
പരമ്പരാഗതമായി പിന്തുണയ്ക്കുന്നതും രാഷ്ട്രീയമായി ആഭിമുഖ്യമുള്ളതുമായ ഈഴവ വോട്ടുകളില്‍ ഒന്നു പോലും ചോരാതിരിക്കുകയെന്നതിലാണ് ഇടതിന്റെ ശ്രദ്ധ. നാടാര്‍ വോട്ടുകളില്‍ മുന്‍ തെരഞ്ഞെടുപ്പുകളിലേതു പോലെ മേല്‍ക്കൈ നേടാനുകുമെന്നും മുന്നണി ഉറച്ചു വിശ്വസിക്കുന്നു. നിലവിലെ എം എല്‍ എ ജമീല പ്രകാശത്തിലൂടെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇടതു പക്ഷം പ്രതീക്ഷിക്കുന്നില്ല. സാമുദായിക സമവാക്യങ്ങളിലൂന്നിയുളള അടവുകളിലേയ്ക്കാണ് മല്‍സരം കേന്ദ്രീകരിക്കുന്നത്. ഇടതിന്റെ പെട്ടിയിലെ ഈഴവ വോട്ടുകള്‍ ബി.ഡി.ജെ.എസിലേയ്ക്ക് മാറിയാല്‍ അതുവഴി സാധ്യതകള്‍ തുറക്കുമെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ്. ലത്തീന്‍ വോട്ടുകളുടെ കേന്ദ്രീകരണവും പരമ്പരാഗത യു.ഡി.എഫ് വോട്ടുകളും കൂടി ചേരുമ്പോള്‍ ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് വലതുക്യാമ്പ്. എം വിന്‍സന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനപിന്തുണ നേടുമ്പോള്‍ വിജയം സുനിശ്ചിതമെന്നും വിശ്വസിക്കുന്നു. വിഴിഞ്ഞം തുറമുഖമടക്കമുള്ള വികസന വിഷയങ്ങളും കോവളത്ത് ചൂടേറിയ ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നു.
ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി എസ്.എന്‍.ഡി.പി നേതാവ് ടി എന്‍ സുരേഷ് കളത്തിലിറങ്ങിയതോടെ സാമുദായിക കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച അണിയറയില്‍ സജീവമായി. നിലനിര്‍ത്താന്‍ ഇടതും അട്ടിമറിക്ക് യു.ഡി.എഫും അത്ഭുതം സൃഷ്ടിക്കാന്‍ ബി.ഡി.ജെ.എസും അടവുകളെല്ലാം പുറത്തെടുക്കുമ്പോള്‍ അടിയൊഴുക്കും തടയും ആകും കോവളത്തെ താരം.