
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം രാഷ്‍ട്രീയ വിഷയമാകുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പെരുമ്പാവൂരിലെത്തി ജിഷയുടെ അമ്മയെ കണ്ടു. വി എസ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയപ്പോള്‍ കൊലയാളിയെ നിയമത്തിന് മുൻപിൽ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ ആഭ്യന്തരമന്ത്രിക്കെതിരെ ഇടതു യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് വിഷയം പ്രതിപക്ഷം രാഷ്‍ട്രീയവല്‍ക്കരിക്കുന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. വി എസ്സും ഉമ്മന്‍ചാണ്ടിയും പെരുമ്പാവൂരിലെത്തിയതോടെ ജിഷയുടെ കൊലപാതകത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പോര് കനത്തു.കഴിവുകെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്നതിനിലാണ് കൊലാപതകമുണ്ടായതെന്ന് വി എസ് വിമര്‍ശിച്ചു. ഇപ്പോഴത്തെ അന്വേഷണത്തിന് വിശ്വാസ്യത പോരെന്ന പ്രതിപക്ഷ നിലപാടിന് അന്വേഷണം ഫലപ്രദമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ജിഷയുടെ കുടുംബത്തിന് സഹായവും മുഖ്യമന്ത്രി പ്രഖ്യാപിപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ജിഷയുടെ കൊലപാതികയെ വേഗം കണ്ടെത്തേണ്ടത് ഭരണമുന്നണിക്ക് അനിവാര്യതയാണ്. ഭരണ പ്രതിപക്ഷ മുന്നണിയും എന്‍ഡിഎയും തെരുവിലിറങ്ങിയതോടെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതു കൊണ്ടുമാത്രം പ്രശ്‍നം കെട്ടടങ്ങാനിടയില്ല. തുടക്കത്തിലേ പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്ന ആരോപണമാണ് എതിരാളികൾ ഉന്നയിക്കുന്നത്.