
മലപ്പുറം: ജില്ലയിലെ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് പരിശീലനം മുന്നറിയിപ്പില്ലാതെ മാറ്റിയതായി പരാതി. വിദൂര ജില്ലകളില്‍ നിന്നടക്കമുള്ള ഓഫീസര്‍മാരാണ് പരിശീലനം മാറ്റിയതറിയാതെ എത്തിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് രണ്ട് ഘട്ടമായി പരിശീലനം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്താനും, പുതിയ നിര്‍ദ്ദേശങ്ങള്‍ കൈമാറാനുമായി ജില്ലയിലെ വിവിധ മേഖലകളിലായിരുന്നു പരിശീലന പരിപാടി നിശ്ചയിച്ചിരുന്നത്. ജില്ലാ കളക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശീലന കേന്ദ്രങ്ങളില്‍ എത്തിയത്.
ഇവര്‍ സ്ഥലത്ത് എത്തിയപ്പോള്‍ പരിശീലന കേന്ദ്രങ്ങള്‍ ശൂന്യമായിരുന്നു. കൊല്ലം ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം പരിശീലനം മാറ്റിയതറിയാതെ എത്തിയിരുന്നു. എന്നാല്‍ ഇലക്ട്രോണിക്സ് വോട്ടിങ്ങ് യന്ത്രങ്ങള്‍ തയ്യാറാകാത്തതിനാലാണ് പരിശീലനം മാറ്റിയതെന്നും ഇക്കാര്യം പത്രങ്ങളിലൂടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.