
പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കൂടുതലുള്ള കണ്ണൂർ ജില്ലയിൽ കൂടുതൽ സുരക്ഷാസേനയുടെ സേവനം ജില്ലാ ഭരണകൂടം ഉറപ്പാക്കി. 20 കമ്പനി കേന്ദ്രസേനയുടേയും പൊലീസിന്റേയും സേവനമാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ ജില്ലയിൽ ഉറപ്പാക്കിയിട്ടുള്ളത്.
പ്രശ്നബാധിത ബൂത്തുകളുടെ കാര്യത്തിൽ എന്നും മുമ്പന്തിയിലുള്ള കണ്ണൂർ ജില്ലയിൽ ജില്ലാ ഭരണകൂടം നേരത്തെ തന്നെ കേന്ദ്രസേനയുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. 490 അതീവ പ്രശ്നബാധിത ബൂത്തുകളാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പത്ത് കമ്പനി കേന്ദ്രസേനയാണ് വന്നതെങ്കിൽ ഇത്തവണ 20 കമ്പനി കേന്ദ്രസേന കണ്ണൂരിലെ തെരഞ്ഞെടുപ്പിന് സുരക്ഷ നൽകും. കൂടാതെ സംസ്ഥാന പൊലീസിന്റെ സേവനവും ലഭ്യമാക്കും.
കള്ളവോട്ട് ബൂത്ത് കയ്യേറ്റം എന്നിവ ഒഴിവാക്കാനായി 600 കേന്ദ്രങ്ങളിൽ തത്സമയ വെബ്കാസ്റ്റിംഗ് സൗകര്യവും മൈക്രോ ഒബ്സർവർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്താദ്യമായി വികലാംഗ സൗഹാർദ്ദ പോളിംഗ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നതും കണ്ണൂരാണ്.