 സീറ്റ് നേടുമെന്നും ബിജെപി 20 സീറ്റിലൊതുങ്ങുമെന്നുമാണ് ഫലം വ്യക്തമാക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 23 സീറ്റായിരുന്നു  എന്‍ ഡി എ നേടിയത്. അന്ന്  എന്‍ സി പി - യു പി  എ സഖ്യം സ്വന്തമാക്കിയത് വെറും നാല് സീറ്റായിരുന്നു. 

ഗുജറാത്തും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്നും സര്‍വ്വേ ഫലം പറയുന്നു. ഗുജറാത്തില്‍ ബിജെപി 24 സീറ്റ് നേടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന കോണ്‍ഗ്രസിന് 2 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. 2014 ല്‍ എന്‍ ഡി എ  26 സീറ്റും തൂത്തുവാരിയിരുന്നു. 

ബിഹാറില്‍ എന്‍ ഡി എയ്ക്ക് 35 സീറ്റ്  ലഭിക്കുമെന്നും യുപിഎയ്ക്ക് ലഭിക്കുക 5 സീറ്റ് മാത്രമായിരിക്കുമെന്നുമാണ് പ്രവചനം. 2014 ല്‍ 22 സീറ്റില്‍ വിജയിച്ചിടത്താണ് ആകെയുള്ള സീറ്റില്‍ 35 ഉം  എന്‍ ഡി എ സ്വന്തമാക്കുമെന്ന സര്‍വ്വേ ഫലം പുറത്തുവരുന്നത്. ആര്‍ ജെ ഡി - യുപിഎ സഖ്യം നാല് സീറ്റായിരുന്നു 2014 ല്‍ നേടിയത്. 

അതേസമയം ആകെ രണ്ട് സീറ്റുകളുള്ള ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റ് നേടും എന്നും സീ വോട്ടേഴ്സിന്‍റെ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 2014 ല്‍ ഗോവയില്‍ രണ്ട് സീറ്റും സ്വന്തമാക്കിയത് ബിജെപി ആയിരുന്നു. 
 

click me!