ഗൗരിയമ്മ ഇടതുമുന്നണിയ്‌ക്കൊപ്പം: ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

By Web DeskFirst Published Apr 20, 2016, 1:10 AM IST
Highlights

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനം ഗൗരിയമ്മ പിന്‍വലിച്ചു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീടിനുമുന്നിലെ മതിലില്‍  തോമസ് ഐസക്കിനൊപ്പം ഗൗരിയമ്മയുടെ പടവും ചേര്‍ത്തുള്ള ഫ്‌ളക്സുകള്‍ പതിച്ചു.

എകെജി സെന്‍ററില്‍ വിളിച്ച് വരുത്തി മല്‍സരിക്കാന്‍ സീറ്റ് കൊടുക്കാത്തതില്‍ ഗൗരിയമ്മ കടുത്ത പ്രതിഷേധത്തിലായിരുന്നു. ഇത് സിപിഐ(എം) സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ജെഎസ്എസ് യോഗം വിളിച്ച് ചേര്‍ത്ത് ആറു മണ്ഡലത്തില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു ഗൗരിയമ്മയുടെ തീരുമാനം. 

അതിനിടെ ബിജെപി നേതൃത്വം സ്വാഗതം ചെയ്തപ്പോള്‍ ബിജെപിയുടെ ക്ഷണം തള്ളാനും ഗൗരിയമ്മ തയ്യാറായില്ല. വീണ്ടും പാര്‍ട്ടി സെന്‍റര്‍ യോഗം ചേര്‍ന്നു. നിലപാട് മയപ്പെടുത്തി. അതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എംഎ ബേബി, കേന്ദ്രകമ്മിറ്റിയംഗവും ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ടിഎം തോമസ് ഐസക്ക് എന്നിവര്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. 

തനിച്ച് മല്‍സരിക്കുകയെന്ന കടുത്ത തീരുമാനം എടുക്കരുതെന്നും ഇടതുമുന്നണിയിലെ കക്ഷികള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും ഗൗരിയമ്മയ്ക്കും ജെഎസ്എസ്സിനും നല്‍കാമെന്നും സിപിഐഎം നേതൃത്വം ഗൗരിയമ്മയ്ക്ക് ഉറപ്പ് നല്‍കി. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിക്ക് പിന്തുണകൊടുക്കാനുള്ള ഗൗരിയമ്മയുടെ തീരുമാനം. 
ഇടതു കണ്‍വെന്‍ഷനുകളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമാകണമെന്ന് അണികള്‍ക്ക് ഗൗരിയമ്മ നിര്‍ദ്ദേശവും കൊടുത്തു. 

അതിനിടെയാണ് ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിനുമുന്നിലെ ചുവരും ഇടതുമുന്നണിയ്ക്കായി നീക്കി വെച്ചത്. ഐസക്കിനൊപ്പം ഗൗരിയമ്മയുടെ വലിയ ചിത്രവും ഫ്‌ളക്‌സിലുണ്ട്. വിഎസ്സും പിണറായിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ഗൗരിയമ്മയുടെ മതിലില്‍ പതിച്ച ഫ്‌ളക്സുകളുണ്ട്.

click me!